‘ഖസാക്കിന്റെ ഇതിഹാസം’ എന്ന ഇതിഹാസ തുല്യമായ സൃഷ്ടിയിലൂടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായി മാറിയ ശ്രീ ഓ വി വിജയൻ എഴുതിയ ‘കാറ്റ് പറഞ്ഞ കഥ’ എന്ന കഥയെക്കുറിച്ചാണ് ഞാൻ ഇന്നിവിടെ എഴുതുന്നത്. മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച രണ്ട് കഥകളാണ് കാറ്റു പറഞ്ഞ കഥയും കടൽത്തീരത്തും. ശ്രീ ഓ വി വിജയന്റെ ഈ രണ്ട് കഥകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള കഥാസമാഹാരം ഡി സി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്.

ബോംബെ നഗരത്തിന്റെ തിരക്കുകളിൽ നിന്ന് പാലക്കാട് കഞ്ചിക്കോടിന് അടുത്തുള്ള ഒരു മലയടിവാരത്തിലേക്ക് യാത്ര ചെയ്തു വരുന്ന തെയ്യുണ്ണിയിൽ നിന്ന് കഥ ആരംഭിക്കുന്നു. ഇതിന് മുൻപ് ഒരു തവണ മാത്രമേ തെയ്യുണ്ണി ആ സ്ഥലം സന്ദർശിച്ചിട്ടുള്ളൂ. അത് അയാളുടെ ജ്യേഷ്ഠന് നല്ല സുഖമില്ലെന്നു അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് കിട്ടിയപ്പോഴാണ്. പത്തു വർഷങ്ങൾക്ക് ശേഷം വീണ്ടും അയാൾ ആ മലയടിവാരം തേടിയെത്തുമ്പോൾ തെയ്യുണ്ണിയുടെ ഏട്ടൻ മണ്ണായി മാറി ഈ പ്രകൃതിയിൽ അലിഞ്ഞു ചേർന്നിരുന്നു.
തെയ്യുണ്ണിയുടെ ജ്യേഷ്ഠന്റെ താമസസ്ഥലമാണ് ആ മലയടിവാരത്തിലെ കാടിനോട് ചേർന്നുള്ള രണ്ട് ഏക്കർ സ്ഥലം. ഭാര്യയുടെ മരണ ശേഷം ന്യൂക്ലിയർ ഫിസിസിസ്റ്റ് ആയിരുന്ന ഏട്ടൻ ജോലി ഉപേക്ഷിച്ച് സ്വയം തിരഞ്ഞെടുത്ത താമസ സ്ഥലമാണ് അത്. നിരത്തു വിട്ട് നാലു നാഴിക ഉള്ളിലോട്ടു ചെന്നാൽ കാടിനു പുറത്ത് കിടന്ന ഫലവത്തായ മണ്ണ്. അവിടെ തെങ്ങും കായ്കറിയും മാവും പ്ലാവും ഒക്കെ നിറഞ്ഞ രണ്ട് ഏക്കർ സ്ഥലത്തിൽ ഏട്ടൻ ചെറിയൊരു വീട് പണിതു. മൺചുമരും മര കഴുക്കോലും ഓടും കാവി മിനുക്കിയ തറയുമുള്ളൊരു വീട്. തെയ്യുണ്ണിയെ അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു ഇതെല്ലാം.
സ്വന്തം ഇഷ്ടപ്രകാരം അമേരിക്കക്കാരിയായ ഫീബിയെ ജീവിത സഖിയായി തിരഞ്ഞെടുത്ത് തന്റേത് മാത്രമായ ഇഷ്ടങ്ങൾക്കു അനുസരിച്ചു ജീവിച്ചു പോന്ന തെയ്യുണ്ണിക്ക് തന്റെ ഏട്ടന്റെ തീരുമാനങ്ങളും ജീവിതവും പ്രഹേളികയായി തോന്നി. പക്ഷെ വർഷങ്ങൾക്ക് ശേഷം പ്രായത്തിന്റെയും കാലത്തിന്റെയും കണക്കു പുസ്തകത്തിലെ ഏടുകൾ മറിയുമ്പോൾ ഏട്ടന്റെ ആ ഏകാന്തവാസത്തിന്റെ പൊരുൾ തെയ്യുണ്ണി തിരിച്ചറിയുകയാണ്.
