17.1 C
New York
Wednesday, August 17, 2022
Home Books എന്റെ കഥ (പുസ്തക ആസ്വാദനം )

എന്റെ കഥ (പുസ്തക ആസ്വാദനം )

സുജ ഹരി✍

”ആത്മീയതയിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തുവഞ്ചിയായി ശരീരം മാത്രമേ നമുക്കുള്ളൂ. ആത്മാവിനെ നാം തളച്ചിടുന്നത് ഈ ശരീരത്തിലാണ്.” എന്നുറക്കെ പറഞ്ഞ കമലാദാസിന്റെ ആത്മകഥാംശമുള്ള കൃതിയാണ്, ‘എന്റെ കഥ

പണ്ടു വായിച്ചിട്ടുള്ളതാണെങ്കിലും പുസ്തകങ്ങൾ അടുക്കി വയ്ക്കുന്നതിനിടയിൽ കണ്ണിൽപ്പെട്ട പ്രിയപ്പെട്ട പുസ്തകം ഈയിടെ ഒന്നുകൂടി
വായിയ്ക്കാനിടയായി….

**

(കമലയുടെ “എന്റെ കഥ “
എന്ന കൃതിയുടെ ഒരു ചെറിയ ആസ്വാദനം)

മാധവിക്കുട്ടി എഴുതിയതൊക്കെയും
കവിതയായിരുന്നു. ജീവരക്തം ചാലിച്ചെഴുതിയ കവിത !

1973 ൽ ആദ്യ പതിപ്പായി പുറത്തിറങ്ങിയ
” എന്റെ കഥ “കമലാദാസ് എന്ന
മാധവിക്കുട്ടിയുടെ, കമലാ സുരയ്യയുടെ
ആമിയുടെ, ആത്മകഥാംശമുള്ള കൃതിയാണ്. കാലം ജീനിയസ്സിന്റെ പദവി നൽകി ആദരിച്ച ആമി, ഭയമെന്ന വാക്കിന്റെ അർത്ഥമറിയാത്ത
എഴുത്തുകാരിയായിരുന്നു.

ആശുപത്രിയിൽ മരണത്തോട്
മല്ലടിക്കുന്ന, ആരോഗ്യം നശിച്ച ഒരു രോഗിണിയെയാണ് ഈ കഥയുടെ ആദ്യ പാദത്തിൽ നാം കാണുന്നത്.
പക്ഷേ രോഗം ബാധിക്കാത്ത അവരുടെ
മനസ്സും ചിന്തകളും അപ്പോഴും സജീവമാണ്.

“ഇതൊരു ശക്തനായ എതിരാളിയാണ്
ഈ രോഗവും ഞാനുമായി ദ്വന്ദയുദ്ധത്തിലാണ് “
“ഒരിക്കൽ നർത്തകരുടേയും സംഗീതജ്ഞരുടേയുമെല്ലാം താവളമായിരുന്ന എന്റെ ശരീരത്തിൽ ഇപ്പോൾ വേദനകളുമായി ചേരി നിവാസികൾ കടന്നു വന്നിരിക്കുന്നു”

“നാം വികാരാധീനരാവരുത്. വികാരം ആനന്ദത്തിന്റെ യഥാർത്ഥ ശത്രുവാണ് “

“ഒരു കാല് ജീവിക്കുന്നവരുടെ ലോകത്തും
മറ്റേ കാൽ മരിച്ചവരുടെ ലോകത്തും ചവിട്ടുക, എന്നതാണ് മരണാസന്നനായ ഒരു മനുഷ്യ ജീവിക്ക് ഇഹലോകത്ത് സ്വീകരിക്കാൻ പറ്റുന്ന ഏറ്റവും പൂർണ്ണമായ നില ” ….

ഇവയെല്ലാം രോഗത്തെ പൊരുതി തോൽപ്പിക്കുവാനായി അവർ നിരന്തരം മനസ്സിലേക്ക് തൊടുത്തിരുന്ന നിശ്ശബ്ദമായ വാക്ശരങ്ങളായിരുന്നു.

