വളരെയേറെ ആകാംക്ഷയോടെ വായിച്ചുതീർത്ത, നല്ലൊരു വായനാനുഭവം തന്ന ‘കുമയൂൺ കുന്നുകളിലെ നരഭോജികൾ ‘ എന്ന പുസ്തകത്തെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്. വനങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് തന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ പുസ്തകത്തിന്റെ പ്രാധാന്യം ഏറെയാണ്.

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനത്തിന്റെ സ്ഥാപകനായ ജിം കോർബെറ്റിന്റെ നായാട്ടനുഭവങ്ങൾ പങ്കു വയ്ക്കുന്ന പുസ്തകമാണ് കുമയൂൺ കുന്നുകളിലെ നരഭോജികൾ. ഒരേ സമയം തന്നെ ലോകപ്രശസ്ത കടുവ വേട്ടക്കാരനായും വന്യജീവി സംരക്ഷണ പ്രവർത്തകനായും പേരെടുത്ത ജിം കോർബറ്റ് വേട്ടയാടിയിരുന്നത് നരഭോജികളായ കടുവകളെയായിരുന്നു.
1900-1930 കാലയളവിൽ ഇന്നത്തെ ഉത്തരാഖണ്ഡിന്റെ ഭാഗമായ കുമയൂൺ താഴ്വരകളിലെ ഗ്രാമവാസികളെ കൊന്നൊടുക്കി പേടി സ്വപ്നമായി മാറിയ നരഭോജികളായ കടുവകളുമായുള്ള ജിം കോർബറ്റിന്റെ ഏറ്റുമുട്ടലുകളാണ് പത്തു കഥകളിലായി പുസ്തകത്തിലുള്ളത്. അത്യന്തം സാഹസികത നിറഞ്ഞതും വായനക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതുമാണ് ഓരോ കഥയും.
ഇരയും വേട്ടക്കാരനുമാണ് നമ്മുടെ മുൻപിലുള്ള കഥാപാത്രങ്ങൾ. കഥയുടെ അവസാനം മാത്രമേ ആരാണ് ഇര, ആരാണ് വേട്ടക്കാരൻ എന്ന് വായനക്കാരന് തീരുമാനിക്കാൻ കഴിയൂ. വെറും വേട്ടക്കഥകൾ അല്ല ഇവയൊന്നും. കാടിന്റെ, കാടിന്റെ മക്കളുടെ, വന്യതയുടെ ആസ്വാദനമാണ് ഓരോ കഥയും. വേട്ടക്കാരനോടൊപ്പം നിങ്ങളും മൈലുകളോളം കടുവയുടെ കാൽപ്പാടുകൾ പിന്തുടർന്ന് അതിന്റെ മടയിലേക്കു യാത്ര ചെയ്യുന്ന ഒരു അനുഭവമാണ്. കാടിന്റെ സ്പന്ദനമറിയുന്ന, ഇന്ത്യൻ ഗ്രാമീണരുടെ ഇടയിൽ ജീവിച്ച, അസാമാന്യ ധൈര്യശാലിയും മനുഷ്യസ്നേഹിയും ജന്തുസ്നേഹിയുമായ ഒരു മനുഷ്യന്റെ അതിസാഹസിക നിമിഷങ്ങൾക്ക് വായനക്കാരൻ സാക്ഷിയാവുന്നു ഇവിടെ.
കടുവകൾ എങ്ങനെ നരഭോജികളായി മാറുന്നു എന്നതിന്റെ ശാസ്ത്രീയമായ വിശദീകരണവും കോർബറ്റ് ഈ പുസ്തകത്തിൽ നൽകുന്നുണ്ട്. മനുഷ്യർ കടുവകളുടെ പ്രകൃതിദത്തമായ ഇരകളല്ല. പ്രായാധിക്യമോ, പരിക്കുകളോ അല്ലെങ്കിൽ സാഹചര്യങ്ങളോ മൂലം മനുഷ്യരെ ഇരകളാക്കാൻ നിർബന്ധിതരാവുന്നവയാണ് നരഭോജികളായ കടുവകൾ. കടുവയുടെ കാൽപ്പാടുകൾ അവയെപ്പറ്റി ഒരുപാട് വിവരങ്ങൾ വെളിവാക്കുമെന്ന് കോർബറ്റ് പറയുന്നു. ഒരു കടുവ ആണോ പെണ്ണോ എന്നുള്ളത്, അതിന്റെ വയസ്സ്, അത് സഞ്ചരിച്ച സ്ഥലങ്ങൾ എന്നിങ്ങനെയുള്ള വിവരങ്ങൾ അവയുടെ കാൽപ്പാടുകളിൽ നിന്ന് തിരിച്ചറിയാമെന്ന് കോർബറ്റ് തന്റെ അനുഭവങ്ങളിലൂടെ പങ്കു വയ്ക്കുന്നു.
ഏറ്റവുമധികം മനുഷ്യരെ വകവരുത്തിയതിനുള്ള റെക്കോർഡിനുടമയായ ചമ്പാവത്തിലെ പെൺ കടുവയെ കീഴടക്കിയ അനുഭവവും കോർബറ്റ് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്. നേപ്പാളിലും പിന്നീട് കുമയൂൺ താഴ്‌വാരങ്ങളിലുമായി 436 മനുഷ്യരെ കൊന്നൊടുക്കിയ ചമ്പാവത്തിലെ കടുവയെ 1907 ൽ ജിം കോർബറ്റ് വെടിവച്ചു കൊല്ലുകയായിരുന്നു. നേപ്പാൾ ആർമിക്ക് പോലും വകവരുത്താൻ കഴിയാതിരുന്ന ഈ കടുവയെ അതിസാഹസികമായാണ് കോർബറ്റ് വകവരുത്തുന്നത്. കടുവയുടെ ഇരയായ പെൺകുട്ടിയുടെ രക്തവും ശരീരാവശിഷ്ടങ്ങളും പിന്തുടർന്ന് കടുവയെ കണ്ടെത്തി വക വരുത്തുന്ന ത്രസിപ്പിക്കുന്ന കഥ ഈ പുസ്തകത്തിൽ വായിച്ചെടുക്കാം.
ഇരുപത്തിയേഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ പുസ്തകത്തിന്റെ 40 ലക്ഷത്തിലധികം കോപ്പികൾ ലോകത്താകമാനം വിറ്റ് പോയിട്ടുണ്ട്. ശ്രീ എൻ മൂസക്കുട്ടിയാണ് മലയാളത്തിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്തിട്ടുള്ളത്.
നരഭോജികളായ കടുവകളെ ഭയന്ന് ജനങ്ങൾ ഗ്രാമങ്ങളും ദേശങ്ങളും പോലും ഉപേക്ഷിച്ചു പോയിരുന്ന ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഈ പുസ്തകത്തിലെ ഓരോ കഥയും. നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ, ഒരു പ്രകൃതിസ്നേഹിയാണെങ്കിൽ, യാത്രകളെ സ്നേഹിക്കുന്ന ഒരാളാണെങ്കിൽ അതിലെല്ലാമുപരി വ്യത്യസ്ത വായനാനുഭവങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ തീർച്ചയായും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്. നൂറു പുലിമുരുകന്മാരെ ഒരുമിച്ച് കണ്ട വായനാനുഭവമാണ് ഈ പുസ്തകം!
കാടുകേറാൻ മോഹം! പുസ്തകം വായിച്ചിട്ടില്ല. ഇപ്പോളൊരാവേശം. വായനയ്ക്കു ശ്രമിക്കാൻ, ഈ കുറിപ്പ് പ്രേരിപ്പിച്ചിരിക്കുന്നു. നന്ദി.