“സമൂഹത്തിനും കുടുംബത്തിനും കൊടുക്കാനുള്ള കടങ്ങൾ ഓരോരുത്തർക്കുമുണ്ട്. ആ കടങ്ങൾ എന്റെ പ്രാപ്തിക്കനുസൃതമായി ഞാൻ വീട്ടിക്കഴിഞ്ഞെന്നു തോന്നുന്നു. ഇനി എനിക്ക് മറ്റു ചില കടപ്പാടുകളുണ്ട്. അത് കൊടുത്തുതീർക്കാനാണ് ഞാൻ മലയടിവാരത്തിൽ താവളം തേടുന്നത്.”
ഈ കടപ്പാടുകൾ എന്തെന്ന് അന്ന് ഏട്ടൻ പറഞ്ഞില്ല, തെയ്യുണ്ണി ചോദിച്ചതുമില്ല. ആ കടപ്പാടുകൾ ഒരുവന് തന്റെ സ്വത്വത്തോടും അസ്തിത്വത്തോടും ഈ പ്രകൃതിയോടും തന്നെയുള്ളതാണെന്ന് ഏട്ടന്റെ വിയോഗ ശേഷം തെയ്യുണ്ണി തിരിച്ചറിയുന്നുണ്ട്. ഒരുപക്ഷെ തെയ്യുണ്ണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവും അതായിരുന്നിരിക്കാം.
പത്തുവർഷങ്ങൾ തെയ്യുണ്ണിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ കഥാകാരൻ പലയിടത്തും പറഞ്ഞു വയ്ക്കുന്നുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ജീവിത സഖിയാക്കിയ ഫീബി ഇന്ന് അയാൾക്കൊപ്പമില്ല. ഉറഞ്ഞു പോയ സ്നേഹം വേണ്ടെന്നു വച്ച് അവൾ കൂടോഴിഞ്ഞു പോയിരുന്നു. ബോംബെയിൽ നിന്നു പാലക്കാടേക്ക് അയാളുടെ യാത്രാമാർഗ്ഗം വിമാനത്തിൽ നിന്ന് തീവണ്ടിയായി പരിണമിച്ചിരുന്നു. തന്റെ ബാല്യകാലത്തെ പോലെ ഒരു സെക്കന്റ് ക്ലാസ്സ് യാത്ര. തീവണ്ടി ജനാലയിലൂടെ ഒഴുകി മറയുന്ന കാടും, മേടും പുഴയും ഗ്രാമവും ഇപ്പോൾ അയാളെപ്പോലെ തന്നെ ശാന്തമാണ്. പത്തുകൊല്ലം മുൻപത്തെ യാത്രയുടെ പരുഷത സൗമ്യതയിലേക്ക് വഴിമാറിയിരിക്കുന്നു. തന്നിൽ നിറഞ്ഞ ആ സൗമ്യഭാവം ചുറ്റുമുള്ള ആളുകളിലും പ്രകൃതിയിൽ പോലും നിറഞ്ഞിരിക്കുന്നതായി അയാൾക്ക് തോന്നുന്നു.
ഏട്ടൻ ജീവിച്ചിരുന്നപ്പോൾ ഒരു സഹായിയായും ഏട്ടന്റെ വിയോഗശേഷം പുരയിടത്തിന്റെയും പറമ്പിന്റെയും കാവൽക്കാരനായും മാറുന്ന പൊന്നുസ്വാമി കാണിച്ചുകൊടുക്കുന്ന ഏട്ടൻ ഉറങ്ങുന്ന മണ്ണ് തെയ്യുണ്ണി തൊട്ട് നെറുകയിൽ വയ്ക്കുന്നു. അന്ന് രാത്രി അയാൾ മലയടിവാരത്തെ ഏട്ടന്റെ വീട്ടിൽ തങ്ങാൻ തീരുമാനിക്കുന്നു.
