ആറാം കുന്ന് – പ്രകാശൻ കരിവെള്ളൂർ.
മികച്ച ബാല്യസാഹിത്യത്തിനുള്ള അബുദാബി ശക്തി അവാർഡ് നേടിയ പ്രകാശൻ കരിവെള്ളൂരിന്റെ ആറാംകുന്ന് എന്ന നോവലിലൂടെ നമ്മുടെ കുട്ടിക്കാലത്തെ ജീവിതം വരച്ചു കാട്ടുകയാണ്.
ഡിസംബർ ബുക്സ് പുബ്ലിക്കേഷന്റെ 150 രൂപ വിലയുള്ള, നിഷ്കളങ്ക ബാല്യത്തിന്റെ ഓർമ്മകളിലേക്ക് നമ്മെ ഒരുകുറി തിരിച്ചുകൊണ്ടുപോകുന്ന മനോഹരമായൊരു ബാലസാഹിത്യം.
ആറാം കുന്ന് വെളിച്ചമാണ്…
ഓർമ്മയിലെ വെളിച്ചത്തിലേക്കുള്ള യാത്രയാണ് ……
ഏറെ സന്തോഷപൂർവ്വം പരിചയപ്പെടുത്തട്ടെ…
ആറാം കുന്ന്
♻️♻️♻️♻️♻️♻️♻️♻️♻️
പ്രകാശൻ കരിവെള്ളൂർ.
ബാല്യകാലത്തിലൂടെ കടന്നുപോയ ഒരു മധുരിക്കുന്ന വേദനയാണ് ആറാംകുന്ന്.
കഥയിലൂടെ നാം ഒരു കഥാപാത്രമായി ആറാംകുന്നിലെത്തുകയും വണ്ണാത്തിപ്പാറുവിനെ കാണാതെ കാണുകയും ചെയ്തിട്ടുണ്ട്. ഒരു കഥ എന്നതിലുപരി ഇതൊരു ജീവിതമാണ്. ഗ്രാമീണ ജീവിതത്തിലെ അന്ധമായ വിശ്വാസങ്ങളുടെ കഥ.
ഇതിലെ കേന്ദ്ര കഥാപാത്രം എട്ടുവയസുകാരൻ പാച്ചുവാണു. പാച്ചുവിൻറെ മനസ്സിൽ തറയ്ക്കപ്പെട്ട വണ്ണാത്തിപ്പാറു എന്ന പ്രേതത്തിനെ അടിസ്ഥാനമാക്കിയ ഒരു ഓർമ്മക്കുറിപ്പ്. കുട്ടികൾക്കായുള്ള നോവൽ വായിക്കുമ്പോൾ എവിടെയൊക്കെയോ ബാല്യത്തിലെ എന്നെ കാണാൻ സാധിച്ചു എന്നൊരു സത്യം കൂടി വെളിപ്പെടുത്തുന്നു.
പണ്ട് ഞാൻ സ്കൂളിൽ പോയിരുന്നത് കുപ്പം പുഴയുടെ അരികിലൂടെയാണ്. അപ്പോഴൊക്കെ അമ്മുമ്മയുടെ വക ഓരോ കെട്ടുകഥകൾ കേൾക്കാം. "പുഴയിൽ പലതും ഒഴുകി നടക്കുന്നുണ്ടാകാം. കുപ്പിയോ, പന്തോ അങ്ങനെ എന്തൊക്കെയോ . അതിലൊക്കെ മരിച്ചവരുടെ ആത്മാക്കളെ ആവാഹിച്ചതാണ്. അതുകൊണ്ട് അതൊന്നും എടുക്കരുത്." പ്രേതത്തെ പേടിയുള്ള ആ ബാല്യം പുഴയിലേക്ക് നോക്കാൻ കൂടി മടിച്ചിരുന്നു എന്ന് പറയാം.
അതുപോലെ ഇവിടെയും ആറാംകുന്നിനെ ചുറ്റിപ്പറ്റി കുട്ടികൾക്ക് ഒരുതരം പേടി മനസ്സിലേക്ക് തള്ളിക്കൊടുക്കുകയാണ്. ആരോരുമില്ലാത്ത വണ്ണാത്തിപ്പാറുവിനെ കല്യാണം കഴിക്കാനെത്തുന്ന നമ്പൂതിരിയെ കാണാം. പിന്നീട് ജാതിചിന്തകളുടെ ചാപല്യത്തിൽ നാട്ടുകാർ അവരെ തീയിട്ട് ചുട്ടുകൊല്ലുകയും ചെയ്യുന്നു. ഇതാണ് കഥയുടെ മൂർത്തീഭാവം.
അതുകൂടാതെ കമ്മ്യൂണിസ്റ് പാർട്ടിയുടെ പഴയകാല പ്രവർത്തനത്തിന്റെ ചില ഓര്മപ്പെടുത്തലുകളും കഥയിലൂടെ കാണാം. പ്രവർത്തകനായ പാച്ചുവിൻറെ നാരായണമ്മാവൻ ഒളിവിൽ പോകുന്നതും തിരികെ വരുന്നതും പിന്നീട് മതം നോക്കാതെ ജമീലയെ വിവാഹം കഴിക്കുന്നതും പിന്നീട് വീട്ടില് നിന്ന് പുറത്താക്കപ്പെടുന്നതും മറ്റൊരു സന്ദർഭം.
അതിനിടയിൽ മാറാപ്പമ്മാവൻ എന്നൊരു വൃദ്ധനെ കൂടി ചൂണ്ടിക്കാട്ടുന്നു. ചെറുപ്രായക്കാർ ആത്മഹത്യ ചെയ്യുന്നത് സഹിക്കാൻ വയ്യാത്തൊരു മനുഷ്യന്റെ മാറാപ്പും മറ്റൊരു വഴിത്തിരിവാകുന്നു.
പ്രകാശൻ കരിവെള്ളൂർ എന്ന കണ്ണൂർക്കാരന്റെ രചനയിൽ പലയിടത്തും നാടൻ പ്രയോഗങ്ങൾ കാണാവുന്നതാണ്.അതും നമ്മുടെ കഥയെ മികവുറ്റതാക്കാൻ സഹായിച്ചു.
ഒരു കളിയിലൂടെ തുടക്കം കുറിച്ച നോവലിൽ പണ്ട് നാം കളിച്ച ഒരു കൂട്ടം നാടൻ കളികൾ ഒരു ഓർമ്മയിലെന്നോണം മനസ്സിലുണ്ട്. പൂന്തിട്ട് കളി, കൊത്തങ്കല്ലു കളി ,ഒളിച്ചു കളി, കഞ്ഞിയും പയറും വെച്ചു കളി, പാളയിലിരുത്തി വലിക്കൽ എന്നിവ.
ഇന്നത്തെ കുട്ടികൾക്ക് അനുഭവിക്കാൻ പറ്റാത്ത ഒരുതരം സുഖമുള്ള കളികൾ, പേടികൾ, സ്നേഹം, ശാസന എല്ലാം ഒരുമിച്ച് കുഴച്ചു ചേർത്ത പഴമയുടെ അനുഭൂതിയുണർത്തുന്ന മനോഹരമായ രചന.
ശാരിയദു