മൂന്നാം തവണയും ഗുരുതര രോഗബാധയാൽ മരണാസന്നയായി
ആശുപത്രിക്കട്ടിലിൽ കിടക്കുന്ന കാലം
“കവിത നമുക്കു വേണ്ടി പക്വപ്പെടുന്നില്ല. കവിതക്ക് വേണ്ട പക്വത നാം നേടേണ്ടിയിരിക്കുന്നു ” എന്ന് തിരിച്ചറിഞ്ഞ ആമി, ആത്മകഥയെഴുതുവാൻ തീരുമാനിക്കുന്നു….

വെള്ളത്തിൽ മുങ്ങി മരിക്കുന്നവർ ജീവിതത്തിലെ സകല സംഭവങ്ങളും ഒരു സിനിമയിലെന്നവണ്ണം , മരണത്തിനു മുമ്പുള്ള നിമിഷത്തിൽ കാണുന്നതുപോലെ,
വെള്ളവും കഫവും ശ്വാസകോശത്തിൽ നിറഞ്ഞ് മരണത്തിലേക്ക് വഴുതിപ്പോകുന്ന നിമിഷങ്ങളിൽ ആമിയുടെ ഓർമ്മകളും ബാല്യകാലത്തിലേക്ക് തിരികെപ്പോകുന്നു. ആ ഓർമ്മകളും, വിഹ്വലതകളുമാണ്
ആത്മകഥയായി മാറുന്നതും.

ഈശ്വരനെക്കുറിച്ചുള്ള ആമിയുടെ നിരീക്ഷണം വളരെ രസകരമാണ്.
“രക്ഷിക്കുവാനും ശിക്ഷിക്കുവാനും കെൽപുള്ള ഒരു രക്ഷിതാവായി താൻ ഒരിക്കലും ഈശ്വരനെ കണ്ടിരുന്നില്ല എന്നും ചുവരിൽ കൂടി തല വെട്ടിച്ചും അല്ലാതെയും നടന്നിരുന്ന ഒരു കൂട്ടുകാരനായാണ് ഈശ്വരനെ കണ്ടിരുന്നതെന്നും ” ആമി
പറയുന്നുണ്ട്.

മൂന്നു സത്യങ്ങൾ മാത്രമേ ജീവിതത്തിൽ നാം
നേരിടേണ്ടതായുള്ളു വെന്നും അത്
*ഭൂതത്തിൽ ജനനം
വർത്തമാനത്തിൽ ജീവിതം
ഭാവിയിൽ മരണം * എന്നതായിരിക്കണമെന്നും അവൾ വിശ്വസിച്ചു.

ഗാന്ധിയൻ കാഴ്ചപ്പാടുള്ള
മാതാപിതാക്കളിൽ നിന്ന് വ്യത്യസ്തമായി
കടും നിറങ്ങളെയും, വർണ്ണാഭമായ ലോകവും അവൾ ഇഷ്ടപ്പെട്ടു. പക്ഷേ അവൾക്കൊരിക്കലും അത് ലഭിച്ചിരുന്നില്ല.
സമവൃത്തിയെന്ന സന്ധിയിൽ മാതാപിതാക്കൾ വിശ്വസിച്ചെങ്കിലും അവൾ അതും വിശ്വസിച്ചില്ല. അതു കൊണ്ട് തന്നെ
ആകാശത്തോളം ഉയരാനും പാതാളക്കുഴിയിൽ താഴാനും അവൾക്ക് കഴിഞ്ഞു.