രാത്രിയിൽ ചുരം കടന്നു വരുന്ന കിഴക്കൻ കാറ്റിന്റെ സംഗീതം തെയ്യുണ്ണിയെ പലതും ഓർമ്മിപ്പിക്കുന്നു. കഴിഞ്ഞ വരവിൽ ഏട്ടൻ പറഞ്ഞ കാറ്റിന്റെ ശബ്ദം തെയ്യുണ്ണി അനുഭവിച്ചറിയുകയായിരുന്നു. കഴിഞ്ഞ തവണ അയാൾക്ക് തിരിച്ചറിയാൻ കഴിയാതെ പോയ അതേ ശബ്ദം. ആ കാറ്റിൽ ഏട്ടന്റെ കരുണ നിറഞ്ഞു നിന്നിരുന്നു, രോഗങ്ങൾ ശമിപ്പിച്ച ധന്വന്തര മന്ത്രങ്ങൾ നിറഞ്ഞു നിന്നിരുന്നു, സന്തതിയുടെ പിഞ്ചു ശബ്ദങ്ങളും ശ്രാദ്ധ മന്ത്രങ്ങളും നിറഞ്ഞു നിന്നിരുന്നു. ആ രാത്രി ഒരു ആയുഷ്കാലത്തിന്റെ പൂർണ്ണിമയാണ് തനിക്കെന്നുള്ള തിരിച്ചറിവോടെ, തെയ്യുണ്ണി പുലരാനുറങ്ങുന്നതോടെ കഥ അവസാനിക്കുന്നു.
പക്ഷെ വായനക്കാരന്റെ മനസ്സിൽ ഈ കഥ അവസാനിക്കുന്നില്ല, ഒരിക്കലും അവസാനിക്കുകയുമില്ല. തെയ്യുണ്ണിയും ഏട്ടനും വായനക്കാരനെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കും, വേട്ടയാടിക്കൊണ്ടേയിരിക്കും. വായനയുടെ ആഴങ്ങളിൽ പലയിടത്തും വായനക്കാരൻ തെയ്യുണ്ണിയായും ഏട്ടനായും പരിണമിക്കും.
“അച്ഛന് മരിക്കാൻ പൈസ ആവശ്യമായിരുന്നില്ല, സാമീപ്യവും സ്പർശനവുമായിരുന്നു ആവശ്യം” എന്ന് തെയ്യുണ്ണിയിലൂടെ കഥാകാരൻ പറയുമ്പോൾ ഒരു വാക്യത്തിലൊതുങ്ങൊന്നൊരു ജീവിത പാഠം വായനക്കാരൻ വായിച്ചെടുക്കും. രണ്ട് ഇളനീരിൽ പ്രഭാത ഭക്ഷണവും രാത്രി ഭക്ഷണവും ഒതുക്കുന്ന, നാലു വെള്ളമുണ്ടും നാലു മേൽമുണ്ടും രണ്ട് തോർത്തും കുറച്ചു മൺ കലവും മാത്രം കൈമുതലായുണ്ടായിരുന്ന തെയ്യുണ്ണിയുടെ ഏട്ടൻ സംതൃപ്തിയോടെ ജീവിക്കാൻ വളരെ കുറച്ചു കാര്യങ്ങളെ ആവശ്യമുള്ളൂ എന്ന് നമ്മോട് പറയും. പ്രകൃതിയോടിണങ്ങി, പ്രകൃതിയെ അറിഞ്ഞ്, പ്രകൃതിയിൽ അലിഞ്ഞു ചേർന്ന ആ ജീവിതം വായനക്കാരന്റെ ചിന്താധാരയെ തന്നെ മാറ്റിമറിക്കാൻ പോന്നതാണ്.
കാറ്റ് പറഞ്ഞത് ഒരു കഥയല്ല, ഒരുപാട് കഥകളാണ്. പലതും നാം കണ്ടതും അറിഞ്ഞതും കണ്ടറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചതും തന്നെ. കാറ്റ് പറഞ്ഞത് വെറും കഥകളല്ല, ജീവിത സത്യങ്ങളും പാഠങ്ങളുമാണ്. കാറ്റ് പറഞ്ഞത് സ്വന്തം അസ്തിത്വവും ആത്മാവും തേടിയലയുന്ന ഓരോ മനുഷ്യന്റെയും കഥയാണ്. ചുരുക്കത്തിൽ കാലത്തിനും മുൻപേ സഞ്ചരിച്ച ഒരു മഹാനായ എഴുത്തുകാരന്റെ കാലാതിവർത്തിയായ കഥയാണ് കാറ്റ് പറഞ്ഞത്.
ദിവ്യ എസ് മേനോൻ