തയ്യാറാക്കിയത്: ശൈലജ,കണ്ണൂർ
ഒരു പുസ്തകം വായിക്കുക എളുപ്പമാണ്. എന്നാൽ അതിനൊരു ആസ്വാദനകുറിപ്പ് എഴുതുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്..
ബെന്യാമിന്റെ ആട് ജീവിതം ഒറ്റയിരുപ്പിൽ വായിച്ച് തീർത്ത ബുക്കാണ്. അതെ താല്പര്യത്തോടെ തന്നെയാണ് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ പുതിയ പതിപ്പായ നിശബ്ദ സഞ്ചാരങ്ങൾ വായിക്കാൻ തുടങ്ങിയത്.
എന്നെ ഒട്ടും നിരാശപ്പെടുത്താതെ നിശബ്ദ സഞ്ചാരങ്ങൾ മൂന്ന് ദിവസം കൊണ്ട് വായിച്ചു തീർത്തു., (വീട്ടിലെ ജോലികൾ തീർന്നതിനു ശേഷം )
ഇന്നത്തെ പോലെ വാർത്തകളോ യാത്ര സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് മധ്യതിരുവിതാം കൂറിൽ നിന്ന് കുടുംബത്തെ രക്ഷിക്കാൻ വേണ്ടി കടല് കടന്ന് പോയിരുന്ന ഒരു നഴ്സിന്റെ സഞ്ചാരപദം തേടിയുള്ള അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങൾ.
പുരുഷന് മുൻപേ ലോക സഞ്ചാരം ആരംഭിച്ച മലയാളി നേഴ്സ് മാരുടെ ജീവിതം ആവിഷ്‌കരിക്കുന്ന നോവൽകൂടി ആണിത്.
പാറക്കുന്നേൽ തറവാട്ടിലെ നാലാം തലമുറകാരനായ മനുവിന് പഴയ വീട്ടിലുള്ള അലമാര വൃത്തിയക്കുമ്പോൾ കിട്ടുന്ന ഒരു ലെറ്റർ കാർഡ്. ബോർണിയോ എന്ന സ്ഥലത്തു നിന്നും മറിയാമ്മ,
1941.. ൽ അവരുടെ വല്യപ്പച്ചന് എഴുതിയ ഒരു കത്ത് അതിൽ മൂന്നോ നാലോ വരികളെ ഉള്ളൂവെങ്കിലും മനു അത് വായിച്ചു നോക്കുകയും ഈ മറിയാമ്മച്ചി ആരാണെന്ന് അവന്റെ മമ്മിയോട് ഡാഡി യോടും ചോദിച്ചറിയുകയും ചെയ്യുന്നു അത് അവന്റെ ഗ്രാൻഡ് ഫാദറിന്റെ പെങ്ങൾ ആണെന്നും അവരാണ് ഈ കുടുംബത്തെ ഇന്നത്തെ നിലയിൽ എത്തിച്ചത് എന്ന് അറിഞ്ഞത്. അന്ന് മുതൽ അവരെക്കുറിച്ച് അറിയാനുള്ള അന്വേഷണങ്ങൾ ആണ് കഥയിൽ കൂടുതലും ഉള്ളത്.
ചരിത്രം തേടിയുള്ള അന്വേഷണത്തിൽ മനു എന്ന ചെറുപ്പക്കാരന് ജീവിതത്തിൽ കിട്ടുന്ന സൗഹൃദവും അനുഭവവുമാണ് ഈ കഥയിൽ വിവരിക്കുന്നത്..
മറിയാമ്മ അമ്മച്ചിയെ പോലുള്ള ധീരരായ സ്ത്രീകൾ പ്രതിബന്ധങ്ങളെ താണ്ടി കാനഡയിലെ മഞ്ഞു വീണ ആർട്ടിക്ക് പ്രദേശങ്ങളിലും മരുഭൂമിയിലെ ബെദുക്കളുടെ ഗ്രാമങ്ങളിലും ആഫ്രിക്കയിലെ ഒഴിഞ്ഞ നാടുകളിലും യൂറോപ്പിൽ പരക്കെയും പുരുഷന്മാർക്ക് മുൻപേ യാത്ര ചെയ്തു എത്തിപ്പെട്ട മലയാളി നേഴ്സുമാരുടെ കഥയാണിത്.
ഇത് അതിലെ കുറച്ച് വരികൾ ആണ്….
” അതെനിക്കൊരു പുതിയ അറിവായിരുന്നു ഇക്കാലത്തും ആഫ്രിക്കയിലേക്ക് പോകണമെങ്കിൽ വാക്സിൻ എടുക്കണം എന്നത്. ആ നഗരങ്ങൾ ഇപ്പോഴും പകർച്ചവ്യാധികളാൽ ചുറ്റപ്പെട്ടിരിക്കുന്നു എന്നാണല്ലോ അതിന്റെ അർത്ഥം. അപ്പോൾ ഏഴു പതിറ്റാണ്ടുകൾക്കു മുൻപ് മറിയാമ്മ അമ്മച്ചി അവിടെ ചെന്ന് ഇറങ്ങുമ്പോഴുള്ള അവസ്ഥ എന്തായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ആത്മഹത്യ ചെയ്യാൻ വേണ്ടി ജീവിതത്തിലേക്ക് ഇറങ്ങി പോയത് പോലെയാണ് എനിക്ക് അപ്പോൾ അനുഭവപ്പെട്ടത്. ജീവിതം ഹനിക്കപ്പെടാം എന്നറിഞ്ഞുകൊണ്ട് തന്നെ അങ്ങനെ ഇറങ്ങി പുറപ്പെടാൻ തയ്യാറായ എത്രയോ പേരുടെ സന്നദ്ധത യുടെ ബാക്കിപത്രമാണ് ഇന്ന് നാം കാണുന്ന ആരോഗ്യ ലോകം. ആരുടെയും പിൻബലമില്ലാതെ തികച്ചും ഏകാകിയായി അവർ ലോകത്തിന്റെ അതിരുകൾ ഓളം പറന്നു ചെന്ന് ആർട്ടിക് പ്രദേശങ്ങളിലെ മഞ്ഞുവീണ വിദൂര ഗ്രാമങ്ങളിലും മണൽക്കാടുകൾ ക്ക് നടുവിലെ ഉൾനാടുകളിലും ആഫ്രിക്കയിലെ ദരിദ്രരായ മനുഷ്യർക്കിടയിലും കടന്നുചെന്ന് അവർ
തങ്ങളുടെ സേവന സാന്നിധ്യം അറിയിച്ചു എന്നാൽ ഒട്ടുമേ കാലൊച്ചയില്ലാത്ത നടത്തങ്ങൾ ആയിരുന്നു അവയൊക്കെയും തീർത്തും നിശബ്ദ സഞ്ചാരങ്ങൾ””
അവസാനം മറിയാമ്മ അമ്മച്ചി ജോലി ചെയ്ത ഹോസ്പിറ്റൽ കണ്ടെത്തി എന്നാൽ അവരുടെ കല്ലറ കണ്ടെത്താൻ കഴിയാതെ നിരാശനായി തിരിച്ചുവരാൻ തുടങ്ങുമ്പോൾ, കോ വിഡ് എന്ന മഹാമാരി ലോകത്ത് പടർന്നുപിടിക്കാൻ തുടങ്ങിയിരുന്നു
എത്രയും പെട്ടന്ന് നാട്ടിലെത്താൻ തിടുക്കം കൂട്ടുന്ന മനുവിനോട്, അമ്മച്ചിയുടെ കല്ലറ കൂടി കണ്ടെത്തി പോയാൽ മതി എന്ന് കൂട്ടുകാർ നിർബന്ധിക്കുകയും,
എന്നാൽ കോവിഡ് എന്ന മഹാമാരി പരിചയപ്പെട്ട ആളുകളെയൊക്കെ മരണത്തിലേക്ക് കൊണ്ടുപോകുന്നത് കണ്ട് മനുവിന് അന്വേഷണം തുടരാൻ മനസ്സില്ലാതായി.
അവസാനം മോറോഗോറോയിൽ അമ്മച്ചിയുടെ കല്ലറ കണ്ടത്തിയത് വികാരനിർഭരമായി വിവരിക്കുന്നുണ്ട്..
നഴ്സ് മാരുടെ കാരുണ്യവും കരുതലും ദയവായ്പ്പും, പലപ്പോഴും സേവനത്തിന്റെ പ്രധാന്യവും പൊതു സമൂഹം തിരിച്ചറിയാതെ പോകുന്നു..