കെ ആർ മീരയ്ക്ക് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളും വയലാർ അവാർഡും നേടിക്കൊടുത്ത സൃഷ്ടി. വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തിലൂടെ, സ്ത്രീപക്ഷത്തു നിന്നുകൊണ്ടുള്ള എഴുത്തിലൂടെ, പെണ്ണിന്റെ ശക്തി വായനക്കാരിലേക്ക് എത്തിച്ച അപൂർവ്വ സൃഷ്ടിയാണ് ഈ പുസ്തകം എന്ന് പറയാം.
ചേതന ഗൃദ്ധാ മല്ലിക്ക് എന്ന സ്ത്രീ ആരാച്ചാരുടെ കഥയാണ് ഈ നോവൽ. കൊൽക്കൊത്ത നഗര പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്. ഇരുപത്തിരണ്ടാം വയസ്സിൽ ആരാച്ചാരാവാൻ നിയോഗിക്കപ്പെടുന്ന ചേതനയുടെയും പൂർവികരുടെയും ജീവിതകഥ കഥാകൃത്ത് ചരിത്രവും മിത്തുകളും കോർത്തിണക്കി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കൊൽക്കത്തയുടെ ചരിത്രവും ഇന്ത്യ ചരിത്രവും സ്വാതന്ത്ര്യ സമരവും പണ്ട് നിലനിന്നിരുന്ന ആചാരങ്ങളും എല്ലാം കഥയുടെ ഒഴുക്കിൽ വന്നുപോകുന്നുണ്ട്. മരണത്തിന്റെ മണമുള്ള ഘാട്ടുകളും കഥയിൽ നിറഞ്ഞു നിൽക്കുന്നു.
സാഹചര്യങ്ങളുടെ മൂലം ആരാച്ചാരാവേണ്ടി വന്നവളാണ് ചേതന. ഒരാളെ തൂക്കിക്കൊല്ലാൻ അസാമാന്യ ധൈര്യവും മനക്കട്ടിയും ആരോഗ്യവും വേണം. അത്കൊണ്ടു തന്നെ ഈ മേഖല പുരുഷന് മാത്രമായി തീറെഴുതി കൊടുത്തിരുന്ന ഒരു സമൂഹത്തിലേക്കു ഉറച്ച കാൽവയ്പ്പുകളോടെ, ആത്മവിശ്വാസത്തോടെ കടന്നു വരികയാണ് ചേതന. പക്ഷെ പലയിടങ്ങളിലും പുരുഷ മേധാവിത്വത്തിന്റെ ഇടപെടലുകൾ അവൾക്ക് തടസ്സം സൃഷ്ടിക്കുന്നു. പലപ്പോഴും അവളുടെ ആത്മാഭിമാനം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ഇതിനെല്ലാമെതിരെ പോരാടി അവൾ നേടുന്ന വിജയമാണ് അവൾക്ക് ലോകത്തിലെ തന്നെ ആദ്യത്തെ സ്ത്രീ ആരാച്ചാർ എന്ന പദവി നേടിക്കൊടുക്കുന്നത്.
ഒരു സ്ത്രീപക്ഷ നോവൽ എന്ന ലേബലിൽ അറിയപ്പെടുന്നുവെങ്കിലും നോവലിലെ പലയിടങ്ങളിലും പുരുഷന്റെയും സ്ത്രീയുടെയും വിവിധ വികാരങ്ങളെ തന്മയത്വത്തോടെ ആവിഷ്കരിച്ചിരിക്കുന്നു. നോവലിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മരണത്തിന്റെ നിറങ്ങളും ഗന്ധവുമാണെങ്കിലും പ്രണയവും അതിന്റെ വ്യത്യസ്തങ്ങളായ രൂപഭാവങ്ങളോടെ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നു. ‘ഭൂമിയിൽ മരണത്തേക്കാൾ അനിശ്ചിതത്വം പ്രണയത്തിന് മാത്രമേയുള്ളൂ ‘ എന്ന ചേതനയുടെ തിരിച്ചറിവിൽ പോലും പ്രണയവും മരണവും കൈകോർത്തു നിൽക്കുന്നു.
പുരുഷ മേധാവിത്വത്തെ ബുദ്ധി കൊണ്ടും ശക്തികൊണ്ടും നേരിടുമ്പോഴും പ്രണയ ചാപല്യങ്ങളിൽ പെട്ടുഴലുന്ന ഒരു സാധാരണ പെണ്ണിന്റെ മനസ്സ് കൂടി ചേതനയിൽ നമുക്ക് കാണാം. ആ ചാപല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോൽപ്പിക്കുന്ന ചേതന സ്ത്രീ ശക്തിയുടെ പ്രതീകമാണ്.
ശക്തമായൊരു പ്രമേയത്തെ വളരെ ശക്തമായ ഭാഷയിൽ ആവിഷ്കരിച്ചിരിക്കുന്ന ഒരു പുസ്തകമാണ് ആരാച്ചാർ. അതുകൊണ്ടു തന്നെ വായനയ്ക്ക് ശേഷം ഈ പുസ്തകത്തിൽ നിന്നു പുറത്ത് കടക്കാനും മറ്റൊരു പുസ്തകത്തെയും കഥയെയും ഉൾക്കൊള്ളാനും വായനക്കാരന് കുറച്ചു സമയം വേണ്ടിവരും.
ദിവ്യ എസ് മേനോൻ
ഒരു രണ്ടാം വായനക്ക് പുസ്തകം എടുത്തു വച്ചതേയുള്ളു. നല്ല ആസ്വാദനം. ആശംസകൾ
Thank you chechi 🙏
നന്നായിട്ടുണ്ട് !!
Thank you sir🙏
നല്ല ആസ്വാദനം. പുസ്തകം വായിച്ചിട്ടില്ലെങ്കിലും വായിച്ച ഒരു feel കിട്ടി.
ആശംസകൾ.
Thank you sir🙏
പുസ്തകം വായിച്ചിട്ടില്ല. പക്ഷെ കഥയെക്കുറിച്ച് ഒരു രൂപം കിട്ടി. നന്നായി അവലോകനം.