17.1 C
New York
Thursday, August 18, 2022
Home Books പരാബോള - (പുസ്തക പരിചയം)

പരാബോള – (പുസ്തക പരിചയം)

ശാരിയദു✍

ഗ്രീൻ ബുക്ക്സ് പബ്ലിക്കേഷന്റെ 140 രൂപ വിലയുള്ള ഡോ. അജയ് നാരായണന്റെ കവിതാ സമാഹാരമാണ് പരാബോള. പരാബോള എന്നാൽ അനുവൃത്തം എന്നാണ് അർത്ഥം.

മനുഷ്യന്റെ യാത്ര അനുവൃത്ത രീതിയാണെന്ന് അദ്ദേഹം തന്റെ കവിതാസമാഹാരത്തിലൂടെ തെളിയിച്ചിരിക്കുന്നു .അനുഭവത്തിന്റെ തീവ്രതയനുസരിച്ചു മാറിയ ജീവിത ഗതിവിഗതികളെയും കാഴ്ച്ചപ്പാടുകളെയും നിലപാടുകളെയും ചേർത്ത് പിടിച്ചു ജീവിതം കൊരുത്തൊരു കവിത തന്നെ വരയ്ക്കാൻ അദ്ദേഹത്തിനു സാധിച്ചു.

1988 ഏപ്രിലിൽ ആഫ്രിക്കൻ മണ്ണിൽ കാലു കുത്തിയ അദ്ദേഹം മൂന്നു വർഷം കെന്യയിലും 1991ൽ ല്സോത്തോയിൽ സ്ഥിരതാമസമാക്കി. അധ്യാപകനായി ജോലി ചെയ്ത് പ്രിൻസിപ്പലായി പടിയിറങ്ങി.

കവിതയുടെ ഒറ്റവായനയിൽ പലയിടത്തും ആത്മീയത അനുഭവപ്പെട്ടിട്ടുണ്ട്. പണ്ട് കേട്ടുമറന്ന പുരാണങ്ങളുമായി കവിതയിൽ എവിടെയൊക്കെയോ ചില ബന്ധങ്ങൾ കാണാൻ സാധിച്ചു. ഏതൊരു ആശയത്തെയും പ്രത്യേകമായ വർണനയിലൂടെയാണ് കവി വരച്ചു കാട്ടുന്നത്. വിശ്രമജീവിതത്തിൽ സാഹിത്യത്തോടു ഇഴ ചേരൽ കവിയുടെ പുത്തൻ ഉണർവിനൊരു കാരണമായേക്കാം. തന്റെ കവിതകളെ അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഒന്നാം ഭാഗത്തിൽ സൗഹൃദത്തിന്റെ പൂക്കളം വരഞ്ഞിരിക്കുന്നു. ഇരു കൂടുകളിൽ അകപ്പെട്ടു പോയ രണ്ടു സൗഹൃദങ്ങളുടെ ആവലാതികൾ സൗഹൃദസംഭാഷണം എന്ന കവിതയിലൂടെ നാടൻ ഭാഷ ഇടകലർത്തി നമ്മിലേക്ക് എത്തിച്ചിരിക്കുന്നു. ഒരു ഓണക്കാലത്തിന്റെ ഓർമ്മകളിലൂടെ നെല്ല് പുഴുങ്ങിയും വട്ടിയുമായ് പൂ പറിക്കാനിറങ്ങുന്ന കുസൃതിക്കുരുന്നുകളും ചേർന്ന് അന്തരീക്ഷത്തിൽ കലപില കൂട്ടുന്നു. അതേ സമയം മറ്റൊരിടത്ത് നെഞ്ചകം വിങ്ങിക്കഴിയുന്ന ഒരു ഭാര്യയും കുഞ്ഞുങ്ങളുമാണ്. ഏഴാം കടലിനക്കരെ ജോലിക്ക് പോയ തന്റെ ഇണക്കിളിയെ കാത്ത് നെഞ്ചിൽ തുലാവർഷവും പേറി ജീവിക്കുന്നവർ. വിദേശത്ത് ജോലി ചെയ്യുന്നവരുടെയും അവരുടെ വീട്ടിലെ സ്ഥിതിയും ഒരു ഫോൺ കോളിലൂടെ അതിമനോഹരമായി കവി വർണിച്ചിരിക്കുന്നു.

കൂടാതെ മഹാമാരിയും സൗഹൃദവും ഇടകലർന്ന് മറ്റൊരു കവിതയും. കൊറോണ കാരണം പണി പോയൊരു സൗഹൃദം പണി കിട്ടി കൂട്ടിലകപ്പെട്ട സൗഹൃദത്തോട് നാട്ടിലെ വിശേഷങ്ങൾ ആരായുന്നതും ജീവനോടെ ഉണ്ടെങ്കിൽ കാണാമെന്നുറപ്പോടെയുള്ള സ്നേഹസംഭാഷണം.

പണ്ടത്തെ ചങ്ങാതികൾ ഇന്നത്തെ ചങ്ക് എന്നതിലേക്ക് വഴി മാറിക്കൊടുത്ത കവിതയാണ് ചങ്കാതികൾ എന്നത്. തങ്ങളുടെ വിശേഷങ്ങൾ പരസ്പരം പങ്കുവെക്കാൻ വൈകുന്നേരമാവുന്നത് കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ കാര്യത്തിനും ഒറ്റക്കെട്ടായി സുഖ-ദുഃഖങ്ങൾ പോലും പങ്കിട്ടവർ. ഇന്നത്തെ ചങ്കുകൾക്കിടയിൽ നിന്നും ഏറെ വ്യത്യസ്തമായൊരു ലോകം പണിതവർ.

ചില പാഠങ്ങൾ സൗഹൃദം പഠിപ്പിക്കും. അതിൽ നല്ലതും ചീത്തയും ഉണ്ടാകും. അതിൽ നല്ലത് തിരഞ്ഞെടുത്ത് നന്മയെ കണ്ടെത്തുമ്പോൾ നല്ലവരായി ജീവിക്കാൻ സാധിക്കും.
രണ്ടാം ഭാഗത്തു പ്രണയത്തിന്റെ തിരകളാണ്. പ്രണയം ഓരോ കോശങ്ങളെയും കാർന്നു തിന്നുന്നു. ഒരു തരം ലഹരിയായ് പ്രണയം സൗരയൂഥത്തിനപ്പുറം വരെയെത്തിയിരിക്കുന്നു. അതൊക്കെയാണ് സൂഫിയുടെ ലഹരിയിൽ കാണപ്പെടുന്നത്.

ചിരിക്കുമ്പോൾ ആയിരം അർഥങ്ങളുള്ള മുഖം ഒരു തുറന്ന പുസ്തകമായി കവി വരച്ചു കാട്ടിയിരിക്കുന്നു. ചിലപ്പോഴൊക്കെ നമ്മുടെ മുഖകാന്തിക്ക് കാരണം നമ്മുടെ മാതാപിതാക്കൾ തന്നെയാണ്. ഏതൊക്കെ പ്രകമ്പനങ്ങളിൽ വീണുപോയാലും എന്നും താങ്ങാകുന്ന ഇരുകൈകൾക്കുള്ളിൽ ആ മുഖത്തിനു ധ്രുവനക്ഷത്രം പോൽ തിളങ്ങുന്നതെന്ന് മുഖമെന്ന കവിത.

അഭിജ്ഞാനശാകുന്തളത്തിൽ ശകുന്തളയും ദുഷ്യന്തനും കാർമേഘങ്ങളായി വീണ്ടും പ്രണയിക്കുന്നു. പ്രണയമോതിരം കൊടുത്തതിനു ശേഷം മഴയായ് പെയ്തൊഴിഞ്ഞിട്ടും പതിവ് പോലെ മുദ്രമോതിരം ആരു തന്നതെന്ന് ഓർക്കാൻ ബുദ്ധിമുട്ടുന്നതുമായ ഒരു തേപ്പിന്റെ കവിത.

മൂന്നാം ഭാഗത്ത് കവിതയായ തന്നെ അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു. ഞാനെന്ന ഭാവത്തിൽ മനുഷ്യർ പേക്കൂത്തുകൾ ആടുമ്പോൾ ലോകനാഥന്റെ ഭാവമേതെന്ന് അന്വേഷിച്ചു നടപ്പാണ് കവി.

ഭക്ഷണം മോഷ്ടിച്ചതിന് മരണം കൈവരിച്ച മധുവിനെ മറക്കാൻ സാധിക്കാത്തൊരു അവസരത്തിൽ വിശപ്പ് കുറ്റമാണോ അതോ പാപമാണോ എന്നുള്ള തിരച്ചിലിലാണ് കവി.

എന്നൊന്നുമറിഞ്ഞില്ലേ എന്നൊരു കവിതയിലൂടെ കണാതായൊരു ചോന്ന പൊട്ട് അന്വേഷിച്ചിറങ്ങുന്ന ചെറുമനോട് തന്റെ കഴിവുകേട് കൊണ്ടാണ് സൂര്യനെ കാണാത്തതെന്ന് തമ്പ്രാൻ പറയുമ്പോൾ, അന്നത്തെ അടിയാള സമൂഹം അനുഭവിച്ച അവഗണനയുടെയും കഷ്ടപ്പാടുകളുടെയും കണ്ണീരുപ്പ് കാണാം. ഇന്നും പലയിടത്തും ജാതിപ്പോരുകൾ നടക്കുമ്പോൾ ഒരു കവിതയിലൂടെ വീണ്ടും നമ്മെ ഉണർത്തുകയാണ്.

കാലിക പ്രസക്തമായ കവിതയാണ് കണ്ണകിയുടെ നാട്ടിൽ. കത്തിയമരുന്ന രോഷത്തിലും ശപിക്കുന്ന ചിലമ്പിന്റെ നാക്കും മുലയും പറിച്ചെടുക്കുന്നതെന്തിന്? അടിമത്തം പേറി ജീവിക്കുന്ന സ്ത്രീ സമൂഹം എന്നോ തുടച്ചു മാറ്റപ്പെട്ടിട്ടും ഇന്നും എത്രയോ പേർ അടിമകളാണ്. അവൾക്കു മുഖമില്ല, സുഖമില്ല, ഒന്നുമില്ലാത്ത വട്ടപ്പൂജ്യം. എല്ലാം നഷ്ട്ടപെട്ടു ഉമിത്തീയിൽ ഉരുകി ജീവിക്കപ്പെടുമ്പോൾ ആരാണതിന് ഉത്തരവാദി. വിടരുന്ന പൂമൊട്ടുകളെ കാണുമ്പോൾ വാളയാർ ഓർക്കണം. പേടിച്ചു ജീവിക്കുന്നതിന് പകരം ഒരു കണ്ണകി കൂടി ജനിക്കേണ്ടിയിരിക്കുന്നു.

നാലാം ഭാഗത്തു കവിയുടെ കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും ഉൾതിരിഞ്ഞിരിക്കുന്നു. വരികൾക്കിടയിലൂടെ എന്ന കവിതയിൽ മനുഷ്യ വ്യഥയുടെ അർഥങ്ങളാണ് വായിക്കാൻ സാധിച്ചത്. എഴുത്തുകാരനും വരികളും തമ്മിലുള്ള ബന്ധം വായനക്കാരിലെത്തുമ്പോൾ മറ്റൊരു തലത്തിൽ ചിന്തനീയമാകുന്നു.

ഒറ്റവായനയിൽ ഹൃദയത്തിൽ പതിഞ്ഞൊരു കവിതയാണ് ജീർണവസ്ത്രം.
‘കരുതൽ വേണം
പുതുവസ്ത്രങ്ങൾ
യാചിച്ചാൽ കിട്ടുന്നതല്ല’
ചിന്തയ്ക്ക് വഴിയൊരുക്കിയ വരികളാണിവ. മരണം വസ്ത്രമായി സങ്കൽപ്പിച്ച കവിയുടെ ആദരവാണ്. എത്രതരം വസ്ത്രങ്ങൾ ധരിച്ചാലും അവസാനത്തെ കോടി പുതച്ചു പോകേണ്ടവരാണ് നാം ഓരോരുത്തരും. ജീവിച്ചിരിക്കുമ്പോൾ തന്നെ നഗ്നത ആസ്വദിക്കുന്നവർക്കിടയിലും മരണമെന്ന പുതപ്പ് നമ്മെ കാത്തിരിപ്പുണ്ട് എന്നോർക്കുക.

അഞ്ചാം ഭാഗത്തു വ്യഥകൾ പരാബോളയുടെ പരമകാഷ്ഠയാണോ? എന്നൊരു ചോദ്യമാണ്. നളന്ദയിലെ ബുദ്ധനെയറിയാമോ? അതേ ബോധിവൃക്ഷത്തണലിൽ ചിരി മറന്ന് നോവറിഞ്ഞൊരു ബുദ്ധൻ. ബോധിവൃക്ഷത്തണലിലിരുന്ന് തിരയുകയാണ് അദ്ദേഹം. കറുത്തുപോയ സന്തോഷങ്ങളെയോ? തള്ളിപ്പറഞ്ഞ സാമ്രാജ്യത്തെയോ, ഉപേക്ഷിച്ച പെണ്ണിനെയോ, ആർഷഭൂമിയിൽ തിരയുന്നത് ഒരാത്മ ബോധത്തെയാണ്. ഏകാന്തതയിൽ ജീവിക്കുക. ഇന്നിന്റെ നേർക്കാഴ്ച്ചകൾ ഉരുവിട്ടുകൊണ്ട്.

മുഖം പകുതി മറച്ചും, കൈകൾ ഇടയ്ക്കിടെ കഴുകിയും അകന്നു നിൽക്കുന്നൊരു ജീവിതം മടുത്തെന്ന് പറയുന്ന കവിതയാണ് ‘തുടക്കം ഒടുക്കം’. നാട്ടിലേക്ക് വരാൻ കഴിയാതെയുള്ള അജയ് മാഷിന്റെ അവസ്ഥയാവാം.

പരാബോള വായനക്കാർക്ക് കുറെ നല്ല ചിന്തകളാണ് സമ്മാനിച്ചത്. ഓരോ കവിതയിലും പഴമയുടെ ചില രംഗങ്ങൾ മിന്നിമറയുന്നതായ് കാണാൻ സാധിച്ചു. ഹൃദ്യമായ വരികളിലൂടെ, ഓർമകളിലേക്ക് തിരികെ നടത്തിയ പ്രിയ ഗുരുവിന് എല്ലാവിധ ആശംസകളും നേരുന്നു.

ശാരിയദു✍

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: