തയ്യാറാക്കിയത്: ലക്ഷ്മി ദാമോദർ, കുറ്റ്യാടി
അംബികാസുതൻ മാങ്ങാടിൻ്റെ “മാക്കം എന്ന പെൺ തെയ്യം “
വായന ഇതുവരെ വായിച്ച നോവലുകളിലൊന്നും ലഭിയ്ക്കാത്ത ഒരു ഊർജ്ജമാണ് ഈ കഥാവായന വേളയിലെനിക്ക് ലഭിച്ചത്. വായന കഴിയുംവരെ ബുക്ക് താഴെ വയ്ക്കാൻ ആകാംഷ അനുവദിച്ചില്ല എന്നതാണ് സത്യം .
അമ്മയും, അമ്മമ്മയും പലപ്പോഴായി പറഞ്ഞുതന്ന പലകഥകളിൽ മാക്കത്തിൻ്റെതും ഉണ്ടായിരുന്നു. വളരെ ചെറുപ്പത്തിൽ കേട്ടതുകൊണ്ട് മാക്കവും, നീലിയും, ഉണ്ണിയാർച്ചയും പരസ്പരം കെട്ടുപിണഞ്ഞു കിടന്നിരുന്നു. വായ്പ്പാട്ടുകളിലും നാടൻ പാട്ടുകളിലും, ഭാഷാഗാനങ്ങളിലും ധാരാളം കഥകളും ഉപകഥകളും ഐതീഹ്യമായി കേട്ടിട്ടുണ്ട്.
എന്നാൽ മാക്കം ഉത്തര മലബാറിലെയൊരു തെയ്യമാണെന്ന് കൃത്യമായി മനസ്സിലായത് ഈ പുസ്തകവായനയിലാണ്.
വടക്കേമലബാറിൻ്റെ സാമൂഹീക സാംസ്ക്കാരിക പാരമ്പര്യത്തിൽ സുപ്രധാന സ്ഥാനമാണ് തെയ്യത്തിനുള്ളത്. പൈതൃകമായ വിശ്വാത്തിനും അചാരത്തിനുമൊപ്പം ഒരു കലയെന്ന രീതിയിലും തെയ്യം ആസ്വാദിക്കുന്നുണ്ട്. വിദേശികളെപ്പോലും വടക്കേമലബാറിലേക്ക് ആകർഷിക്കാനീ സാംസ്ക്കാരിക പാരമ്പര്യത്തിന് സാധിക്കുണ്ട്, എന്നതു വലിയ കാര്യമാണ്.
ആചാരാനുഷ്ഠാനങ്ങളും പരദേവതകളും, ദേവസങ്കല്പങ്ങളും ഓരോ തറവാടുകളും ആഘോഷമായും ഉത്സവമായും കൊണ്ടാടുമ്പോൾ അറ്റുപോകാത്ത സ്നേഹത്തിൻ്റ
അദൃശ്യനൂൽ മനുഷ്യബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു എന്നു മാത്രമല്ല ഏത് തിരക്കിലും ഒത്തുചേരാനുള്ള സമയം കണ്ടെത്തുന്നു.
ഇവിടെ അംബികസുതൻ മാഷ് തൻ്റെ മറ്റു നോവലുകളെയും ചെറുകഥകളെയും അപേഷിച്ച്
വ്യത്യസ്തമായി വായ്മൊഴിയായും വടക്കൻ പാട്ടുകളിലൂടെയും മാത്രംകേട്ട എന്നാലൊരു കൂട്ടം ആളുകൾ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന കടാങ്കോട്മാക്കത്തിൻ്റെ അഥവാ പെൺ തെയ്യമായി മാറിയ മാക്കത്തിൻ്റെ കഥയാണു പറയുന്നത്. സ്ത്രീയായതുകൊണ്ട് ചെയ്യാത്ത തെറ്റിന് തൻ്റെ നേരാങ്ങളമാരാൽ കഴുത്തറുക്കപ്പെടുന്ന മാക്കത്തിൻ്റെയും മക്കളുടെയും കഥ ഏറെ മനോഹരമായി കണ്ണൂർ/കാസർഗോഡുഭാഷ ശൈലിയിൽ മനോഹരമായി വരച്ചിട്ടിരിക്കുന്നു കഥാകാരൻ.
ഉണ്ണിച്ചെറിയെന്ന സ്ത്രീക്ക് പന്ത്രണ്ട് യോദ്ധാക്കൾക്ക് ശേഷം വരമായി ലഭിച്ച മാക്കം സുഖസസമ്പന്നതയുടെ നടുവിൽ തറവാട്ടിലുള്ളവരുടെയും ആങ്ങളമാരുടെയും വാത്സല്യപാത്രമായി വളർന്നു വരികയും മുറചെക്കനായ കുട്ടിനമ്പർ മാക്കത്തിന്
പുടവ കൊടുക്കുകയും തൻ്റെ തറവാട്ടിലേക്ക് കൊണ്ടു പോകുകയും ചെയ്യുന്നു.
ഇരട്ടക്കുട്ടികളെ പ്രസവിച്ച മാക്കം തൻ്റെ തറവാടായ കുഞ്ഞിമംഗലത്തെത്തുന്നു…. മരുമക്കത്തായം നിലനില്ക്കുന്ന കാലം.മാക്കത്തിനോട് അസൂയ മൂത്ത പന്ത്രണ്ട് നാത്തുമാരും ചതിക്കാൻ തക്കം പാർത്തിരിക്കുകയും വീരൻമാരായ നമ്പ്യാൻമാർ യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മാക്കം പിഴച്ചുപോയെന്ന് കളവു പറഞ്ഞ്
ആങ്ങളെമാരെക്കൊണ്ട് അവളുടെയും മക്കളുടെയും തലയറുത്ത് കിണറ്റിൽ തള്ളിക്കുകയും ചെയ്യുന്നു. ആ യാത്രാവേളയിൽ അവർ അനുഭവിച്ച ദുരിതങ്ങൾ, നുണ ഏഷണി എത്രമാത്രം ദുരന്തം ബാക്കി വയ്ക്കുമെന്നും ഈ കഥ ഓർമ്മപ്പെടുത്തുന്നു.
കൂടാതെ മാക്കത്തിൻ്റെ ഓരോ വളർച്ചാഘട്ടവും വളരെ ലളിതവും അതുപോലെ ആകാംക്ഷയുണർത്തുന്ന രീതിയിലും വിവരിക്കുന്നു എഴുത്തുകാരൻ.അതോടൊപ്പം പ്രാർത്ഥന ഗാനങ്ങൾ, ഓരോരുത്തരുടെയും ചിന്തകൾ ,സംസാരങ്ങൾ എല്ലാം സരസമായി വിളക്കിചേർത്ത കഥ ഒരപൂർവ്വ വായനതന്നു.സത്രീകൾക്ക് അധികാരമുള്ള സ്ത്രീ ആദരിക്കപ്പെട്ട ഒരു കാലത്ത് സ്ത്രീകൾക്ക് നാശമായി തീരുന്നത് സ്ത്രീ തന്നെയെന്ന് തോന്നി, മാക്കം വായിച്ചപ്പോൾ..ഇതിലെ ഓരോ കഥാപാത്രസൃഷ്ടിയിലുംസൂക്ഷ്മവും,അസാദ്യമാം വിധം മനസ്സിൽ തറക്കുന്ന ഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന വിതത്തിലുമാണ്.