തയ്യാറാക്കിയത്: ദിവ്യ എസ്. മേനോൻ.
ശ്രീ എസ് കെ പൊറ്റെക്കാട്ടിന്റെ മഹത്തായ സൃഷ്ടികളിൽ ഒന്നാണ് ഒരു ദേശത്തിന്റെ കഥ. ജ്ഞാനപീഠ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി അവാർഡും നേടിയിട്ടുള്ള നോവൽ.

നീണ്ട മുപ്പത്തിയഞ്ച് വർഷങ്ങൾക്കു ശേഷം താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം എന്ന ഗ്രാമം സന്ദർശിക്കാനെത്തുന്ന ശ്രീധരനിലൂടെ പുരോഗമിക്കുന്ന കഥ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഉണ്ടായിരുന്ന ഒരു വടക്കൻ ഗ്രാമമാണ് അതിരാണിപ്പാടം. തിരിച്ചു വരവിൽ ശ്രീധരന്റെ ഓർമ്മയിൽ വിടരുന്ന അതിരാണിപ്പാടത്തെ ഓരോ കഥാപാത്രത്തെയും വളരെ ലളിതമായ, ഹൃദ്യമായ ഭാഷയിൽ കഥാകാരൻ വരച്ചിടുന്നു.
അതിരാണിപ്പാടത്തെ കൃഷ്ണൻ മാസ്റ്ററുടെ മകനാണ് ശ്രീധരൻ. ശ്രീധരനിലൂടെയും കൃഷ്ണൻ മാസ്റ്ററിലൂടെയും ആരംഭിക്കുന്ന നോവൽ പിന്നീട് അതിരാണിപ്പാടത്തെ ഓരോരുത്തരുടെയും കഥയായി മാറുന്ന വായനാനുഭവം ഒന്ന് വേറെ തന്നെയാണ്.
ഭൂതകാലത്തോ വർത്തമാനകാലത്തോ നാം നമുക്ക് ചുറ്റും കണ്ടിരിക്കാൻ സാധ്യതയുള്ള സാധാരണ മനുഷ്യരുമായി വളരെയേറെ സാമ്യമുള്ള കഥാപാത്രങ്ങൾ. അതുകൊണ്ടാവാം ഞണ്ടു ഗോവിന്ദനും കൂനൻ വേലുവും പറങ്ങോടനും കൃഷ്ണൻ മാസ്റ്ററും ഉണ്ണൂലിയമ്മയും ഗോപാലേട്ടനും കോരൻ ബട്ലരും നാരായണിയും വായനക്കാരന്റെ മനസ്സിൽ വളരെ പെട്ടന്ന് തന്നെ ഇടം പിടിക്കുന്നത്.അതിരാണിപ്പാടത്തേയും ഇലഞ്ഞിപൊയിലിലെയും അതിമനോഹരമായ ഗ്രാമകാഴ്ചകളിലൂടെ ഒഴുകുന്ന കഥ പലപ്പോഴും വായനക്കാരന് ഗൃഹാതുരമായ ഒരു അനുഭവം കൂടിയാണ്. നെൽപ്പാടങ്ങളും വെറ്റിലത്തോട്ടവും പുഴയും കൊപ്രക്കളവുമെല്ലാം ‘ഇത് എന്റെ ഗ്രാമം തന്നെയല്ലേ ‘ എന്ന് വായനക്കാരന് തോന്നിപ്പിക്കും വിധം മനസ്സിൽ അലിഞ്ഞുചേരും. വായിച്ചു നിർത്തുമ്പോൾ അതിരാണിപ്പാടം നമ്മുടെ കൂടി ദേശമായി മാറുന്ന അനുഭൂതിയാണ് ഒരു ദേശത്തിന്റെ കഥ.
അതിരാണിപ്പാടത്തിന്റെ കഥയാണ് ഈ നോവൽ എന്ന് പറയാമെങ്കിലും ഉത്തരേന്ത്യയിലൂടെയും ആഫ്രിക്കയിലൂടെയും യൂറോപ്പിലൂടെയും ഒക്കെ ഈ കഥ സഞ്ചരിക്കുന്നുണ്ട്. അതുപോലെ മലബാർ ലഹളയും സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാലഘട്ടവും എല്ലാം നോവലിൽ പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ നോവൽ ചരിത്രപ്രാധാന്യമുള്ളതു കൂടിയാണ്.
കഥാകാരന്റെ ആത്മകഥാംശമുള്ള നോവലാണ് ഒരു ദേശത്തിന്റെ കഥ എന്ന് വായിച്ചിട്ടുണ്ട്. അത് സത്യമാണെങ്കിലും അല്ലെങ്കിലും “അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ. പഴയ കൗതുക വസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍..!” എന്ന ഉത്തരം ഉള്ളിൽ കരുതിവച്ചു നടക്കുന്ന ശ്രീധരന്റെ ആത്മാംശം പറിച്ചു നടപ്പെട്ട ഓരോ പ്രവാസിയുടെയും ഉള്ളിലുണ്ട് !
അതിരാണിപ്പാടത്തൂടൊരു കുഞ്ഞുയാത്ര..! നന്നായിട്ടുണ്ട്.!!
വളരെ നന്ദി 🙏