17.1 C
New York
Wednesday, November 30, 2022
Home Books ■■കൈയൊപ്പ് പതിച്ചവർ ■■ വിവികെ . വാലത്ത് മാഷിന്റെ ഇളയ പുത്രൻ സോക്രട്ടീസ് കെ വാലത്ത്...

■■കൈയൊപ്പ് പതിച്ചവർ ■■ വിവികെ . വാലത്ത് മാഷിന്റെ ഇളയ പുത്രൻ സോക്രട്ടീസ് കെ വാലത്ത് .

Bootstrap Example

വളളൂവനാടൻകുറിപ്പ് By: ജോയി ഏബ്രഹാം

സോക്രട്ടീസ് കെ വാലത്ത് (ചുക്കു, സോക്കു -വിളിപ്പേര് ), അന്തരിച്ച വിവികെ വാലത്തിന്റേയും കൃഷോദരിയുടേയും മകനായി ജനിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ടിവി ജേര്‍ണലിസ്റ്റ്, പരസ്യചിത്ര നിര്‍മ്മാതാവ്, ഡോക്യുമെന്ററി സംവിധായകന്‍, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സോക്രട്ടീസിന് ആയി. ഒട്ടുമിക്ക പ്രമുഖ വാരികകളിലും മാഗസിനുകളിലും സോക്രട്ടീസ് ചെറുകഥകള്‍ എഴുതുന്നുണ്ട്. ഒരു നോവലും , ആറ് കഥാസമാഹാരങ്ങളും , മലയാള സാഹിത്യത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുമായുള്ള അഭിമുഖം പുസ്തകമായി സോക്രട്ടീസ് രചിച്ചിട്ടുണ്ട്.”ക്രൈം ഫയല്‍” (സൂര്യ ടിവി, ജീവന്‍ ടിവി), “വിപണി” (ദൂരദര്‍ശന്‍), “ബിസിനസ് വാച്ച്” (ഏഷ്യാനെറ്റ്), “ഹരിത കേരളം” (ജീവന്‍ ടിവി) തുടങ്ങിയ പരിപാടികള്‍ നിര്‍മ്മിച്ചു. ഏഷ്യാനെറ്റിലെ “ആദാമിന്റെ സന്തതികള്‍” എന്ന ടിവി സീരിയലിന്റെ തിരക്കഥയും രചിച്ചു. പഴയകാല ഫയല്‍വാന്‍ ആയിരുന്ന ശ്രീ എം പി അനില്‍കുമാറിനെ കുറിച്ച് “ആന്റ് ദ ഫൈറ്റ് ഗോസ് ഓണ്‍ …” എന്ന 30 മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു.1993 മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് , “ആന്‍ഡ്‌ ദി ഫയിറ്റ് ഗോസ് ഓണ്‍ ” കരസ്ഥമാക്കി . ഹാരപ്പന്‍ കാലഘട്ടം മുതല്‍ ആധുനിക കാലഘട്ടം വരെ ഇന്ത്യ നടത്തിയിട്ടുള്ള ശാസ്‌ത്രമുന്നേറ്റത്തെ ആസ്പദമാക്കി നിര്‍മ്മിച്ച “ഹാരപ്പ ടു പൊഖ്‌റാന്‍” എന്ന 30 മിനുട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം 2003 ല്‍ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച കുട്ടികള്‍ക്കുള്ള ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടു. എംഎസ്ഇ കാലിതീറ്റയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രം 1998 ലെ ആഡ്-ക്ലബ് അവാര്‍ഡിനും അര്‍ഹമായി. ഇപ്പോൾ മനോരമ വിഷൻ പ്രൈം ടൈമിൽ പ്രക്ഷേപണം ചെയ്യുന്ന “എന്റെ കുട്ടികളുടെ അച്ഛൻ “ എന്ന സീരിയലിന്റെ കഥ തിരക്കഥ സോക്കുവിന്റേതാണ് .

സോക്കുവിന്‍റെ രചനാശൈലി ഫിക്ഷനുമായി അത്യഗാധമായി ഇഴപിരിഞ്ഞുകിടക്കുന്നു . വായനക്കാരന്‍റെ എകാന്തതെയും , ഓര്‍മ്മകളെയും ഗാഡമായി അഭിസംബോധനചെയ്യുന്ന രചനകള്‍ . ഒരര്‍ത്ഥത്തില്‍ , മനുഷ്യന്‍
ഏകാന്തതയെയൂം , ഓര്‍മ്മകളെയും സ്വരൂപിച്ചു സര്‍ഗാത്മകമാക്കുന്ന പ്രവൃത്തിയാണ്‌ കഥയെഴുത്ത്‌ . “ആനന്ദലഹരി” എന്ന നോവല്‍
ഗ്രീന്‍ബുക്ക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .ഒരു സ്ത്രീയും പറയാത്തത് , അല്ലെങ്കില്‍ പറയണം എന്നാഗ്രഹിച്ചത്. സ്ത്രീയിലൊരു തീയുണ്ട്‌ , കത്തിക്കാന്‍ പാടുപെടേണ്ടതും , കത്തിയാല്‍ കെടുത്താന്‍ ഏറെ പണിപ്പെടേണ്ടതുമായ
ഒരഗ്നി” എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെഎഴുത്തിനുള്ള സാദ്ധ്യതകള്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നതാണ് സ്ത്രീയും അവളുടെ ജീവിതവും”.പത്തൊന്‍പതാം വയസ്സില്‍ വിധവയായി 42 വയസ്സില്‍ എത്തിനില്‍ക്കുന്ന ജയലക്ഷ്മിയുടെ കഥയാണ്‌ , ജീവിതമാണ് ആനന്ദലഹരി എന്ന നോവല്‍.. അതിമനോഹരമായ
ശൈലിയിലൂടെ സോക്കു വായനക്കാരനെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഇരുപത്തിമൂന്ന് ഡയറികള്‍ , ജയലക്ഷ്മിയുടെ
ജീവിതത്തിന്‍റെ ഇരുപത്തിമൂന്ന് പരിച്ഛേദങ്ങള്‍. അതില്‍ അവളുടെ ജീവിതം മാറ്റിമറിച്ച ഒരു പഴയ രാത്രിയുണ്ട് . അവള്‍ അതിലേക്കു
മടങ്ങാന്‍ പോവുകയാണ് . അലമാരിയുടെ അടിത്തട്ടില്‍ ഭദ്രമായി വച്ചിരുന്ന ഡയറിയുടെ കെട്ട് അവള്‍ എടുത്തുകഴിഞ്ഞു. കിടക്കയില്‍വച്ച്
അഴിക്കുന്നു.സോക്രട്ടീസ് കെ വാലത്തിന്റെ ‘ആനന്ദലഹരി’ എന്ന നോവലിൽ മനുഷ്യജീവിതത്തിന്റെ സംഘർഷങ്ങളെയും സ്വാതന്ത്ര്യത്തെയും സാധ്യതകളെയും അടയാളപ്പെടുത്തുന്നുവെന്നതാണ്. കേരളത്തിൽ നടന്ന ചുംബന സമരത്തിന്റെ പശ്ചാത്തലത്തിലേക്ക് എത്തപ്പെടുന്ന സന്ദർഭത്തിലാണ് ആഖ്യാനം അവസാനിക്കുന്നത്. ചുംബന സമരത്തിന്റെ രാഷ്ട്രീയ യുക്തിക്കുള്ളിൽ നിന്നുകൊണ്ടു വേണം നമ്മൾ ഈ നോവലിനെ വായിക്കുവാൻ. കാരണം അത് നമ്മുടെ ആണത്ത സദാചാര ലൈംഗിക പരമ്പരാഗത കുടുബ സങ്കല്പത്തിനുള്ളിലെ ജനാധിപത്യവിരുദ്ധതകളെ തുറന്നു കാട്ടി എന്നതാണ് . ഇത്തരമൊരു രാഷ്ട്രീയ ബോധ്യമുള്ളപ്പോഴാണ് നോവൽ അകപ്പെടുന്ന പ്രതിസന്ധികളെ തിരിച്ചറിയുവാനും മറികടക്കുവാനുള്ള സാംസ്കാരിക അവബോധത്തിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയൂ.ഒരു മധ്യവർഗ നായർകുടുംബ ജീവിതത്തെ ആഖ്യാനം ചെയ്യുന്നതിലൂടെ വികസിക്കുന്ന നോവൽ സമൂഹം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെ ആവിഷ്കരിച്ചിരിക്കുന്നു. നോവലിന്റെ പ്രധാന സ്ഥലം മധ്യവർഗ നായർ കുടുംബമാണ് അല്ലെങ്കിൽ മധ്യവർഗ ഭാവനകളാണ്. മലയാള മധ്യവർഗ കുടുംബങ്ങൾ, വ്യക്തികൾ പലനിലകളിൽ ജീവിതത്തെ അനുഭവിക്കുന്നവരാണ്. ആഖ്യാനവും അത്തരമൊരു പരിസരത്തിലാണ് വ്യവഹരിക്കുന്നത്.നോവൽ ഒരേസമയം ആധുനികവും അതേസമയം ചരിത്രപരമായി മനുഷ്യൻ പിൻന്തുടരുന്ന ധാരണകളെ , ലൈംഗിക സങ്കല്പങ്ങളെ സ്ത്രീയുടെയും പുരുഷന്റെയും പക്ഷത്തുനിന്ന് പുന:പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തുന്നുണ്ട്. നമ്മുടെ പാരമ്പര്യമായ കുടുംബ സങ്കല്പങ്ങളെ, മൂല്യങ്ങളെ, കുടുംബബന്ധങ്ങളിൽ ഉണ്ടായി വരേണ്ട ജനാധിപത്യപ്രക്രിയയെ, സ്ത്രീയോടുള്ള സമീപന യുക്തികളെ, ഒക്കെ നമ്മൾ മാറ്റി ചിന്തിക്കേണ്ടതുണ്ടെന്നു ബോധ്യപ്പെടുത്തുവാൻ നോവലിന് സാധിക്കുന്നുണ്ട്. അത്തരമൊരു ആശയ ക്രമീകരണ സാധ്യതയെ ഈ നോവലും മുന്നോട്ടുവെക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.മുഖംമൂടി അഴിച്ചു കളഞ്ഞ മനുഷ്യരുടെ ഒരു സമൂഹം രൂപപ്പെടേണ്ടതുണ്ട്. അത്തരമൊരു ജനാധിപത്യ സാമൂഹിക പ്രക്രിയയെ സാധ്യമാക്കുന്നതിനുള്ള ആലോചനകളുടെ ആവശ്യകത നമ്മളെ ബോധ്യപ്പെടുത്തുന്നതിന് ഈ നോവലിനു കഴിയുന്നു .
[06/07, 5:33 pm] +91 90488 34001: പുറംചട്ടയിലെ ന്യായവിധി എന്ന പേരു പേറുന്ന കഥാസമാഹാരത്തിലെ ഒരൊറ്റക്കഥ മതി സോക്രട്ടീസ് കെ വാലത്തിന്റെ എഴുത്തിന്റെ കരുത്തും വ്യത്യസ്തതയും അറിയാൻ. പാറ്റയും പല്ലിയും ചിലന്തിയും ഈച്ചയുമൊക്കെയാണ് ഇതിലെ കഥാപാത്രങ്ങൾ. നമ്മുടെ അരികുകളിൽ മനുഷ്യനെന്ന ഇരുകാലിമൃഗത്തിന്റെ വിചിത്രമായ ചെയ്തികൾ കണ്ട് പ്രാണവേദനയേക്കാൾ പിടച്ചിലനുഭവിക്കുന്ന അവകളുടെ വികാരവിചാര ലോകത്തൂകൂടെയാ‍ണ് കഥ പുരോഗമിക്കുന്നത്. കഥയിലെ മനുഷ്യരേക്കാൾ അവരുടെ ഉത്കണ്ഠകളും വിഷാദങ്ങളും പകയും വഞ്ചനയും അവരിലൂടെ പ്രതിഫലിക്കുന്നു, ഒപ്പം അവരുടെ ചെയ്തികൾ ചെന്നെത്തുന്ന ദുരന്തത്തിൽ അവർ പിടയുന്നു, അതിനെ അട്ടിമറിക്കാൻ അവർ സ്വപ്രാണനെ വകവെയ്ക്കാതെ പായുന്നു. വാഹനം എന്ന കഥയിൽ എഴുത്തുകാരൻ സംഭവ്യതകളുടെ പ്രവാചകനാവുന്നു, ഈ ലോകത്തേക്കിനിയും കണ്ണ് തുറന്നിട്ടില്ലാത്തൊരു ജീവനെ അവനവന്റെ സൗകര്യങ്ങളെ പ്രതി, കരിച്ചു കളയാൻ പോകുന്ന രണ്ടുപേരുടെ ഇനിയും തുടങ്ങിയിട്ടില്ലാത്ത യാത്രയുടെ ഭാവിയെ തിരിച്ച് വിടാൻ സംഭവ്യതയുടെ, ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്ന ചായക്കടയിലെ പാട്ടിലൂടെയും ഒക്കത്തൊരു കുഞ്ഞിനെയും പേറി ജീവിതദുരിതങ്ങളിൽ‌പ്പൊള്ളിയ കാലും വലിച്ചു വച്ച് നടക്കുന്ന ഒരു തെരുവു പെണ്ണിന്റെ കാഴ്ചയിലൂടെയും, പിടയുകയാണു കഥാകാരൻ. കുഞ്ഞുങ്ങളെ രക്ഷിക്കാനോടുന്ന ന്യായവിധിയിലെ പല്ലിയായി സ്വയം മാറുകയാണയാൾ. ഇതേ പിടച്ചിലിനെ മറ്റൊരു രൂപത്തിൽ ശ്വനനീതിയിൽ കാണാം, യജമാനന്റെ പകയെ തൃപ്തിപ്പെടുത്താനായി അയാൾ നൽകുന്ന ആജ്ഞ ധിക്കരിച്ച്, കൂടിന്റെയും തീറ്റയുടെയും പരിപാലനത്തിന്റെയും സുരക്ഷിതത്വം വിട്ട് വിധിയുടെ ദുരന്തത്തിലേയ്ക്ക് നടന്നു പോകുന്ന ഒരു നായയായി, യജമാനനില്ലാത്ത ഭൂതദയ പുലർത്തുന്ന ഒരു ജീവിയായി. ന്യായവിധിയിലെ പല്ലിയും ശ്വാനനീതിയിലെ ശ്വാനനും നീതിയുടെ പക്ഷത്താണ് , പക കൊണ്ടും ദുര കൊണ്ടും മനുഷ്യനു കാണാനാവാത്ത നീതിയുടെ പക്ഷത്ത് നിൽക്കുന്ന ജീവനുകൾ.

സമാഹാരത്തിലെ ആദ്യകഥയിൽ, മെയ്ദിനിയിൽ, അൽ‌പ്പം നർമ്മം കാ‍ണാം, പക്ഷെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ആ നർമ്മത്തിന്റെ കാളിമ നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. ചില്ലറ വഴക്കുകൾ മാറ്റി വെച്ചാൽ ശാന്തവും സുന്ദരവുമായി ഒഴുകുന്ന ഒരു ജീവിതത്തിലേയ്ക്ക് അതിനെയെല്ലാം ചിതറിച്ചു കളയുന്ന ഭീകരതയായി ചുവന്ന കുറികൾ കടന്നു വരുന്ന കഥയിൽ പശു, മേദിനി എന്ന മെയ്ദിനി, ഒരു പ്രതീകമാണു. കുടിക്കാനും ജീവിക്കാനും പാലു തന്നിരുന്ന, വളമിടാൻ ചാണകവും മൂത്രവും തന്നിരുന്ന ഒരു ജന്തു അടക്കാനാവാത്ത ഒരു ഭയമായി രൂപാന്തരപ്പെടുന്നത് സമകാലീന അനുഭവമാണ് . ഉത്തരേന്ത്യൻ തൊഴിലാളികളുടെ ജീവിതം പരാമർശിക്കുന്നത് വംശീയതയാണോ എന്ന സംശയം തുടക്കത്തിൽ തോന്നുമെങ്കിലും വെറുപ്പിന്റെ രാഷ്ട്രീയം ഉടലെടുത്ത മണ്ണിനെ പ്രതീകവത്കരിക്കുക മാത്രമാണത് ചെയ്യുന്നത്. പിണക്കങ്ങൾക്കപ്പുറം പടർന്ന് കയറുന്ന വിഷത്തെ ചെറുക്കേണ്ടതിന്റെ രാഷ്ട്രീയം തന്നെയാണു ഒടുവിൽ കഥ പറഞ്ഞു നിർത്തുന്നത്. ഈ സമാഹാരത്തിലെ കഥകളിൽ വ്യത്യസ്തമായ ആഖ്യാനവും പ്രകടമായ രാഷ്ട്രീയവും പേറുന്നതാണ് ഇക്കഥ.

വളരെ അപ്രതീക്ഷിതമായി സോക്കു അയച്ചുതന്ന ഈ പുസ്തകം സമ്മാനിച്ചത് മികച്ച ഒരു പിടി കഥകളാണ് . ജീവിതത്തിന്റെ പരുക്കൻ പുറങ്ങളെ, നിഷ്ഠൂരതകളെ അതേപടി ആവിഷ്കരിക്കുകയാണ് കഥകൃത്ത്, ഒട്ടും മയമില്ലാതെ, ഒരു മെയ്ദിനി ഒഴിച്ച് നിർത്തിയാൽ കറുത്ത നർമ്മത്തിന്റെ പോലും മുഖപ്പട്ടയില്ല്ലാതെ. അതുകൊണ്ടാണു വായനയ്ക്ക് ശേഷവും ഈ കഥകൾ നമ്മുടെ പച്ച ജീവനെ കൊളുത്തി വലിയ്ക്കുന്നത്, പാതിയുറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് നാം അസഹ്യപ്പെടുന്നത്.

നോവൽ : ആനന്ദലഹരി

കഥാസമാഹാരങ്ങൾ

1 . കവചിതം
2 . കഥാന്തരങ്ങൾ
3 . AD -2025
4 . വെറോണിക്ക @ 15
5 . ജയഹേ
6 . ടാഗ് നമ്പർ -3
7 . ന്യായവിധി
8 . തിരഞ്ഞെടുത്ത കഥകൾ

Facebook Comments

COMMENTS

- Advertisment -

Most Popular

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...

സിൽവര്‍ലൈൻ:മരവിപ്പിച്ചിട്ടും അനിശ്ചിതത്വം,അതിരടയാളമിട്ട ഭൂമി വിൽക്കാനോ,വായ്പയെടുക്കാനോ കഴിയുന്നില്ല.

സിൽവര്‍ലൈൻ പദ്ധതി മരവിപ്പിച്ചിട്ടും അനിശ്ചിതത്വങ്ങൾ ഒഴിയുന്നില്ല.സര്‍വെ നടത്തി അതിരടയാളമിട്ട ഭൂമി ,വിൽക്കാനോ, ഈട് വച്ച് വായ്പ എടുക്കാനോ കഴിയാതെ നാട്ടുകാർ.പ്രക്ഷോഭങ്ങളുടെ പേരിലെടുത്ത കേസുകൾ പിൻവലിക്കണമെന്നആവശ്യവും ശക്തമായിട്ടുണ്ട്. സിൽവര്‍ലൈൻ കടന്നു പോകുന്ന 11 ജില്ലകൾ. 193...

സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പ്, ഭരണ സമിതി പിരിച്ചുവിട്ടു.

കരുവന്നൂരിന് പിന്നാലെ തൃശ്ശൂരിൽ സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലും വായ്പാ തട്ടിപ്പ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഭരണ സമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. ഒരു കൊല്ലമായി തുടങ്ങിയ തട്ടിപ്പ് വേഗത്തില്‍ കണ്ടെത്തിയെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: