17.1 C
New York
Friday, September 17, 2021
Home Books ■■കൈയൊപ്പ് പതിച്ചവർ ■■ മോപ്പസാങ് വാലത്ത്

■■കൈയൊപ്പ് പതിച്ചവർ ■■ മോപ്പസാങ് വാലത്ത്

വളളുവനാടൻകുറിപ്പ് – മോപ്പസാങ് വാലത്ത്

എഴുപതുകളിൽ എറണാകുളം സെയിന്റ് ആൽബർട്ട്സ് കോളേജ് കാലഘട്ടത്തിൽ ആണ് ഞാൻ സ്നേഹപൂർവം മോപ്പൻ എന്ന് വിളിക്കുന്ന മോപ്പസാങ് വാലത്തിനെ പരിചയപ്പെടുന്നത് . അലക്ഷ്യമായി വസ്ത്രം ധരിക്കുകയും എപ്പോഴും നിറങ്ങൾ പടർന്ന ഷർട്ടുമിട്ട് നടക്കുന്ന ആ കൗമാരക്കാരനെ നെഞ്ചിലേറ്റാൻ അധികനാൾ വേണ്ടിവന്നില്ല . അവനിലെ ചിത്രകാരനെ തിരിച്ചറിഞ്ഞപ്പോൾ ഞങ്ങളുടെ ബന്ധത്തിന്റെ ഊഷ്മളത വല്ലാതെ കൂടി . നാല് പതിറ്റാണ്ടു നീണ്ട സൗഹൃദം ഇന്നും ഞങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട് . പ്രീഡിഗ്രി കാലഘട്ടം കഴിഞ്ഞ് അവൻ ചിത്രകലയിലും ഞാൻ എഞ്ചിനീയറിങ്ങുമായി വഴിമാറിയൊഴുകി . പിന്നീട് കണ്ടുമുട്ടുന്നത് രണ്ടുപേരും വിവാഹിതരായി കുട്ടികളുമൊക്കെ ആയതിനുശേഷമാണ് . ഞാൻ അന്ന് ISRO -യിൽ ശാസ്ത്രജ്ഞനും മോപ്പൻ NBS -ൽ കവർ ഡിസൈനറും ചിത്രകാരനും .പ്രശസ്ത ചിത്രകാരനായ ദേവൻ മാഷിന്റെ അരുമ ശിഷ്യന്മാരിൽ ഒരാൾ . മോപ്പസാങ് എന്നെക്കുറിച്ചും ഞങ്ങളുടെ ബന്ധത്തെക്കുറിച്ചും കളം മാഗസിനിൽ ഇങ്ങനെ പറയുന്നു .

ഡിഗ്രിക്കാലം മുതൽക്കാണ് ഞാൻ ഷർട്ടിൽ ചിത്രങ്ങൾ വരച്ചു ധരിച്ചു തുടങ്ങിയത്. അന്ന് കോട്ടൺ ക്രേപ്പ് എന്നൊരു തുണി കിട്ടുമായിരുന്നു. ധരിച്ചാൽ അയഞ്ഞു കിടക്കും. ആകർഷണീയമായ വ്യത്യസ്ത നിറങ്ങളിൽ ലഭിക്കും. തുണി വാങ്ങി തയ്പ്പിച്ച ശേഷമാണ് വരയ്കുക. നേർത്ത വരകൾ കൊണ്ട് താന്ത്രിക് പോലുള്ള ചെറിയ ചെറിയ ചിത്രങ്ങളാണ് വരച്ചിരുന്നത്. അതുപോലെ ഒന്നു മറ്റെങ്ങും കിട്ടില്ല എന്നതിനാൽ പെട്ടെന്നു തന്നെ അതിനു പ്രചാരം ലഭിച്ചു. ഇന്ന് ഷർട്ടിൽ മ്യൂറൽ ചിത്രങ്ങൾ വരയ്കുന്നതു പോലെ. സുഹൃത്തുക്കൾ എന്റെ ഷർട്ടുകൾ കടം വാങ്ങിത്തുടങ്ങി. ഉപയോഗിച്ച ശേഷം തിരിച്ചു തരും. അങ്ങിനെ സ്ഥിരമായി എന്നിൽ നിന്നും ഷർട്ട് വാങ്ങിയിരുന്നയാളാണ് എന്റെ പ്രിയ സുഹൃത്തായ ശ്രീ ജോയ് എബ്രഹാം (വള്ളുവനാടൻ). ജോയിയുടെ സഹോദരൻ തോമാച്ചനാണ് ആൽബർട്സിൽ പഠിച്ചിരുന്നത്. തോമാച്ചൻ വഴിയാണ് ജോയിയെ പരിചയപ്പെടുന്നത്. പിന്നെ, ജോയി പ്രിയ ചങ്ങാതിയായി മാറി. വെള്ളിയാഴ്ച ദിവസങ്ങളിലാണ് ജോയി ഷർട്ട് വാങ്ങുക. ശനിയും ഞായറും അടിച്ചു പൊളിച്ച ശേഷം തിങ്കളാഴ്ച കൃത്യമായി തിരിച്ചു തരും. ഒരു വെള്ളിയാഴ്ചയായിരുന്നു കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്. അന്ന് ഉച്ച മുതൽ ജോയി ഷർട്ടിനായി കോളേജ് ഗേറ്റിൽ കാവലാണ്. കാൻവാസിങ്ങ്, പിന്നെ വോട്ടെണ്ണൽ എന്നിങ്ങനെ ഞാൻ കോളേജിന്റെ അകത്തു തിരക്കിൽ. റിസൽറ്റു പ്രഖ്യാപിച്ചു ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച ഞാൻ ജയിച്ചു. പിന്നെ ആഹ്ളാദ പ്രകടനമായി. ജയിച്ചവരെ തോളിലേറ്റി പ്രകടനമാരംഭിച്ചു. എറണാകുളം ബാനർജി റോഡ്, എം.ജി.റോഡ്, ഹോസ്പിറ്റൽ റോഡ്, ഷൺമുഖം റോഡ്

( ഇന്നത്തെ മറൈൻ ഡ്രൈവ് ), വഴി കോളേജിൽ തിരിച്ചെത്തി. അപ്പോഴൊക്കെ ജോയി ജാഥയിലുണ്ട്. ഷർട്ട് ഊരി നൽകാൻ എനിക്ക് ഒരു പഴുത് കിട്ടുന്നില്ല. പ്രകടനം തിരിച്ചെത്തി, പിന്നെയുള്ള നന്ദി പറച്ചിലിനിടയിൽ ഊരാം എന്നു കരുതി. പക്ഷെ അവിടെ നിന്നു അനങ്ങാൻ പറ്റുന്നില്ല. എന്റെ ഊഴമായി. കോളേജിനു മുന്നിലുള്ള അരഭിത്തിയുടെ തൂണിൽ കയറി നിന്നാണ് നന്ദി പറയേണ്ടത്. നേരം സന്ധ്യ മയങ്ങിയിരുന്നു. എന്റെ പ്രസംഗം അൽപ്പം നീണ്ടുപോയോ എന്നു സംശയം. ആരോ പിന്നിൽ നിന്നു ഷർട്ടിൽ പിടിച്ചു വലിക്കുന്നു. നോക്കുമ്പോൾ ജോയി ! ” എടാ, ലാസ്റ്റ് ബസ്സു പോകുമെടാ, വേഗം താ…” പ്രസംഗം നിർത്തി ഞാൻ ചാടിയിറങ്ങി. അവന് അരൂരിന്
അപ്പുറമുള്ള എരമല്ലൂരിൽ എത്താനുള്ളതാണ്. ഇരുളിലേക്ക് നീങ്ങി വേഗം ഷർട്ടൂരി ജോയിക്കു നൽകി. അവന്റേതു ഞാനും വാങ്ങി. വിയർപ്പിൽ കുളിച്ച ഷർട്ടുകൾ ! ആ വിയർപ്പിന്റെ നനവ് ഇപ്പോഴും ഓർമ്മയിലുണ്ട്.
പിന്നീടെപ്പൊഴൊ ഒരിക്കൽ ഞാൻ ബ്രോഡ് വേയിലൂടെ നടക്കുകയാണ്. കുറച്ചു പെൺകുട്ടികൾ എന്റെ മുന്നിലുണ്ട്. അതിലൊരാൾ ധരിച്ചിരിക്കുന്നത് എന്റെ ഷർട്ടാണ്. കറുത്ത ക്രേപ്പ് തുണിയിൽ മഞ്ഞ നിറത്തിൽ വരച്ച ചിത്ര പ്പണികളുള്ള ഷർട്ട്. അതേ എന്റെ ഷർട്ട് തന്നെ. മുഖം കാണാൻ കഴിഞ്ഞില്ല. ഞാൻ വേഗം നടന്നു. പക്ഷെ ബ്രോഡ് വേയിലെ തിരക്കിൽ അവർ പെട്ടെന്ന് അപ്രത്യക്ഷരായി.

പിറ്റേ വെള്ളിയാഴ്ച ഞാൻ ജോയിയോട് ഈ കാര്യം പറഞ്ഞു. ഒന്ന് ഊറിച്ചിരിച്ചിട്ട് അവൻ പറഞ്ഞു : ” അതു നമ്മുടെ ഫ്രാൻസിസിന്റെ
അനിയത്തിയാണ്. നിന്റെ ഷർട്ട് എങ്ങിനേയൊ കറങ്ങിത്തിരിഞ്ഞ് അവളുടെ കയ്യിൽ എത്തിയതാണ്.” ഞാൻ അന്തിച്ചു പോയി , എന്റെ ഷർട്ടു സഞ്ചരിക്കുന്ന വഴികൾ…..!എന്റെ വിവാഹം കഴിഞ്ഞു. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഞങ്ങൾ അവളുടെ വീടിനടുത്തുള്ള കൈതപ്പുഴക്കായൽക്കരയിൽ കാറ്റേറ്റിരിക്കുകകയാണ്. പെട്ടെന്ന് അവൾ പറഞ്ഞു : ” ഈ പേരു് ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ ക്ലാസ്സിലുണ്ടായിരുന്ന ഒരു പെൺകുട്ടി പറഞ്ഞാണ് !” ഒന്നുമുണ്ടായിട്ടല്ലെങ്കിലും എന്റെ ഉള്ളൊന്നു കാളി! അവൾ പഠിച്ചിരുന്ന സെന്റ് തെരേസാസ് കോളേജും എന്റെ സെന്റ് ആൽബർട്സ് കോളേജും തമ്മിൽ നടക്കാവുന്ന ദൂരമേയുള്ളു. അവിടെയുള്ള ആരോടും എനിക്കൊരു സൗഹൃദവുമില്ല. എന്നിട്ടും ഉള്ളൊന്നു പിടച്ചു. ചോദിച്ചിരിക്കുന്നത് പുതുപ്പെണ്ണല്ലേ. അവൾ ആളെ പറഞ്ഞു. എന്റെ ഷർട്ടു ധരിച്ചു ബ്രോഡ് വേയിലൂടെ നടന്നു നീങ്ങിയ ആ പെൺകുട്ടി. മോപ്പസാങ്ങ് വരച്ച ഷർട്ട് ആണെന്നു പറഞ്ഞാണത്രെ കക്ഷി അന്നു കോളേജിൽ വിലസിയത്. അങ്ങിനെയാണത്രെ ഈ പേര് എന്റെ ഭാര്യ ആദ്യമായി കേൾക്കുന്നത്. സമാധാനമായി.എന്റെ ഷർട്ട് ധരിച്ച് എനിക്ക് മുഖം തരാതെ പോയ ആ പെൺകുട്ടി! എന്റെ ഭാര്യയുടെ സഹപാഠി, എന്റെ സുഹൃത്തിന്റെ സഹോദരി. പിന്നീടൊരിക്കലും എനിക്കു മുഖം തരാതെ ആ സഹോദരി അനന്തതയിലേക്കു നടന്നു കയറി.

വിദ്യാഭ്യാസകാലത്തു തന്നെ. ആ കാണാത്ത പെങ്ങൾക്ക് ഒരു പിടി കണ്ണീർപ്പൂക്കൾ ! മോപ്പൻ പറഞ്ഞ ആ പെൺകുട്ടി ഞാൻ സഹോദരീ തുല്യം സ്നേഹിച്ച ബെറ്റ്സി , എന്റെ സുഹൃത്ത് ഫ്രാങ്കിന്റെ സഹോദരിയായിരുന്നുവെന്നത് ഒരു നിമിത്തം . അക്കാലത്ത് മോപ്പസാങ് ഫാബ്രിക്ക് പെയിന്റ്റിൽ വരച്ചുതന്നിരുന്ന ഷർട്ടുകൾ എറണാകുളം പട്ടണത്തിൽ ഒരു പുതിയ ഫാഷൻ തരംഗം സൃഷ്ടിച്ചു , അതുമിട്ട് ഞാനും കുറെ ഷൈൻ ചെയ്തിട്ടുണ്ട് . കാലങ്ങൾ കഴിയുന്തോറും ചിത്രരചനയിൽ ഉയരങ്ങൾ കീഴടക്കുകയായിരുന്നു മോപ്പസാങ് . വാട്ടർ കളർ , അക്രിലിക്ക് . ഓയിൽ മാധ്യമങ്ങളിൽ പതിനായിരത്തിലധികം ചിത്രങ്ങൾ മോപ്പസാങ് വരച്ചുകഴിഞ്ഞു . കേരളത്തിലെ നിരവധി ഹോട്ടലുകൾ ഗാലറികളിലെല്ലാം മോപ്പസാങ്ങിന്റെ ചിത്രങ്ങൾ കാണാം . കൊറോണക്കാലത്തെ നൂറുദിന ലൈവ് ചിത്രം വരയ്ക്കൽ സോഷ്യൽ മീഡിയയിൽ വളരെയേറെ പ്രശസ്തി നൽകി . അതുപോലെ തന്നെയാണ് ലൈവ് ആയി ഇന്ത്യയിലെ സംഗീതലോകത്തെ ചക്രവർത്തിമാരായ മുഹമ്മദ് റാഫി , കിഷോർ കുമാർ , മുകേഷ് , ലതാ മങ്കേഷ്‌ക്കർ എന്നിങ്ങനെ നിരവധിപേരുടെ ചിത്രങ്ങൾ ലൈവ് ആയി അവരുടെ ഗാനങ്ങൾ മകൾ പാടുമ്പോൾ വരയ്ക്കുന്നത് യൂടൂബിൽ നിങ്ങൾക്ക് കാണാവുന്നതാണ് .

കൈരളി ടി .വി ചാനലിൽ ഒരു വർഷത്തിൽ കൂടുതൽ കുട്ടികൾക്കായി ചിത്രരചന എങ്ങനെ പഠിക്കാമെന്ന വീഡിയോ പ്രക്ഷേപണം കേരളം കണ്ട ഏറ്റവും മികച്ച ചിത്രരചനാ ക്‌ളാസ് ആയിരുന്നു . ഇവയെല്ലാം യൂടൂബിൽ ഉണ്ടെന്നത് അവനെ അറിയാൻ കൂടുതൽ സഹായകമാകും . മലയാള സാഹിത്യത്തിലെ നിരവധി പ്രമുഖരായ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് കവർ പേജ് ഡിസൈൻ ചെയ്തു നൽകിയത് മോപ്പസാങ് ആണ് , അതിൽ എടുത്തു പറയാവുന്നത് വി .കെ . എൻ . എഴുതിയ “പയ്യൻസ്” തന്നെ . മലയാള മനോരമയിൽ ഒരു വർഷത്തോളം “വാഴക്കോടൻ” എന്ന കാർട്ടൂൺ പരമ്പര മോപ്പൻ കൈകാര്യം ചെയ്തിരുന്നു . കുറച്ചുകാലം എറണാകുളത്തെ പ്രശസ്ത സ്‌കൂളായ സെയിന്റ് . ജോസഫ്‌സ് സ്‌കൂളിൽ ചിത്രകലാധ്യാപനയും സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഇന്ന് അവന്റെ ചിത്രങ്ങൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്നുണ്ട് , ഓൺലൈനിൽ സേർച്ച് ചെയ്‌താൽ അതിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും . പ്രശസ്തിയുടെ പടവുകൾ ഇത്രയും കയറിയെങ്കിലും അവന്റെ ലാളിത്യം നമുക്കെല്ലാം ഒരു പാഠമാകണം എന്ന് പറയുന്നതിൽ സന്തോഷം . വി വി കെ . വാലത്ത് മാഷെന്ന പ്രശസ്തനായ അച്ഛന്റെ പാത തുടർന്നും ചിത്രകലയോടുള്ള അടങ്ങാത്ത ആവേശവുമായിരിക്കാം മകന്റെ പേര് “വാൻഗോഗ് വാലത്ത് ” എന്ന് നാമകരണം ചെയ്തത് , NBS -ൽ നിന്ന് വിരമിച്ചശേഷം നിരന്തരം ചിത്രരചനയുമായി മുന്നോട്ടുപോകുന്നു . അവന്റെ ഫേസ്ബുക്ക് പേജിൽ എല്ലാദിവസവും ലൈവ് ആയി ഒരുമണിക്കൂർ ചിത്രരചന എന്ന പംക്തിയുണ്ട് , ചിത്രകലയിൽ താല്പര്യമുള്ളവർക്ക് അതൊരു വിരുന്നാകും , പ്രത്യേകിച്ചും ചിത്രരചനയിൽ താല്പര്യമുള്ള മക്കളുള്ള മാതാപിതാക്കൾക്ക് . കളം മാഗസിനിൽ മോപ്പന്റെ ചിത്രരചനാനുഭവങ്ങൾ 100 എപ്പിസോഡുകൾ പിന്നിട്ടു . വാലത്ത് മാഷിനെപ്പോലെ എഴുത്തിന്റെ വഴികളിൽ കൂടുതൽ സഞ്ചരിച്ചിട്ടില്ലെങ്കിലും അവന്റെ കുറിപ്പുകൾ വായിക്കുന്നത് അതീവഹൃദ്യമാണ് . എന്റെ ലേഖനത്തിൽ അവൻ എന്ന പ്രയോഗം തെറ്റായി വ്യാഖ്യാനിക്കാതിരിക്കുക .അദ്ദേഹം എന്നവനെ അഭിസംബോധനം ചെയ്യതാൽ ഞങ്ങളുടെ ആത്മബന്ധം അകൽച്ചയുള്ളതായി എനിക്കനുഭവപ്പെടുമെന്നുള്ളതുകൊണ്ടാണ് . വായിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക . ഇനിയുമേറെ എഴുതാനുണ്ടെങ്കിലും
ലേഖനത്തിന്റെ ദൈർഖ്യം കൂടുമെന്നുള്ളതുകൊണ്ട് ഇനി പറയാനുള്ളത് കമന്റ് ആയി ഇടുന്നതാണ് .ഇന്ന് അവന്റെ ചിത്രങ്ങൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്നുണ്ട് , ഓൺലൈനിൽ സേർച്ച് ചെയ്‌താൽ അതിനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിയും . പ്രശസ്തിയുടെ പടവുകൾ ഇത്രയും കയറിയെങ്കിലും അവന്റെ ലാളിത്യം നമുക്കെല്ലാം ഒരു പാഠമാകണം എന്ന് പറയുന്നതിൽ സന്തോഷം .ഇതുവരെ ലളിതകലാ അക്കാദമി അവാർഡ് അവനെത്തേടിയെത്താത്തതിൽ അതീവ ദുഃഖമുണ്ട് .

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com