ആകെ 104 പേജുകൾ മാത്രമാണീ പുസ്തകത്തിനുള്ളത്. അതിൽ 25 പേജും ആമുഖ കുറിപ്പും ബാക്കി 78 പേജ് മാത്രമാണ് നമുക്ക് കഥയായി വായിക്കാനുള്ളത്.
കെ. ആർ മീരയുടെ ശക്തമായ സ്ത്രീ കഥാപാത്രം ഭാവന സച്ചിദാനന്ദൻ. കുടുംബവും, പ്രണയവും, കൺക്കെട്ട് വിദ്യയുടെ മായിക ഭാവവും ഖബറിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്.

ഈ കഥ കൺകെട്ടുകളുടെയും, പഴം കഥകളുടെയും കഥ പറയുന്ന ഒന്നാണെന്നു നമുക്ക് തോന്നിയേക്കാം. എന്നാൽ ഇത്തരം കഥകൾ എഴുതുന്നത് ബുദ്ധിയല്ല എന്നൊരു സംശയം എഴുത്തുകാരി ആമുഖത്തിൽ പറഞ്ഞു വെക്കുന്നുണ്ട്.
ഭാവന എന്ന ജില്ല ജഡ്ജിയാണ് പ്രധാന കഥാപാത്രം. ഭാവന ലോ കോളേജിൽ വെച്ച് പ്രമോദ് എന്ന ചെറുപ്പക്കാരനെ പ്രേമിക്കുകയും, ഭർത്താവായി കിട്ടാൻ ആറേഴുകൊല്ലം തിങ്കളാഴ്ച വ്രതം എടുക്കുകയും, നിർബന്ധിച്ചു അച്ഛനെ കൊണ്ട് കോൺക്രീറ്റ് വീട് എടുപ്പിക്കുകയും, പ്രാക്ടീസ് ചെയ്ത് പൈസ ഉണ്ടാക്കി 100 പവൻ വാങ്ങി വെക്കുകയും ചെയ്യുന്നു.
അങ്ങനെ പ്രമോദിനെ കല്യാണം കഴിച്ചതിനു ശേഷംഭാവനയുടെ വിജയങ്ങളെല്ലാം പ്രമോദിന് ഇൻഫിരിയോറിറ്റി കോംപ്ലക്സ് ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാലും ഭാര്യ എന്ന നിലയിൽ ഭാവന പ്രമോദിന് ഇഷ്ടമില്ലാത്തതോന്നും ചെയ്യുന്നില്ല. വിവാഹ ജീവിതത്തോടെ പ്രണയത്തിൽ ഉണ്ടായിരുന്ന തുല്യത നഷ്ടപ്പെടുന്നു. പുരുഷ മേൽക്കോയ്മ്മ തലപൊക്കുമ്പോൾ, ജോലിയിൽ ഭാര്യയ്ക്ക് മികവിന് അംഗീകാരം വരുമ്പോൾ കുടുംബ ജീവിതം താളം തെറ്റുന്നു.
ഭാവന ഗർഭിണിയാകാൻ വൈകിയതും പെണ്ണിന്റെ കുറ്റം തന്നെ..
അവസാനം അവർക്കൊരു കുഞ്ഞുണ്ടാവുകയും ആ കുഞ്ഞ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്റ്റീവ് ഡിസോർഡർ ആണെന്ന് പ്രമോദ് മനസിലാക്കി വിവാഹമോചനം നേടുകയും ചെയ്യുന്നു..
തന്നെപോലെ തന്റെ അമ്മയും അനുഭവിച്ച സഹനത്തിന്റെയും മോഹഭംഗങ്ങളുടെയും ആഴവും വരികളിലൂടെ വരച്ചിട്ടിട്ടുണ്ട്.
“ഒരാളുടെ സേവനങ്ങൾക്ക് മറ്റൊരാൾ നൽക്കുന്ന പ്രതിഫലമല്ല സ്നേഹം. അത് ഒരാൾ മറ്റേയാളിൽ കണ്ടെത്തുന്ന പൂർണ്ണതയാണ്.” ഇത് അമ്മ മകൾക്കു നെല്കുന്ന ഉപദേശമാണ്.
വേർപിരിയലിനു ശേഷം മനോവൈകല്യമുള്ള മകനെ ചേർത്ത് പിടിച്ച്, അവന്റെ വൈകല്യം കൊണ്ടല്ല അച്ഛൻ മകനെ ഉപേക്ഷിച്ചു പോയത് എന്ന് മകനെ വിശ്വസിപ്പിക്കുന്നു.
“മോന് ഒരു കുഴപ്പവുമില്ല “
എന്ന് പറഞ്ഞു മകന് ആത്മവിശ്വാസം കൊടുത്തു വളർത്തുന്ന അമ്മയായി ഭാവനയെ നമുക്ക് എഴുത്തിൽ കാണാൻ കഴിയുന്നത്.
ഭർത്താവിന്റെ രണ്ടാം കല്യാണത്തിന് മകനെയും കൂട്ടി പോയി, ആശംസകൾ അറിയിച്ചു, തന്റെ ഭർത്താവായിരുന്ന ആൾ രണ്ടാമത് കല്യാണം കഴിച്ചാൽ തനിക്കൊരു വിഷമാവുമില്ലെന്നു കാണിച്ച സ്ത്രീയായി, ആത്‍മഭിമാനത്തിന്റെ ജ്വാലയായി, ഭാവന വായനക്കാരിൽ നിറഞ്ഞ് നിൽക്കുന്നു.
ഖയാലുദ്ദീൻ തങ്ങൾ എന്ന വാദി കേസിന്റെ ഭാഗമായാണ് ഖയാലുദ്ദീനും ഭാവനയും കണ്ട് മുട്ടുന്നത്.ഖയാലുദ്ദീൻ തങ്ങളുടെ അനുജന്മാർ വിറ്റ തറവാട്ടു സ്ഥലത്തുഅദ്ദേഹത്തിന്റെ പൂർവ്വികന്റെ ഖബർ ഉണ്ടെന്നും ആ സ്ഥലം വിട്ടുകിട്ടാനും വേണ്ടിയായിരുന്നു കേസ് അവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്.
ചേരമാൻ പെരുമാളിനൊപ്പം മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ചു മടങ്ങി വന്ന ഹസ്സൻ കോയയുടെ ഖബർ ആണ് കേസിനു ആസ്പദമായ സ്ഥലം. അവിടെ ഖബർ ഇരിക്കുന്നിടം വാങ്ങിയ ആൾ ടോയ്‌ലെറ്റുകൾ പണിയാൻ പോകുന്നു.. ആ സ്ഥലത്തു ടോയ്‌ലെറ്റ് പണിയാതെ തനിക്കു വിട്ടു കിട്ടണം എന്ന് തങ്ങൾ വാദിക്കുന്നു.
പലതരത്തിലും ഭാവന എന്ന ജില്ലാ ജഡ്ജിയെ തളർത്താൻ ഖയാലുദ്ദീൻ തങ്ങൾ കൺകെട്ടുകൾ കൊണ്ട് വിഭ്രാന്തിക്കു വിധേയമാക്കുന്നുണ്ട്.
കാക്കാശ്ശേരി ഖയാലുദ്ദീൻ തങ്ങൾ എന്ന കൺക്കെട്ട് വിദ്യക്കാരൻ പ്രത്യക്ഷ മാക്കിയ മൂർഖൻ പാമ്പും പൂക്കളും മഴവിലും യാഥാർഥ്യത്തെക്കാൾ വായനക്കാരെ പരിഭ്രമിപ്പിക്കുന്നുണ്ട്
എന്നാൽ കേസ് ഖയാലുദ്ദീൻ തങ്ങൾ തോൽക്കുന്നു..
ഭാവനയുടെ കഴിവിനെ തങ്ങൾ അംഗീകരിക്കുകയും
പിന്നീട് അവർ പ്രണയത്തിലാവുകയും ചെയ്യുന്നു.പ്രണയിക്കുമ്പോഴും അവരെ മാഡം എന്ന് തന്നെ വിളിക്കുന്നു. അപ്പോൾ ഭാവന ചോദിക്കുന്നു.
“നിങ്ങൾ എന്തിനാണ് എന്നെ മാഡം എന്ന് വിളിക്കുന്നത്.”
അപ്പോൾ ഖയാലുദ്ദീൻ പറയുന്നു
“നിങ്ങൾക്ക് വേണ്ടത് ആദരവാണ് കിട്ടിയിട്ടില്ലാത്തതും അതാണ് എനിക്കും അതെ “
മനുഷ്വത്വത്തിന്റെ നന്മയും അനുഭവിച്ച വേദനകളും ഈ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ട്.
പ്രശ്നക്കാരനായ ഭാവനയുടെ മകൻ ഖയാലുദ്ധീന്റെ സ്നേഹത്തിൽ സന്തോഷവാനാകുന്നതും മനുഷ്വത്വം തന്നെ.
ഭാവനയുടെ പൂർവ്വികാനായിരുന്ന യോഗീശ്വരനമ്മമാവൻ ഈ കഥയിലെ ഒരു
പ്രധാന കഥാപാത്രമാണ്.
ഭാവനയുടെ പൂർവ്വികർ
പണ്ട് കാലത്ത് അവർക്ക് വയസ്സായി എന്ന് തോന്നിയാൽ തറവാടിന്റെ ഭരണം അവകാശികളെ ഏൽപ്പിച്ചു കാശിക്ക് പോകുന്ന പതിവുണ്ടായിരുന്നു. അങ്ങനെ പോകുന്നവർ ആരും തിരിച്ചു വരാറില്ല.
എന്നാൽ യോഗീശ്വരനമ്മാവൻ തിരിച്ചു വന്നതായി കഥയിൽ പറയുന്നുണ്ട്.
2019 നവംബർ 9ന് ഖയാലുദ്ദീൻ തങ്ങൾ മരിക്കുന്നു. ആർക്കിടെക്റ്റായ അദ്ദേഹം ഏതോ പുരാതന സ്മാരകം പുതുക്കി പണിയുന്ന സ്ഥലത്തു വെച്ച് സ്മാരകത്തിന്റെ വലിയ തൂൺ തലയിൽ വീണു മരിക്കുന്നു.ഖയാലുദ്ദീന്റെ മരണവും,
ചേരമാൻ പെരുമാളിനൊപ്പം മക്കയിൽ പോയി ഇസ്ലാം മതം സ്വീകരിച്ച് മടങ്ങി വന്ന ഹസ്സൻ കോയയും
ഭാവനയുടെ പൂർവ്വികനായിരുന്ന യോഗീശ്വരൻ അമ്മാവനും ഒരാളായിരുന്നു എന്ന്കോടതി മുറിയിൽ വെച്ചാണ് ഭാവന അറിയുന്നത്.
ഐതിഹ്യം ഉറങ്ങുന്ന ക്ഷേത്രത്തിന്റെ പുണരുദ്ധ രണത്തിന് ജില്ലാ ജഡ്ജിയെ ക്ഷണിക്കാൻ വരുന്ന ബന്ധുക്കളുടെ ക്ഷണം സ്വീകരിക്കുന്ന ഭാവനയെയും, ഖബർ കേസ്സിലെ വിധി പ്രസ്ഥാവിച്ചത് തെറ്റായി പോയി എന്ന തോന്നലിൽ അപ്പീൽ ഫയൽ ചെയ്യാനും, തർക്ക സ്ഥലത്തു ഖബറിടം കണ്ടെത്തിയെന്ന് ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റിന് കത്ത് കൊടുത്താൽ അവർ അത് ഏറ്റെടുത്തോളും എന്ന് പറയുന്ന ഭാവനയെയും നമുക്ക് മുൻപിൽ കെ. ആർ മീര അവതരിപ്പിക്കുമ്പോൾ വിശ്വാസങ്ങളും, നിയമങ്ങളും മനുഷ്യ മനസ്സിൽ നടക്കുന്ന ശെരിയും തെറ്റും തമ്മിലുള്ള പോരാട്ടവും, രേഖകളുടെയും, തെളിവുകളുടെയും അടിസ്ഥാനത്തിൽ മനസ്സിന്റെ നീതി പൊളിച്ചെഴുതേണ്ടി വരുന്ന നിസ്സഹായതയും വരികളിൽ വെളിവാക്കുന്നുണ്ട്.
മറ്റൊരാളുടെ അസാനിദ്ധ്യത്തിൽ ഞാൻ പൂർണ്ണത അനുഭവിക്കുന്നു എന്ന് സ്വയം പറഞ്ഞ് കോടതിമുറിയിൽ തലചായ്ക്കുന്നിടത്തു നോവൽ അവസാനിക്കുന്നു.