തയ്യാറാക്കിയത്: സുധാകരൻ കെ.ആർ
(1)
സൗദി അറേബ്യ എന്നാൽ എണ്ണക്കമ്പനികളുടെയും ഭീകരവാദികളുടെയും അടിമുതൽ മുടിവരെ മൂടുന്ന കറുത്ത വസ്ത്രമണിഞ്ഞ സ്ത്രീകളുടെയും നാട് എന്ന പൊതുബോധ സമവാക്യത്തിൽ ആദ്യ രണ്ട് ഘടകങ്ങളെ ഏറെ സ്പർശിക്കാതെ,എന്നാൽ അവഗണിക്കാതെയും,അവസാന ഘടകത്തെ ഒന്നിഴ പിരിച്ചു പരിശോധിക്കാൻ ശ്രമിക്കുന്ന രചനയാണ് യുവ സൗദി നോവലിസ്റ്റ് റജാ അൽ സനാഹ് രചിച്ച വിവാദ നോവൽ
‘ റിയാദിലെ പെൺകുട്ടികൾ ‘(Girls of Riyadh).
ലോകത്ത്മറ്റെവിടെയുമെന്നപോലെ ഇവിടെയും പെൺകുട്ടികൾ നൃത്തം ചെയ്യുകയും സംഗീതവും ഷോപ്പിങ്ങുംആസ്വദിക്കുകയും ആൺ വേഷത്തിൽ ഡ്രൈവ് ചെയ്യുകയും അപൂർവമായെങ്കിലും രഹസ്യമായിവിവാഹപൂർവബന്ധങ്ങളിൽഏർപ്പെടുകയും ചെയ്യുന്നുവെന്ന് തലസ്ഥാന നഗരിയിലെ അതിസമ്പന്നവിഭാഗത്തിൽപ്പെട്ട ഇരുപത് കഴിഞ്ഞ നാല് കൂട്ടുകാരികളുടെ ജിവിതങ്ങളെആവിഷ്ക്കരിച്ചുകൊണ്ട് നോവലിസ്റ്റ് ചിത്രീകരിക്കുന്നു.
ഇന്റർനെറ്റ്കാല എപ്പിസ്റ്റോലറി നോവൽ (കുത്തകകളുടെ രൂപത്തിലുള്ള ആഖ്യാനം) എന്ന രൂപത്തിൽ ആരെന്ന് വെളിപ്പെടുത്തുന്നില്ലാത്ത രചയിതാവ് തന്റെ ഇ – മെയിൽ ഗ്രൂപ്പിൽ എല്ലാ വെള്ളിയാഴ്ചയും പോസ്റ്റ് ചെയ്യുന്ന മെയിലിന്റെ രൂപത്തിലാണ് അമ്പത് അധ്യായങ്ങളിലായി 2004 ഫെബ്രുവരി 13 മുതൽ 2005 ഫെബ്രുവരി 18 വരെ ഒരുവർഷക്കാലംകൊണ്ടെന്ന രീതിയിൽ ആഖ്യാനം മുഴുവനാക്കുന്നത്.അടഞ്ഞ സമൂഹത്തിൽ ജീവിക്കുമ്പോഴും പ്രണയവും രതിയും അടക്കമുള്ള വൈകാരിക വിനിമയങ്ങളിൽവ്യാപരിക്കുന്ന യുവതികളെ ഫോക്കസ് ചെയ്യുന്നതിൽ ‘ സെക്സ് ആൻഡ് സിറ്റി ‘ യുടെ ഒരു സൗദി പതിപ്പ് എന്ന് ഈ നോവൽ കണക്കാക്കപ്പെടുന്നുണ്ട്.
എന്നാൽ കാപട്യങ്ങളിൽ നിബിഡമാവുകയും ആന്തര വൈരുധ്യങ്ങളാൽ ലഹരിപിടിപ്പിക്കുകയും ചെയ്ത ‘ സമൂഹത്തെ ‘ കേന്ദ്ര സ്ഥാനത്തു നിർത്തുന്നതിലൂടെ നോവൽ വെറും നേരംപോക്ക് ആസ്വാദനത്തിന്റെ തലം മുറിച്ചുകടക്കുന്നു.പുസ്തകം ഇറങ്ങിയ ഉടൻ നിരോധിക്കപ്പെട്ടെങ്കിലും അത് ബ്ലാക്ക് മാർക്കറ്റിൽ ഒരുചൂടപ്പമായിത്തീരുകയും ഇംഗ്ലീഷ് ഭാഷാന്തരം വൻ വിജയമാവുകയും ചെയ്തു.
സ്ത്രീകളെല്ലാം ഒരു പുരുഷന്റെ അഥവാ ഒരു ചുമരിന്റെ അഥവാ ഒരു ചുമരായ പുരുഷന്റെ നിഴലിൽ കൂനിക്കൂടി ജീവിക്കുന്നസമൂഹത്തിലിരുന്ന് പതിനെട്ടു കഴിഞ്ഞ എല്ലാവർക്കും ഇവിടെ സൗദിയിൽ ആറു വയസ്സുകഴിഞ്ഞആണുങ്ങൾ, വയസ്സറിയിച്ച പെണ്ണുങ്ങൾ എന്നിവർക്കും വേണ്ടിയെന്ന മുഖവുരയോടെയാണ് ആഖ്യാനംആരംഭിക്കുന്നത്
ഗോത്ര/സ്ഥലനാമങ്ങളെ സൂചിപ്പിക്കും വിധം കുടുംബപ്പേരുള്ള ഗംരാഹ് അൽ ഖുസ്മൻജി,നദീം അൽ ഹൊറൈംലി,ലമീസ് ജദാവി,മിശേലി അൽ അബ്ദുറഹിമാൻ എന്നീ നാല് കൂട്ടുകാരികളുടെ ജീവിതമാണ്ആഖ്യാനത്തിൽ വിടരുന്നത്. തന്റെ വാരാന്ത്യആഖ്യാനങ്ങളെക്കുറിച്ച് ആളുകളുടെ പ്രതികരണങ്ങൾ ഒരു കോറസ് നിരീക്ഷണം പോലെ ഓരോ അധ്യായത്തിന്റെയും തുടക്കത്തിൽആഖ്യാതാവ് നൽകുന്നുണ്ട്. ചിലർ പെൺകുട്ടികൾചെയ്യുന്നത് തികച്ചും സ്വഭാവിക കാര്യങ്ങളാണ് എന്നും(ഒട്ടും രഹസ്യമല്ലെന്നും)കരുതുമ്പോൾ യാഥാസ്ഥിതിക സമൂഹത്തിൽ നടമാടുന്ന അത്യാചാരങ്ങൾ എന്ന് തങ്ങൾ കരുതുന്ന കാര്യങ്ങളെ അവർ പുറത്തുകൊണ്ടുവരുന്ന രീതിയെക്കുറിച്ച് മറ്റു ചിലർ ദേഷ്യംകൊണ്ട് തിളയ്ക്കുന്നു.
പലപ്പോഴായിആവിഷ്കരിക്കപ്പെടുന്ന ഈ നിരീക്ഷണങ്ങൾ ഒരർഥത്തിൽ പിന്നീട് നോവൽ ഏറ്റുവാങ്ങിയ വിമർശനങ്ങളടെ തന്നെ കണ്ണിയാണ്.നോവലിന്റെ ഉള്ളടക്കം മുഴുവൻ ജിദ്ദയിലെ പുരുഷന്മാരെ ആദർശവൽക്കരിക്കാനും ബദവികളെയും മധ്യ – കിഴക്കൻ ദേശക്കാരെയും താറടിക്കാനുംലക്ഷ്യമിട്ടുള്ളതാണ് എന്ന് റിയാദിൽ നിന്നുള്ള ഒരുവായനക്കാരൻ പ്രതിഷേധിക്കുന്നു.
കുവൈത്തുകാരിയും ഗവണ്മെന്റ് സ്കൂൾ ഇൻസ്പെക്ടറുമായ ഉമ്മു നുവയ്യിർ അമ്മായി കൂട്ടുകാരികൾക്ക് ഒരുമിച്ചിരിക്കാൻഇടംനൽകുന്ന സഹൃദയയാണ്.15 കൊല്ലത്തെ ദാമ്പത്യത്തിനു ശേഷം ഭർത്താവ് അകാരണമായി മൊഴിചൊല്ലിയവൾ.മകൻ നൂരിയുടെ സ്ത്രൈണ സ്വഭാവം കാരണം ഉമ്മു നുവയ്യിർ – നൂർ എന്നതിന്റെ പെൺരൂപം – എന്ന് വിളിക്കപ്പെടുന്നവൾ. ദുഃഖങ്ങൾഏറെയുണ്ടെങ്കിലും,അഥവാ അവയുള്ളതു കൊണ്ടാവാം,അവരെപ്പോഴും തമാശകളുടെ നിതാന്ത പ്രഭാവമായിരുന്നു.മൂന്നാം വയസ്സിൽ ഉമ്മ മരിച്ച സദീമിന്ഉമ്മയെപ്പോലെയാണ് അവർ.ഏക സംസ്കാര,ഏക വംശീയ,ഏക മത രാജ്യത്ത് ഉമ്മു നുവയ്യിറിന്റെ വീട്ടിലിരുന്ന് കൂട്ടുകാരികൾപ്രാർഥിക്കുന്നു, ‘ദൈവമേ,ഞങ്ങൾ റിയാദിലെപെൺകുട്ടികൾക്ക് പലതുംനിഷിദ്ധമാണ്.പ്രണയമെന്ന അനുഗ്രഹം കൂടി ഞങ്ങൾക്ക് നിഷേധിക്കല്ലേ ‘
പുരോഗമന പ്രതീതിയുണർത്തുന്ന വലീദുമായുള്ള സദീമിന്റെ വിവാഹംസൗദിസമൂഹത്തിൽ സ്ത്രീക്ക് കുടുംബത്തിലുള്ള രണ്ടാംസ്ഥാനം വ്യക്തമാക്കുന്നുണ്ട്.കരാറിനും വിവാഹ ആഘോഷത്തിനും ഇടയിലുള്ള ഇടവേളയിൽ വധുവരന്മാർ,സൗദി സമൂഹത്തിൽ യുവമിഥുനങ്ങൾക്ക് ലഭ്യമായ ഏക വിനിമയോപാധിയായ ഫോൺ മുഖാന്തിരം അടുത്തറിയുന്നതിനുള്ള അവസരങ്ങൾ ഉപയോഗിക്കുന്നതിനു സാമൂഹികാംഗീകാരമുണ്ട്.എന്നാൽ അതിനപ്പുറം അടുപ്പത്തിനോ ബന്ധപ്പെടലിനോ അവസരം നൽകുന്ന പെൺകുട്ടികൾ പ്രതിശ്രുതവരന്റെ കണ്ണിൽത്തന്നെ വിലകെട്ടവളായിപ്പോകും എന്ന പാഠം ഇത്തിരി വൈകിയാണ് സദീം മനസ്സിലാക്കുക.വലീദ് കാണിക്കുന്ന ദുസ്സഹമായ അവഗണനയുടെ കാരണം ഒരിക്കലും അവൾക്ക് പൂർണമായി മനസ്സിലാവില്ല.അയാൾ ഏതെങ്കിലും ആശുപത്രിയിൽ കോമ അവസ്ഥയിൽ കിടപ്പാവും.അയാൾ ഒരു ആശുപത്രിക്കിടക്കയിൽ കിടക്കുന്നതായി ചിന്തിക്കുന്നത് ഈ രീതിയിൽ അയാൾ തന്നെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച്ചിന്തിക്കുന്നതിനേക്കാൾ ആയിരം മടങ്ങ് സഹനീയമായിരുന്നു.
വിവാഹമോചനം അറിയിച്ചുകൊണ്ടുള്ള അയാളുടെ കത്ത് ലഭിക്കുമ്പോൾ അവൾ തകർന്നുപോവുന്നു.എല്ലാ വേനലവധിയുംb ചെയ്യാറുള്ള പോലെ കെൻസിങ്ടണിലെ വീട്ടിലേക്കു കൊണ്ടുപോകാൻ തയ്യാറാവുന്ന പിതാവിനോട് തനിക്കത്തിരി തനിച്ച് കഴിയണമെന്നും താൻ തനിച്ച് പൊയ്ക്കൊള്ളാമെന്ന് അവൾ അനുവാദം വാങ്ങുന്നു.ലോകത്തിന്റെ പൊടിയുടെ തലസ്ഥാനത്തുനിന്ന് മൂടൽ മഞ്ഞ് തലസ്ഥാനത്തേക്ക് പോകുമ്പോൾ സദീമിന് ഇത്തവണ ലണ്ടൻ വലീദുമായുള്ള അനുഭവങ്ങൾക്ക് ശേഷം മാനസിക അസുഖങ്ങളിൽ നിന്ന് മുക്തിനേടാൻ ഒരു അഭയകേന്ദ്രമായി അവൾ തെരഞ്ഞെടുത്ത വലിയ സാനിട്ടോറിയം ആയിരുന്നു. അവിടെവച്ച് അവൾ വിഷാദഗീതങ്ങളോട് അഡിക്ഷൻ വളർത്തിയെടുക്ക്ന്നു.അൽ കുസൈബിയുടെയും അൽ ഹമാദിന്റെയും നോവലുകൾ വായിക്കുന്നു.സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ അവഗാഹം നേടുന്നു.പലസ്തീൻ ഇൻതിഫാദ,അൽ അഖ്സാ കലാപം, അമേരിക്കൻ, ഇംഗ്ലീഷ് ഉൽപ്പന്ന ബഹിഷ്കരണം – പുതുതലമുറക്ക് വിവാദ കാര്യങ്ങളൊഴിച്ച് രാഷ്ട്രീയ വിഷയങ്ങളിൽ താൽപ്പര്യമില്ല എന്നവൾ കണ്ടെത്തുന്നു.വലീദിനെ മനസ്സിലാക്കാൻ ഫ്രോയ്ഡിൻ മനോവിജ്ഞാനീയം പഠിക്കുന്നതിനെക്കുറിച്ച് നോവലിസ്റ്റ് നിരീക്ഷിക്കുന്നു.’ സദീം പതിയെ കണ്ടെത്തി, അതായത് ഫ്രോയ്ഡ് തന്റെ ടോട്ടം,ടൊമാറ്റോ,കുക്കുംബർ,ഗ്രീൻ സലാഡ് പച്ചക്കറി ഇതുകൊണ്ടൊന്നും തന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായി സഹായിക്കാൻ പോകുന്നില്ലെന്ന്.വലീദ് എന്തുകൊണ്ട് തന്നെ വിട്ടുപോയി എന്നതിന് സിഗ്മണ്ട് ഒരു വിശദീകരണവും നൽകാൻ പോകുന്നുണ്ടായിരുന്നില്ല.’
എന്നാൽ, ഉമ്മു നവയ്യിർ അമ്മായിയുടെ വ്യക്തിത്വ വിശകലനം അവൾക്ക് കുറെക്കൂടി കൗതുകകരമായിരിക്കും.ലിബറൽസാഹചര്യങ്ങളിൽ വളരുമ്പോഴും സ്ത്രീകളെ സംബന്ധിച്ച് രൂഢമായ സൗദി മുൻവിധികളിൽ നിന്ന് മുക്തനായിരുന്നില്ലാത്ത വലീദ് അവൾ ചീത്തയാണ് എന്ന് തീരുമാനിച്ചു കഴിഞ്ഞതിനു ശേഷമാണ് അവൾ അയാളുടെ പരിമിതിമനസ്സിലാക്കിയത്.
(2)
കെൻസിങ്ടണിലെ പിയാനോ ബാറിൽ ബദിരിയ്യ അമ്മായിയുടെ വീട്ടിലെ ഓർമയിൽ സദീം പിയാനോ വായിക്കുന്നതാണ് സഹപ്രവർത്തകനായ പാകിസ്ഥാനി യുവാവ് താഹിറലൂടെ പരിചയപ്പെടുന്ന ഫിറാസ് അൽ ശർഖാവിയെ ആകർഷിക്കുന്നത്.അയാൾ സൗദിയാണെന്നത് ആദ്യം അവളെ അമ്പരപ്പിക്കും.പൊതു ഇടങ്ങളിൽ എത്ര കുലീനമായി പെരുമാറിയാലും സ്ത്രീകളെക്കുറിച്ചുള്ള സൗദി പുരുഷന്മാരുടെ മുൻവിധി അവൾക്ക് നേരനുഭവമാണല്ലോ.ദുഃഖം ലണ്ടൻ മണ്ണിൽ കുഴിച്ചുമൂടി തന്റെ പ്രായത്തിലുള്ള ഒരു യുവതിക്ക് ഉണ്ടാവേണ്ട പ്രസന്നതയോടെ റിയാദിലേക്ക് തിരിച്ചുപോവാൻ അവൾ തീരുമാനിച്ചിരുന്നു.വിമാനത്തിൽ ഫിറോസിനെ കാണുന്നതും അയാളുടെ പ്രണയപൂർണമായ സമീപനവും അവളുടെ നിശ്ചയദാർഢ്യത്തെ ബാധിക്കുന്നു.ഫിറാസുമായുണ്ടാകുന്ന പ്രണയം അവളെ കൂടുതൽ മതചിട്ടകളിലേക്ക് കൊണ്ടുപോകുന്നതും സൗദിയാണ് ലോകത്തെ ഏക ഇസ്ലാമിക രാഷ്ട്രം എന്നൊക്കെയുള്ള നിലപാട് അവൾ സ്വീകരിക്കുന്നതും കൂട്ടുകാരികളെ പ്രത്യേകിച്ചും സ്വതന്ത്രബുദ്ധിയായി മിഷേലിനെ അത്ഭുതപ്പെടുത്തുന്നുണ്ട്.വലീദുമായുണ്ടായ ബന്ധത്തെക്കുറിച്ച് ഇനിയൊരിക്കലും സംസാരിക്കരുതെന്നും അയാൾക്കൊരു ഭൂതകാലമുണ്ടായിരുന്നോ എന്ന ചോദ്യം മേലിൽ ആവർത്തിക്കരുതെന്നും ഫിറോസ് പറയുന്നതിലെ അപകടസൂചന അവൾക്ക് ആദ്യം ബോധ്യപ്പെടുന്നില്ല.വാലിദ് തന്നെ രഹസ്യാന്വേഷണത്തിനു വിധേയയാക്കിയിരുന്നു എന്നറിഞ്ഞപ്പോൾ ആ അപമാനം തിരിച്ചറിയുന്നതിനു പകരം ആ പരീക്ഷയിലും ജയിച്ചല്ലോ എന്ന് അഭിമാനിച്ചതിലെ അതേ തെറ്റ് ഇപ്പോഴും അവൾ ആവർത്തിക്കുന്നു.ഉമ്മു നുവയ്യിർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്,വാലീദിനു അസൂയയുടെ കുഴപ്പമുണ്ടെന്ന്.ഇപ്പോൾ അതേപോലെ ഫിറാസ്.അത് അസൂയയാണോ? അതോ അയാളുടെ ജീവിതത്തിലെ ആദ്യത്തെ പെൺകുട്ടി താൻ ആയപോലെ തന്റെ ജീവിതത്തിലെ ആദ്യത്തെയാൾ അയാളല്ല എന്നതിലെ ദേഷ്യമോ? ഇതൊക്കെയാണെങ്കിലും ഫിറാസിന്റെ വിവാഹവാർത്ത,നേരത്തെ വലിദ് നടത്തിയ വിവാഹമോചനം പോലെ സദീമിനെ തകർത്തുകളയുന്നുണ്ട്.അവളതിൽ നിന്ന് പതിയെ മോചിതയാകുന്നുണ്ടെങ്കിലും ഈ ഘട്ടത്തിലാണ് ബദ്റിയ്യ അമ്മായി താരിഖിന്റെ കാര്യം എടുത്തിടുന്നത്.കുട്ടിക്കാലം മുതലെ അവളെ നിശ്ശബ്ദം സ്നേഹിച്ചവൻ.കല്യാണക്കാര്യം വരുമ്പോൾ സൗദി യുവാക്കൾ വിദ്യാഭ്യാസവും പരിഷ്കാരവും ഉള്ള സ്ത്രീകളേക്കാൾ ഇതൊന്നുമില്ലാത്ത പെൺകുട്ടികളെയാണ് താൽപ്പര്യം എടുത്തിരുന്നതെന്ന് സദീം മനസ്സിലാക്കിയിരുന്നു.ഒരു വനിതാഡോക്ടർക്ക് വിവാഹജീവിതം ഏറെ അപ്രാപ്യമായിത്തീരുന്നത് അതുകൊണ്ടാണെന്ന് അവൾക്കറിയാം.സ്ത്രീകൾ എപ്പോഴും ഇത്തിരി താഴേയിരിക്കണം.കരുത്തുള്ള സ്ത്രീകളെ മാനിച്ചവർ പോലും അങ്ങനെ ചിന്തിച്ചു. പ്രണയത്തിന്റെ പാഠം സദീമിൽ മുഴുവനാകുക ഗംറയുടെ വാക്കുകളിലാണ്,നിന്നെ സ്നേഹിക്കുന്ന ഒരാളെ തെരഞ്ഞെടുക്കുക.നീ സ്നേഹിക്കുന്ന ആളെ അല്ല.നിന്നെ സ്നേഹിക്കുന്നയാളുടെ കണ്ണുകളിൽ എപ്പോഴും നീയുണ്ടാകും.അയാൾ എപ്പോഴും നിന്നെ സന്തോഷിപ്പിക്കും.എന്നാൽ നീ സ്നേഹിക്കുന്നവൻ നിന്നെ തട്ടിക്കളിക്കും,നിന്നെ പീഡിപ്പിക്കും,എല്ലായ്പ്പോഴും അയാളുടെ പിറകിൽ നിന്നെ ഓടിക്കും.താരിഖ് പ്രത്യേകതകൾ ഒന്നുമില്ലാത്ത സാധാരണക്കാരൻ ആയിരിക്കാം,ആവേശകരമായി അയാളിൽ ഒന്നുമില്ലായിരിക്കാം,ഓരോ തവണയും നിയെന്നെ നോക്കുമ്പോൾ എനിക്ക് അടിവയറ്റിൽ ചിത്രശലഭങ്ങളെ അനുഭവപ്പെടില്ലായിരിക്കാം.അത് സങ്കടമാണ്.അത് വെറും സാധാരണമാണ്.അത് ഒന്നുമല്ല.യാഥാർത്ഥ്യബോധത്തിലേക്കുള്ള സദീമിന്റെ ഈ പരിണാമത്തെ പാശ്ചാത്യമായ സ്ത്രീ വിവേചന ആശയങ്ങളുമായി പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്നത് പാഴ് വേലയായിരിക്കും.വിവാഹാനന്തരം ഉമ്മു നുവയ്യിറിന്റെ സഹായത്തോടെ വിവാഹ പാർട്ടി നടത്തിപ്പിന്റെ ബിസിനസ് തുടങ്ങാൻ തീരുമാനിക്കുന്ന സദീം ജീവിതത്തെ സംബന്ധിച്ച ഒരു പ്രസന്ന സമീപനം മുന്നോട്ടുവയ്ക്കുന്നുണ്ട്.അവൾ കൂട്ടുകാരികളുടെ സഹായവും മനസ്സിൽ കാണുന്നു.റിയാദ് ഓഫീസ് ഗംറയുടെ സഹായത്തോടെ നടത്താം.സദീം കിഴക്കൻ ദേശം നോക്കും.ലമീസിനു കഴിയുമെങ്കിൽ ജിദ്ദയുടെ ഓഫീസ് തുറക്കാം.നിസാറുമായുള്ള വിവാഹശേഷം അവൾ അങ്ങോട്ട് പോകും.മിഷേൽ ദുബായി മേഘല കൈകാര്യം ചെയ്യും.
ഈണമുള്ള ലബനീസ് അറബിയിൽ സംസാരിക്കുന്ന ഗംറാഹ് അനുഭവങ്ങളുടെ വേട്ടയിൽ കൂട്ടുകാരി സദീമിന്റെ വിധിയുമായി ഏറെ സാമ്യതയുള്ളവളാണ്.പരമ്പരാഗത നജ്ദി വിവാഹത്തിൽ വിവാഹക്കരാർ ഒപ്പുവയ്ക്കുമ്പോൾ പുരുഷന് കൈയൊപ്പും സ്ത്രീക്ക് വിരലടയാളവും എന്ന നിലപാടിൽ തുടങ്ങുന്ന സാമൂഹിക തമസ്കരണം ഒരു വശത്ത്,വിവാഹശേഷം റഷീദ് തന്റെ പഠനത്തിൽ മാത്രം ശ്രദ്ധിക്കുകയും അവളെ അവഗണിക്കുകയും ചെയ്യുന്നതിന്റെ വേദന മറുവശത്ത്. കടുത്ത യാഥാസ്ഥിതിക കുടുംബത്തിൽ വിവാഹം ഒരു കത്തിക്കുമേൽ ഇരിക്കുന്ന തണ്ണിമത്തൻ പോലെയാണ്. എന്താണ് കിട്ടാൻപോകുന്നത് എന്ന് ഒരിക്കലും അറിയില്ല.മൂത്ത സഹോദരി നാഫ് ലയുടെ തണ്ണിമത്തൻ ഏറെ മധുരമുള്ളതായി കാണപ്പെട്ടു.അതേസമയം അവളുടെ സഹോദരി ഹെസ്സായുടെയും കാര്യത്തിൽ അത് ഉണങ്ങിച്ചുരുങ്ങിയതായി തീർന്നു.റഷീദ് തന്റെ അങ്ങേയറ്റത്തെ തണുപ്പൻ മട്ടിലൂടെ എത്രമാത്രമാണ് ഒരോ ദിനവും അവളെ കത്തികൊണ്ടെന്നപോലെ കുത്തിയത്! ദുർവാശിക്കാരനും,എപ്പോഴും അകന്നുപോകുന്നവനുമായ ചിങ്ങരാശിക്കാരന് മിഥുനരാശിക്കാരിയുമായി യോജിപ്പ് 15 ശതമാനം മാത്രമാണെന്ന് തന്റെ രാശിശാസ്ത്ര പുസ്തകത്തിൽ ഒരിടത്ത്,ലമീസും മിഷേൽ പോലും രാശി നോക്കുമായിരുന്ന വിദഗ്ധയായിരുന്ന ഗംരാഹ് കണ്ടെത്തിയതാണ്.എന്നാൽ വടക്കൻ ആഫ്രിക്കൻ കുക്ക് പച്ചക്കൊടി കാട്ടിയതും കുടുംബത്തിന്റെ തെരഞ്ഞെടുപ്പുമാണ് അവളെ ആ വിവാഹത്തിലേക്ക് എത്തിക്കുന്നത്.ഏറെ പ്രയാസകരമായിരുന്ന ആദ്യ നാളുകൾക്കു ശേഷം സാധാരണ നജ്ദി ഭർത്താക്കന്മാരെ പോലെ റഷീദ് പതം വന്നതാണ്.അയാളുടെ ഫിലിപ്പിനോ യുവതിയുമായുള്ള ബന്ധം മനസ്സിലാവുമ്പോൾ പ്രതിഷേധ മാർഗമായി ഗംരാഹ് ഗർഭ നിരോധന മാർഗം ഉപേക്ഷിക്കുന്നു.വിവാഹയുദ്ധങ്ങളിൽ ബന്ധം തകരുന്നതിനെതിരെ കുട്ടികളെ പടച്ചട്ടയായി ഉപയോഗിക്കുന്നതിനോട് ആദ്യം അവൾക്ക് താൽപ്പര്യമില്ല. എന്നാൽ താൻ ഒന്നുമല്ലാതിരുന്നപ്പോഴും താങ്ങായിരുന്ന ഫിലിപ്പിനോ യുവതിയെ റഷീദിന് ഉപേക്ഷിക്കാനാവില്ല.സഹോദരി ഹെസ്സെയുടെ അനുഭവം ഉണ്ടെങ്കിലും അൽഖുസ്മാൻജി(നജദിലെ ഖാസിം നഗരത്തിൽ നിന്നുള്ള പുരാതന കുടുംബം) കുടുംബത്തിൽ വിവാഹമോചനം പാടില്ലെന്ന് മമ്മ വിലക്കുന്നു.നജദി ആണുങ്ങൾ അങ്ങനെയാവണം എന്ന,ഹെസ്സെതേൾ എന്ന് വിളിക്കുമായിരുന്ന ഭർതൃമാതാവിന്റെ നിലപാട് സ്ത്രീവിരുദ്ധത പുരുഷനിൽ ഒതുങ്ങുന്നതല്ല എന്ന പതിവുസത്യം
സൂചിപ്പിക്കുന്നു.ഗംരയാകട്ടെ,റഷീദ് വിട്ടുപോയ ശൂന്യത നികത്താൻ കട്ടിലിൽ കോണോടുകോൺ വിലങ്ങനെ കിടന്നു.കുഞ്ഞുപിറക്കുമ്പോൾ അവളുടെ ജീവിതം അത്രയൊന്നും മാറുന്നില്ല,കാരണം കുഞ്ഞിനെ നോക്കുന്ന ഭാരം കാര്യമായും ഫിലിപ്പിനോ ആയയുടേതാണ്.മിഷേലിൽ നിന്ന് ശക്തിയും സദീമിൽ നിന്ന് വിവേകവും,ലമീസിൽ നിന്ന് ഇത്തിരി ധൈര്യവും ആർജിക്കാനായെങ്കിൽ എന്ന് അവൾ മോഹിക്കുന്നു. എന്നാൽ മമ്മയും തന്റെ കൂട്ടുകാരും ഉൾപ്പെടെ എല്ലാവരും തന്നോട് കാർക്കശ്യം കാട്ടുന്നതായി അവൾക്ക് തോന്നുന്നു. അബുമുസായെദുമായി അമ്മാവൻ കൊണ്ടുവരുന്ന വിവാഹാലോചന ബദുയിൻ പുരുഷന്മാരുടെ കടുത്ത പ്രകൃതം അവളെ ബോധ്യപ്പെടുത്തുന്നു.ആലോചന കൊണ്ടുവരുന്ന അമ്മാവനോ,ഗംരായുടെ പിതാവോ പ്രതിശ്രുത വരനോ ആരുംതന്നെ അവളുടെ സാന്നിധ്യം പോലും കണ്ടതായി നടിക്കുന്നില്ല.വിവാഹമോചിതകളുടെയും വിധവകളുടെയും വിവാഹത്തിൽ അവരുടേതു തന്നെയാണ് അവസാനവാക്ക് എന്ന നബിവചനത്തിനൊന്നും ഒരു വിലയുമില്ല.എന്നാൽ സ്വപ്നവ്യഖ്യാതാവായ ഷെയ്ഖ് അവളുടെ രക്ഷക്കെത്തുന്നു.മുമ്പൊരു ഘട്ടത്തിൽ ശകുനവും നക്ഷത്രങ്ങളും അവളെ ചതിച്ചിരുന്നെങ്കിലും.
(3)
പടിഞ്ഞാറൻ ദേശമായ ഹിജാസിലെ പരിഷ്കൃത മൊഴിയും
‘ ഫറോവ ‘ എന്ന് വിളിപ്പേരുള്ള മുത്തശ്ശിയുടെ ശിക്ഷണത്തിൽ നിന്ന് കർക്കശ സംസാരരീതിയും നെടുതായ,ജിമ്മിൽ പരുവപ്പെടുത്തിയെടുത്ത ഉടൽവഴക്കവുമുള്ള നൃത്തവേദിയുടെ റാണികൂടിയായ ലമീസ്, മെഡിക്കൽയൂണിവേഴ്‌സിറ്റിയിൽ ഫാർമക്കോളജി വിഭാഗം ഡീൻ ആയ ഡോ.അസിം ഹിജാസിയുടെയും അതേ ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി അഡ്മിനിസ്റ്ററായ ഡോ.ഫാതിൻ ഖലീലിന്റെയും ഇരട്ടകളിൽ ഒരുവളാണ്.മുന്നിൽ നിന്ന് നയിക്കുന്ന പ്രകൃതക്കാരി.ഹൈസ്കൂൾ കാല കുസൃതികളിൽ നാലുകൂട്ടുകാരികളെയും ആവേശകരമായ സാഹസങ്ങളിലൂടെ പരിക്കുപറ്റാതെ കൊണ്ടുപോകുന്നത് എപ്പോഴും അവളാണ്.മൊബൈലുകൾ അത്ര ജനകീയമായിട്ടില്ലാത്ത തൊണ്ണൂറുകളുടെ രണ്ടാംപകുതിയാരംഭത്തിൽ മുൻകൂട്ടി പ്ലാൻചെയ്ത വീഡിയോ എക്സ്ചേഞ്ച് പരിപാടിയിൽ വിദഗ്ധമായി തടിരക്ഷപ്പെടുത്തുമ്പോൾ എല്ലാമറിയുന്ന പ്രിൻസിപ്പൽ അവളോട് പറയുന്നുണ്ട്.’ നിന്റെ പ്രശ്നം,ലമീസ്,നീ കരുതുന്നു നീയാണ് നിന്റെ കൊച്ചുമാഫിയയുടെ ഗോഡ്ഫാദർ ‘ എന്ന്.മെഡിക്കൽ കോളേജിൽ വച്ച് സുഹൃത്ത് ഫാത്തിമയുടെ സഹോദരൻ അലിയെ കണ്ടുമുട്ടുന്നതും കുലീനമായ സൗഹൃദം ഉടലെടുക്കുന്നതും അത് മതപൊലീസുമായി ഈരസലുണ്ടാവുന്നതിനു കാരണമാവുന്നതും പാവം അലി പുറത്താക്കപ്പെടുന്നതും ഫാത്തിമയുമായുള്ള സൗഹൃദം അവസാനിക്കാൻ ഇടയാക്കുന്നു.ട്രെനിങ്ങ് കാലത്ത് നിസാറനെ പരിചയപ്പെടുന്ന ലമീസ് ഇത്തവണ കണക്കുകൂട്ടിയതാണ്.അമിതാവേശത്തിലൂടെ അയാൾക്ക് തെറ്റായ സന്ദേശം നൽകി സ്വയം പരാജയപ്പെടില്ല.അയാളായിരിക്കണം മുൻകൈയെടുക്കുന്നത്.മനസ്സിൽ അവളൊരു കാലാവധി വയ്ക്കുന്നു – മൂന്നുമാസം. അതിനകം അതൊരു ശരിയായ സാധ്യതയുള്ള ബന്ധമായി വളർന്നില്ലെങ്കിൽ അത് മറന്നുകളഞ്ഞേക്കുക.കണക്കുകൂട്ടൽ വിജയിക്കുന്നു.നാല് കൂട്ടുകാരികളിൽ അങ്ങനെ അവൾ ആദ്യപ്രണയം തന്നെ ഫലപ്രാപ്തിയിലെത്തിയ ഏക വ്യക്തിയായിത്തീരുന്നു.ഹിജാസി യുവാക്കൾക്ക് നജദി യുവാക്കളെക്കാൾ പ്രായത്തിന്റെ വിലയറിയാമെന്നു ഗംറാഹ് നിരീക്ഷിക്കുന്നു. എന്നാൽ സ്ത്രീ വിമോചനത്തെക്കുറിച്ച് തുറന്ന നിലപാടുകളുള്ള മിഷേൽ മുന്നോട്ടുവയ്ക്കുന്നത് അവർ സ്വാഭാവികമായി ചെയ്യേണ്ടത് ചെയ്യുമ്പോൾ പുരുഷന്മാരെ ആ രീതിയിൽ പുകഴ്ത്തേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്ന പെൺകുട്ടികളുടെ വിധേയത്വ മനസ്ഥിതിയാണെന്നുമാണ്.
ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസുള്ള,ആത്മവിശ്വാസമുള്ള പുതുതലമുറ യുവതികളുടെ ഏറ്റവും മികച്ച പ്രതീകം കൂട്ടുകാരികൾക്കിടയിൽ മിഷേലി തന്നെ.കൂട്ടുകാരികളെക്കുറിച്ച് ഏറെ പൊസസീവ് ആണ് മിഷേലി.ലമീസ് വേറെ കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത് അവൾക്ക് ഇഷ്ടമാവുന്നില്ല.ഷിയാ വിഭാഗക്കാരിയായ ഫാത്തിമയുമായുള്ള ലമീസിന്റെ സൗഹൃദത്തെ അവൾ വെറുക്കുന്നതും മതപരമായ കാരണംകൊണ്ടല്ല എന്ന് ലമിസിനറിയാം.അവളുടെ സുഹൃത്തുക്കളാരും ഫാത്തിമ ഷിയാവിഭാഗക്കാരിയാണോ സുന്നിയാണോ സൂഫി മുസ്ലിം മിസ്റ്റിക് ആണോ ക്രിസ്ത്യനോ ജൂതനോ ആണോ എന്നൊന്നും നോക്കുമായിരുന്നുമില്ല.മുൻവിധികളുടെ പിടിയിൽ ഷിയാ വിഭാഗക്കാരികൾ നൽകുന്ന ഭക്ഷണം പോലും ലമീസ് മുമ്പ്കഴിക്കുമായിരുന്നില്ല. രാജകുമാരിയായിരുന്ന സാറയുമായി ലമീസ് അടുത്തപ്പോഴും മിഷേലിന് ഇഷ്ടമായില്ല.പക്ഷേ,രാജകുമാരി പഠനം കഴിഞ്ഞതും ലമീസിനെ മറന്നു.സദീമിനോട് ലമീസ് വിശദീകരിക്കുക,മിഷേലിൽ ഇല്ലാത്ത പല ഗുണങ്ങളും ഫാത്തിമയിലുണ്ട് എന്നാണ്.അപ്പോൾ വിവാഹം കഴിക്കുമ്പോൾ ഭർത്താവിൽ ഇല്ലാത്ത ഗുണങ്ങൾ മറ്റൊരാളിൽ കണ്ടാൽ അങ്ങോട്ട് തിരിയുമോ എന്ന് സദീം മറുചോദ്യം ഉന്നയിക്കുന്നു.സാൻഫ്രാൻസിസ്കോയിൽ ആണുങ്ങളുടെ നിഴലില്ലാതെ വിമാനമിറങ്ങുന്ന മിഷേലി കസിൻ മാറ്റിയെ കണ്ടുമുട്ടുന്നു.മിഷേലിന്റെ ജീവിതത്തെ ആസ്വാദ്യകരമായ സാഹസമാക്കാൻ അയാൾക്ക് കഴിയും.അയാളുടെ സഹായം അവൾക്ക് മികച്ച ഗ്രേഡുകൾ കിട്ടുന്നതിനും ഇടയാക്കുന്നു.എന്നാൽ ഫെയ്സൽ അവൾക്ക് വെളിപ്പെടുത്താനാവാത്തരഹസ്യമാണ്.സ്വാതന്ത്ര്യം ശ്വസിച്ച നാട്ടിൽ നിന്നുള്ള ആയിരുന്ന മാറ്റി അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള ഒരസാധാരണ ശക്തി എന്ന നിലയിൽ പ്രണയത്തിൽ വിശ്വസിച്ചു.കുട്ടിക്കാലത്തുനിന്നു പുറത്തുകടന്ന ആദ്യ നാളുകളിൽ മിഷേലിയും അതുപോലെ വിശ്വസിച്ചു.പക്ഷേ,അത് അവൾ അമേരിക്കയിൽ നിന്ന് തന്റെ നാട്ടിലേക്ക് ജീവിക്കാൻ പോകും മുമ്പായിരുന്നു.അവിടെ പ്രണയം ഒരു അരുതാത്ത ഫലിതമായി കണക്കാക്കപ്പെട്ടു.കുറച്ചു കാലം തട്ടിക്കളിക്കാവുന്ന ഒരു കാൽപ്പന്ത്,അധികാരമുള്ളവർ തട്ടിത്തെറിപ്പിക്കും വരെ.മിഷേലിയുടെ സ്ത്രീ വിമോചന കാഴ്ചപ്പാടുകൾ ഗംറയെ പേടിപ്പിക്കുന്നു.സ്വയം പ്രതിരോധിക്കാൻ വേണ്ടവിധം ശക്തയായവൾ അവൾ ഗംറയെ ഉപദേശിക്കുന്നു.സദീം തന്റെ ഇംഗ്ലണ്ട് വാസത്തിനുശേഷം കുറെക്കൂടി പക്വതയാർജിച്ചതായി മിഷേലി മനസ്സിലാക്കുന്നു.സൗദി യുവാക്കൾ പ്രണയത്തിനായി പിന്നാലെ കൂടും.എന്നാൽ ഒരിക്കൽ കുടുംബാഗങ്ങളുടെ കണ്ണുവെട്ടിച്ച് അവരോട് അടുപ്പം കാട്ടിയാൽ ആ നിമിഷം അവർക്ക് നിങ്ങളിലുള്ള ബഹുമാനവും വിശ്വാസവും നഷ്ടമാവും.ഈ നിലപാടിനെതിരെ ഫിറോസിനെ പ്രതിരോധിക്കുമ്പോഴും സദീമിന് അറിയാം,അത് ശരിയാണെന്ന്.
താരതമ്യേന വിമോചിതമായ കുടുംബ ചുറ്റുപാടുകളാണ് മിഷേലിയുടെ വ്യക്തിത്വത്തിന്റെ പ്രഭവം.മമ്മക്ക് ക്യാൻസർ ബാധിച്ചപ്പോൾ ഒരു ആൺകുട്ടി വേറെ വിവാഹം ചെയ്യാൻ അവളുടെ അച്ഛനെ അദ്ദേഹത്തിന്റെ സഹോദരിതന്നെ ഉപദേശിച്ചതാണ്.അതും മമ്മയുടെ മുന്നിൽവച്ച്.ഡാഡി ഉറച്ചുനിന്നു.പതിമൂന്നു വർഷങ്ങൾക്കുശേഷം സഹോദരനായി മിഷാലിനെ ദത്തെടുക്കാൻ തെരഞ്ഞെടുത്തത് മിഷേലി ആയിരുന്നു. എന്നാൽ ഈ സ്വതന്ത്ര വ്യക്തിത്വം തന്നെയും സൗദിസമൂഹത്തിൽ അവൾക്കത്ര ഗുണമല്ല ചെയ്യുന്നത്.യൂണിവേഴ്‌സിറ്റിയിൽവച്ച് ഉണ്ടാവുന്ന ഫെയ്സലുമായുള്ള ബന്ധം എങ്ങുമെത്താതെ പോകുന്നത് അയാൾ ആ പതിവ് സൗദി ആൺകോയ്മയുടെ വക്താവായതുകൊണ്ടാ
ണ്.നജ്ദി സൗന്ദര്യവും അമേരിക്കൻ വ്യക്തിത്വവുമുള്ള മിഷേലി ഒരിക്കലും ഫെയ്സിലിന്റെ സ്വന്തമാവില്ല.ഫെയ്സൽ നൽകിയ മുറിവുണ്ടെങ്കിലും അയാൾ തന്നെ ശരിക്കും സ്നേഹിച്ചിരുന്നുവെന്നും ഇപ്പോഴും താൻ അയാളെ സ്നേഹിക്കുന്ന പോലെ തിരിച്ചും സ്നേഹിക്കുന്നുണ്ടെന്നും മിഷേലിന് ഉറപ്പുണ്ടായിരുന്നു.എന്നാൽ അയാൾ ദുർബലനും കർതൃത്വമില്ലാത്തവനും സമൂഹത്തിലെ അംഗങ്ങളെ തളർത്തിക്കിടത്തുന്ന ഒരു സാമൂഹ്യ മനസ്ഥിതിയുടെ അടിമയും ആയിരുന്നു. കാപട്യ ജടിലവും വൈരുധ്യങ്ങളിൽ വിവശമായതുമായ ഒരു സമൂഹമായിരുന്നു അത്,ഒന്നുകിൽ ആ വൈരുധ്യങ്ങളെ അംഗീകരിക്കുക,അവയ്ക്ക് കുമ്പിടുക,അല്ലെങ്കിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ നാടുവിടുക.ഇതേ അവൾക്ക് മാർഗമുണ്ടായിരുന്നുള്ളു.അമേരിക്കയിലേക്ക് ഉപരപഠനത്തിനു പോകുന്നതിനു മുമ്പ് കൂട്ടുകാരെ കാണുമ്പോൾ മിഷേലി ആ പുരുഷവിദ്വഷവും സൗദി സമൂഹത്തിനു നേരെയുള്ള വിമർശനങ്ങളും തുറന്നു പറയുന്നു. അവളുടെ പിതാവിൽ തന്നെയും വൈരുധ്യങ്ങളുടെ പകർച്ചവ്യാധിയെന്ന ദേശീശയരോഗം അവൾ കണ്ടെത്തുന്നു.ഒരു ജനതയോടൊപ്പം ജീവിച്ചുതുടങ്ങമ്പോൾ ഒരാൾ അവരിൽ ഒരാളായി മാറുന്നു. മാറ്റിയെ അവൾക്ക് സ്വീകരിക്കാനാവില്ല.ഒരു മുസ്ലിം പുരുഷന് ഒരു ക്രസ്ത്യൻ സ്ത്രീയെ വിവാഹം ചെയ്യാം.എന്നാൽ സ്ത്രീക്ക് അമുസ്ലിം പുരുഷനെ വിവാഹം ചെയ്തുകൂടാ.മാറ്റിയുമായുള്ള അടുപ്പം വളരാതിരിക്കാൻ മിഷേലിയെ ദുബായ് യൂണിവേഴ്‌സിറ്റിയിലേക്ക് മാറ്റുന്നു.അവിടെ ടി വി പരിപാടി അവതരിപ്പിച്ചുതുടങ്ങുന്നതോടെയാണ് ആദ്യമായി അവൾക്ക് ശരിക്കും സ്വതന്ത്രയായി എന്ന തോന്നലുണ്ടാവുന്നത്.സുഹൃത്തുക്കളെപ്പോലെ ആകേണ്ടിവന്നാൽ അത് മരണമായിരിക്കും എന്നവൾ ചിന്തിക്കുന്നു.ഗംറയെപ്പൊലെ വീട്ടുതടങ്കൽ,സദീമിനെപ്പോലെ പുരുഷന്റെ തടവിൽ,ലമീസിനെപ്പോലെ പൊങ്ങച്ചത്തിന്റെ തടവിൽ.
സൗദി സമൂഹത്തിലെ യുവതലമുറയിൽ ഭൂരിപക്ഷത്തെയും പോലെ പെൺകുട്ടികളെല്ലാം വീട്ടുപാരമ്പര്യത്തിന്റെയും ആധുനികതയുടെയും ശക്തികൾക്കിടയിൽ വലിഞ്ഞുമുറുകുന്നവരാണ്.സൗദി സമുഹം സാമൂഹിക വിഭാഗങ്ങളുടെ ഒരു ഫ്രൂട്ട് കോക്ക്ടെയിൽ പോലെയായിരുന്നു.അത്രയ്ക്കും അത്യാവശ്യമില്ലെങ്കിൽ ഈ വിഭാഗങ്ങൾ പരസ്പരം കൂടിക്കലരില്ല.റിയാദിലെ വെൽവെറ്റ് ഉപരിവർഗം മാത്രമായിരുന്നു നാല് പെൺകുട്ടികളുടെയും ലോകം. എന്നാൽ അത് യൂണിവേഴ്‌സിറ്റി ചുറ്റുപാടിലെ വൈവിധ്യത്തിന്റെ ഒരു ചെറുഭാഗം മാത്രമായിരുന്നു.മുമ്പ് വാലന്റൈൻസ് ദിനംപോലുള്ള പാശ്ചാത്യ സമ്പ്രദായങ്ങൾ പകർത്താൻ ശ്രമിക്കുന്ന യുവജനങ്ങൾക്ക് അത്തരം കാര്യങ്ങളിൽ വിലക്കുകളുമായി മതപൊലീസ് കർക്കശമായി ഇടപെട്ടുതുടങ്ങുന്നത് ദുസ്സഹമാവുന്നുണ്ട്.വസ്ത്രധാരണ രീതികളിൽ പരമ്പരാഗത രീതികൾ മുറുകെ പിടിക്കുമ്പോഴും ഇപ്പോൾ ഗുച്ചി,ക്രിസ്റ്റ്യൻഡയർ,ഗിവേഞ്ചി,വാലെന്റിനോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകൾ നിർമിക്കുന്ന ഷിമാഘും തോബും ഒക്കെയാണ് പുതുതലമുറക്ക് പ്രിയം.ഇതൊക്കെയാണെങ്കിലും നോവൽ അതിന്റെ കടുത്ത വിമർശകർ ചിത്രീകരിക്കാൻ ശ്രമിക്കുന്നപോലെ അത്ര കലാപസ്വഭാവമുള്ളതല്ലെന്നും ഫലത്തിൽ ഏറെ യാഥാസ്ഥിതികമാണെന്നും റേച്ചൽ ആസ്പെഡെൻ നിരീക്ഷിക്കുന്നു.തന്റെ നായികമാരെപ്പോലെത്തന്നെ നോവലിസ്റ്റും അവരുടെ പ്രണയഭംഗങ്ങളുടെ കൂടുതൽ വിശാലമായ അടിസ്ഥാനമാനങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കുന്നതേയില്ല.പ്രേമനൈരാശ്യത്തിന്റെ വേദന മറക്കാൻ കഴിയുംവിധം ഇടപെടാൻ തനിക്കൊരു മഹത്തായ ലക്ഷ്യമില്ലാത്തതിനെക്കുറിച്ച്,എന്തുകൊണ്ടാണ് യുവജനങ്ങൾക്ക് രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്തത് എന്ന സദീമിന്റെ ചോദ്യം അവിടെത്തന്നെ അവസാനിക്കുന്നു.ഒടുവിൽ, ആൺകോയ്മയുടെ സാമൂഹിക പരിമിതികൾക്കെതിരിൽ സംഘടിതമായി കൂട്ടുകാരികൾ കണ്ടെത്തുന്ന പ്രതിഷേധകർമം ബെൽജിയൻ ചോക്കലേറ്റ് ഇറക്കുമതിചെയ്ത് ഒരു വിവാഹ സൽക്കാര നടത്തിപ്പ് ബിസിനസ് തുടങ്ങുക എന്ന
‘ ശ്വസനസ്ഥലി ‘
(Breathing space) തേടലിനപ്പുറം ഒന്നുമാവുന്നില്ല താനും.
‘ റിയാദിലെ പെൺകുട്ടികൾ ‘ സൗദി വ്യവസ്ഥിതിക്കെതിരെയുള്ള ഒരു വിഷം വമിക്കുന്ന തൂലിക എന്നതിലേറെ അമേരിക്കക്കുള്ള ഒരു പ്രണയലേഖനമാണ് എന്ന് റേച്ചൽ ആസ്പ്ഡെൻ അതിശയോക്തി കലർത്തുന്നു.
അവസാനിച്ചു
സുധാകരൻ കെ.ആർ
