കവിതകൾ പലപ്പോഴും മനസ്സിന്റെ കോണിൽ കോറിയിടുന്ന ചിത്രങ്ങൾക്ക് മിഴിവ് കൂടുതലായിരിക്കും. താളഭംഗിയോടെ എഴുതിയ നല്ല കവിതകൾ വായിച്ചു തീരുമ്പോൾ മനസ്സിലെ വായനക്കാരിക്കൊരു പുതുമഴ നനഞ്ഞ അനുഭവമായിരിക്കും. ഒത്തിരി വർണ്ണമേഘങ്ങൾ ഹൃദയാകാശത്തു നിന്നും പെയ്തിറങ്ങുന്ന പോലെ ഒരു അനുഭൂതി!! പി. എസ്. മനോജ് കോട്ടയം (ഡോക്ടർ. മനോജ് പരാശക്തി) എഴുതിയ ഭ്രാന്ത് പൂക്കാത്തൊരിടം എന്ന കവിതാ സമാഹാരം വായിച്ചു തീരുമ്പോൾ ഏതൊരാൾക്കും ഈ അനുഭവം ഉണ്ടാകുമെന്നത് തീർച്ച. നിശ കൂടെ കൊണ്ടുവന്ന ഇരുട്ട് കുട്ടിയെയും, ആ അന്ധകാരത്തോട് കൂട്ട് കൂടാൻ വന്ന താരകക്കുഞ്ഞുങ്ങളെയും കൂട്ട് പിടിച്ച് വായിക്കാനിരുന്ന ഈ കൃതി, മനസ്സിൽ ഒരു പകൽ വെളിച്ചം തന്നെ നിറച്ചുവെന്നു പറയാം. ഇന്നിന്റെ പല നേർക്കാഴ്ചകളും അക്ഷരങ്ങളിലൂടെ കവി മനോഹരമായി വരച്ചു കാണിക്കുമ്പോൾ ഒരോ അനുവാചകന്റെയും മനസ്സിൽ ‘ഇതെത്ര സത്യം’ എന്ന തോന്നലുണ്ടാകുക തന്നെ ചെയ്യും.
‘ഞാനെന്ന ഭാവം’ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവസ്ഥാന്തരം എന്ന കവിതയിൽ ജീവശാസ്ത്ര പദങ്ങളെ കൂട്ട് പിടിച്ച് കവി പറയുമ്പോളും, ഉപകാരസ്മരണ ഉണ്ടാകണം, കറതീണ്ടാതെ കടമപാലിക്കണം എന്നീ കാര്യങ്ങൾ ഗുണപാഠമെന്ന കവിതയിലൂടെ ഓർമ്മിപ്പിക്കുമ്പോഴും അനുവാചകഹൃദയങ്ങളിൽ നന്മയുടെ പ്രകാശം എങ്ങും പരക്കും. തുള്ളൽ കവിതയായി എഴുതിയ വൈറസ് മനസ്സിൽ ഒരുപാടു ഗതകാല സ്മരണകൾ ഉണർത്തുന്നതിനൊപ്പം ഇന്നിന്റെ ഭീകരമായ അവസ്ഥയെ വായനക്കാർക്ക് മുന്നിൽ തുറന്നു കാട്ടുന്നു. മരണാനന്തരം, കരുണ എന്നീ കവിതകൾ മനസ്സിൽ ഒരു നോവ് മഴയായി പെയ്തിറങ്ങുമ്പോൾ ഭ്രാന്ത് പൂക്കാത്തൊരിടം എന്ന കവിത വേറിട്ട രചനയാകുന്നു. ഗുൽമോഹർ പ്രണയം, നീ വരുവോളം എന്നീ കവിതകൾ പ്രണയത്തിന്റെ സ്വർഗ്ഗീയ സുഗന്ധം നിറഞ്ഞവയാണെന്ന് പറയാം. ഗൃഹാതുരത്വത്തിന്റെ സ്വർണ്ണവർണ്ണങ്ങൾ കൊണ്ട് ചന്തത്തിൽ എഴുതിയ കവിതയാണ് ഓർമ്മ. സമാഹരത്തിലെ മുപ്പത്തിരണ്ടു കവിതകളും ഒന്നിനൊന്നു മികച്ചവയാണെന്ന് പുസ്തകം വായിച്ച ഏതൊരു വായനക്കാരനും /വായനക്കാരിയും നിസ്സംശയം പറയും. ഡോക്ടർ. മനോജ് പരാശക്തിയുടെ അനുഗ്രഹീത തൂലികയിൽ നിന്നും ഇനിയും ഒരുപാടു നല്ല കൃതികൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു 💐💐
വൈക ❤