സ്വന്തം നിലപാടുകൾ കാത്തുസൂക്ഷിക്കുന്നതിൽ അവർ കർക്കശക്കാരിയായിരുന്നു. ആത്മകഥ എഴുതിത്തുടങ്ങിയ അവസരത്തിൽ അവളുടെ ഭർത്താവ്, ഒരു മറാത്തി കവിയെ
എഴുതിയ ഭാഗം കാണിച്ചു കൊടുക്കാൻ നിർബ്ബന്ധിച്ചു …. പക്ഷേ “ഒരു മാസം വളർച്ചയെത്തിയ ഭ്രൂണത്തെ
ഗർഭപാത്രത്തിനുള്ളിൽ നിന്നും പുറഞ്ഞെടുത്തു പ്രദർശിപ്പിക്കാൻ താൽപര്യമില്ലെന്നാണ് ” അതിന് മറുപടിയായി ആമി പറഞ്ഞത്.

കൽക്കട്ടയിലെ സ്കൂൾ പഠന കാലം ആമിയെ സംബന്ധിച്ചിടത്തോളം വർണ്ണ വിവേചനത്തിന്റെയും വറ്റാത്ത കണ്ണുനീരിന്റെയും കാലമായിരുന്നു.
നിസ്സാര കാര്യങ്ങൾ പോലും അവളെ സങ്കടപ്പെടുത്തുമായിരുന്നു.

പക്ഷേ അവധിക്കാലം ചെലവഴിക്കാനെത്തുന്ന അമ്മ വീടായ പുന്നയൂർക്കുളത്തെ നാലപ്പാട്ട് തറവാടും , കുളവും,സർപ്പക്കാവും, നീർമാതളവും നാരകവും, അരളിയും അശോകവുമെല്ലാം പൂത്തു നിൽക്കുന്ന തൊടികളും
സ്നേഹമയിയായ അമ്മമ്മയും, അവിടുത്തെ വേലക്കാരും എല്ലാം മനോഹരമായ ബാല്യകാല സ്മൃതികളാണ്.
ഇരുവിടുകളിലേയും പരിചാരകരായിരുന്നു അവളുടെ എറ്റവും വലിയ കൂട്ടുകാർ .

കൽക്കത്തയിലെ വീടിനടുത്തുള്ള , ബോഗൻവില്ലപ്പൂക്കൾ പൂത്തു നിൽക്കുന്ന പുരാതന യൂറോപ്യൻ സിമിത്തേരി സന്ദർശിക്കുന്നത് പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ആമിക്ക് ഹരമായിരുന്നു.

തൃശൂരിലെ ബോർഡിംഗ് സകൂളിലെ പഠനവും, റൂംമേറ്റുകളുമൊത്തുള്ള കളിതമാശകളും, ജൻമദിനത്തിന് അവർ സമ്മാനിച്ച മനോഹരമായ ഉടുപ്പുമെല്ലാം ചെറുപ്പത്തിലെ മധുരതരമായ ഓർമ്മകളാണ് !

പന്ത്രണ്ട് വയസ്സ് കഴിഞ്ഞപ്പോഴേക്കും അവൾ, അന്നാ കരനീന, ഓസ്കാർ വൈൽഡിന്റെ കൃതികൾ ഉൾപ്പടെ അനേകം ലോകോത്തര കൃതികൾ വായിച്ചു കഴിഞ്ഞിരുന്നു. ചെറിയമ്മയുടെ വിവാഹവും
നവദമ്പതികളുടെ സ്നേഹപ്രകടനവും അനുരാഗമെന്ന പദത്തിന്റെ അർഥവുമെല്ലാം
അവൾക്ക് മനസ്സിലായിത്തുടങ്ങിയതും
ഇക്കാലത്താണ്.

നാട്ടിൽ നിന്നും തിരികെ കൽക്കത്തയിലെത്തി പാർക്ക്സ്ട്രെയിറ്റിലുള്ള വിദ്യാലയത്തിൽ ചേർന്നെങ്കിലും, വർണ്ണ വിവേചനത്തിന്റെ കാഠിന്യം, ബ്രൗൺ നിറമുള്ള അവളെ
ഭയാനകമായി വേട്ടയാടിയിരുന്നു. തനിക്കു നിറം കുറവാണെന്നും സുന്ദരിയല്ലെന്നുമുള്ള അപകർഷതയും അവളെ മഥിച്ചു…

രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലമായിരുന്നു അത്. ജീവിത വൈരുദ്ധ്യങ്ങളോടുള്ള ഏറ്റുമുട്ടൽ കൊണ്ടാകാംജ്യേഷ്ഠന്റെ പാത പിന്തുടർന്ന് അവളും, ഹിറ്റ്ലർ – മുസ്സോളിനിമാരുടെ
ആരാധികയായത്.

നാട്ടിൽ നിന്ന് കൽക്കത്തയിലേക്കും
തിരിച്ചും, ഇടയ്ക്കിടെയുള്ള
കൂടുമാറ്റങ്ങൾ അവളെ വേദനിപ്പിച്ചിരുന്നു.

“സ്റ്റേഹത്തിന്റെ രാജ്യത്തിൽ നിന്ന് ഇടക്കിടക്ക് എന്നെ ഭ്രഷ്ടാക്കി ക്കൊണ്ടിരുന്ന വിധിയെ ഞാൻ ശപിച്ചു ” എന്ന ഒറ്റ വാചകത്തിലൂടെ ആ വേദനയുടെ തീവ്രത നമുക്ക് മനസ്സിലാക്കാൻ കഴിയും.

മുത്തച്ഛന്റെ മരണത്തോടെ അമ്മമ്മക്കു വന്ന മാറ്റങ്ങൾ അവളെ വല്ലാതെ വേദനിപ്പിച്ചു. ഭർത്താവ് മരിച്ചാൽ ഒരു സ്ത്രീ വെറും ദാസിയായിത്തീരും, സ്ത്രിക്ക് അവളുടെ പുരുഷൻ മാത്രമാണ് തണൽ;
അതുകൊണ്ട് രണ്ടാം വിവാഹം ഒഴിച്ചുകൂടാനാവാത്തതാണെന്നും അവർ
വിശ്വസിച്ചു.

“ജനന സമയത്ത് ഏതോ കുരുത്തം കെട്ട ദൈവം എന്നെ വന്ന് തൊട്ടുവെന്നും
അതുകൊണ്ടാവാം ആദരണീയരായ മാതാപിതാക്കൾക്ക് തന്നെപ്പോലൊരു മകൾ ജനിച്ചതെന്നും ” തന്റെ പ്രത്യേക സ്വഭാവത്തെ അവർ ന്യായീകരിക്കുന്നുണ്ട്.

അച്ഛനമ്മമാരുടെ ജീവിത രീതിയിൽ നിന്ന് വ്യതിചലിച്ച്, ചില ദുശ്ശീലങ്ങൾ തന്നിൽ
വേരൂന്നിയതിന് മറ്റൊരു കാരണമായി അവൾ പറയുന്നത് “സാഹിത്യമാണ് എന്റെ വളർത്തമ്മയും വളർത്തച്ഛനുമെന്നാണ് “

സമ്പന്നരെങ്കിലും, കർക്കശക്കാരനായ അച്ഛനിൽ നിന്നോ, എഴുത്തുകാരിയായ അമ്മയിൽ നിന്നോ, വേണ്ടത്ര ലാളനയും സ്നേഹവും അവൾക്ക് ലഭിച്ചിരുന്നില്ല . വളരെയേറെ പ്രായ വ്യത്യാസമുള്ള ഒരാളെ വിവാഹം കഴിക്കേണ്ടി വന്നതും സ്നേഹിക്കാനറിയാതെ
കാമം മാത്രം കൈമുതലായുള്ള ആ മനുഷ്യനോടൊപ്പമുള്ള ജീവിതവും
അവൾ ആസ്വദിച്ചിരുന്നുമില്ല !

അതുകൊണ്ടാവാം
‘”സ്നേഹിക്കാനറിയുന്ന ഒരു പുരുഷനെയും
ഞാനിന്നുവരെ കണ്ടിട്ടില്ല
ഞാൻ അനാഥയാണ് ആത്മീയമായും വൈകാരികമായും ” എന്നവർ പറയുന്നത് . സ്നേഹം തേടി അലഞ്ഞ ആ
പഥിക ഒടുവിൽ അത് കണ്ടെത്തുകയും
തന്റെ ലക്ഷ്യം പൂർത്തീകരിക്കുകയും ചെയ്യുന്നതായി കഥയിൽ പറയുന്നുണ്ട്.

മൂന്ന് മക്കൾ ജനിച്ച ശേഷവും
മക്കൾക്ക് നല്ലൊരമ്മയെങ്കിലും,
മാനസികമായി ഒരു കൊച്ചു പെൺകുട്ടിയെ പ്പോലെയാണവർ ജീവിച്ചത്.
കാർലോ എന്നൊരു വിദേശി സുഹൃത്തിനെക്കുറിച്ച് കഥയിൽ പലയിടത്തും പരാമർശിക്കുന്നുണ്ട്.

സദാചാരമെന്ന് നമുക്കിടയിൽ വ്യവഹരിക്കപ്പെട്ടു കിടന്നതിനെ അവർ അവഗണിച്ചു. സദാചാരത്തിന്റെ അസ്ഥിവാരം ചീഞ്ഞളിഞ്ഞു
പോകുന്ന ശരീരമാകരുതെന്നും
യഥാർത്ഥ സദാചാരത്തിന്നാധാരം മനുഷ്യ മനസ്സാവണം എന്നുമവർ വിശ്വസിച്ചു.

കൽക്കത്ത, ഡൽഹി, ബോംബെ
തുടങ്ങി പല നഗരങ്ങളിൽ മാറി മാറിയുള്ള ജീവിതവും, കഠിനമായ മാനസിക സംഘർഷങ്ങളും വ്യത്യസ്ത ജീവിതചര്യകളുമെല്ലാം അവരെ ഒരു രോഗിയാക്കി മാറ്റി.

രോഗക്കിടക്കയിൽ കിടന്ന് അവർ ഓർമകളിലേക്ക് ഊളിയിടുന്നു …..
ദിവസവും ലളിതയോട് (ലളിത സഹസ്ര നാമം )കൂട്ടു കൂടുന്നു. മൂന്നാം തവണയും രോഗവിമുക്തി നേടുകയും അങ്ങനെ അവസാനം അവൾ തേടി നടന്ന,
സ്നേഹം മാത്രം കൈമുതലായുള്ള രാജാവിൽ തന്നെ എത്തിച്ചേരുകയും ചെയ്യുന്നതായി വിവക്ഷിക്കുന്നു.

രാജാവ് എന്നാൽ ഒരു പ്രത്യേക മനസ്ഥിതിയാണെന്നും, അല്ലാതെ കിരീടമോ ചെങ്കോലോ അല്ല രാജാവിന്റെ അടയാളങ്ങളെന്നും അവൾ വിശ്വസിച്ചു .
“ഒഴുകി വന്ന് സമുദ്രത്തിൽ പതിച്ച ഒരു നദിയെ എങ്ങനെ ആ നീലിമയിൽ നിന്ന് വേർതിരിക്കാനാവും “? എന്ന ചോദ്യത്തിന്
നമുക്കും ഉത്തരമില്ലാതാകുന്നു.

എപ്പോഴും സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ഒരസാധാരണ മനസ്സിന്റെ വിഭ്രാന്തികളും, വിഹ്വലതകളും കാമനകളുമെല്ലാം, ഒരു തിരശ്ശീലയിലെന്ന പോലെ നമുക്ക് കാണിച്ചുതരുന്നതും,
ആത്മകഥാപരമായ യാഥാർഥ്യങ്ങളും , അതോടൊപ്പം ആത്മസുഖത്തിന് വേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കലാസൃഷ്ടി, ഒരേ സമയം ആമിയുടെ ആത്മകഥയും
സ്വപ്ന സാഹിത്യവുമാണ്.

സുജ ഹരി✍

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: