ഇല കൊഴിഞ്ഞു നഗ്നമായ മരച്ചില്ലകളിൽ മഞ്ഞു പൂത്തു കിടന്നു .ഡിസംബറിലെ ഒരു ഇരുണ്ട പ്രഭാതം ആയിരുന്നു അത് .
വീശീ അടിച്ച തണുത്ത കാറ്റിൽ രാത്രി പെയ്ത നേർത്ത മഞിൻ കണങ്ങൾ , വാതിൽ പടിയിലും ജനൽ പടികളിലും ചിതറി കിടന്നു . അമേരിക്കയുടെ വടക്കു ഭാഗങ്ങൾ എല്ലാം പതിയെ മഞ്ഞു കാലത്തിലേയ്ക്കു നീങ്ങുകയാണ് .
എഡ്വിൻ അപ്പോൾ അയാളുടെ റിച്ച്‌മോണ്ടിൽ ഉള്ള അപ്പാർട്ടുമെന്റിലെ താമസക്കാരായ അരുമ ജീവികളെ പരിപാലിക്കുന്ന തിരക്കിൽ ആയിരുന്നു .
“ആസ്ട്രേലിയൻ കാറ്റിൽ ഡോഗ് ഇനത്തിൽ പെട്ട രണ്ടു പട്ടികൾ , മൂന്നു പൂച്ചകൾ അതിൽ ഒന്നു പെറ്റു കിടക്കുന്നു . ഒരു പെരുംപാമ്പ് പിന്നെ മൊണോക്ലെഡ് വിഭാഗത്തിൽ ഉള്ള ഒരു മൂർഖൻ പാമ്പ് . പാമ്പുകൾക്ക് ഭക്ഷണം ആകാനുള്ള വെള്ള എലികൾ . ഇങ്ങനെ പോകുന്നു അയാളുടെ അരുമകൾ .
എഡ്വിൻ ചെറുപ്പം മുതലേ ഇങ്ങനെ ഒരു മൃഗ സ്‌നേഹി ആണ് . ഈ ഭ്രാന്ത് കണ്ടു മടുത്താണ് ഭാര്യ അയാളെ ഉപേക്ഷിച്ചു പോയത് .
അമേരിക്കയിൽ വിഷപ്പാമ്പുകളെ വീടുകളിൽ വളർത്തുന്നത് അനുവദനീയം അല്ല. എങ്കിലും ഒരിക്കൽ കിട്ടിയ ആ മൂർഖൻ കുഞ്ഞിനെ കളയാൻ മനസ്സില്ലാതെ അയാൾ വളർത്തുക ആയിരുന്നു . ഒരിക്കൽ പോലും അവറ്റകൾ അയാളെ ഉപദ്രവിച്ചിട്ടില്ല.
മറ്റു അപ്പാർട്‌മെന്റിൽ താമസിക്കുന്നവർക്കെല്ലാം എഡ്വിന്റെ മൃഗ സ്നേഹം അറിയാം . മനുഷ്യരുമായി അധികം ബന്ധങ്ങൾ ഇല്ലാതിരുന്ന അയാളുടെ മുഴുവൻ ശ്രദ്ധയും ആ വളർത്തു മൃഗങ്ങളിൽ ആയിരുന്നു .
പെരുമ്പാമ്പിനെ ഇടയ്ക്കു സ്നേഹത്തോടെ പുണരും കൊഞ്ചിക്കും .
മൊണോക്ലെഡ് മൂർഖനെ “മർഫി “എന്നാണ് അയാൾ വിളിക്കുന്നത്. അതിനെ ലാളിക്കുന്നത് അയാൾക്ക് ഇഷ്ടമുള്ള പണി ആണ് .
ചെമ്പൻ നിറമുള്ള മുടികൾക്കിടയിലൂടെ നരച്ച കണ്ണുകളുയർത്തി അയാൾ മർഫിയെ നോക്കുമ്പോൾ ഇരുണ്ട പായൽ ക്കണ്ണുകളിൽ വെള്ളി നൂലുകൾ നെയ്തു അത് അയാളെ നോക്കുമായിരുന്നു .മർഫി യോടുള്ള പ്രണയം മൂത്തു അയാൾ അതിനെ ചുംബിക്കാറുണ്ടായിരുന്നു . കുറ്റിരോമങ്ങൾ ക്കിടയിൽ അയാളുടെ സിഗരറ്റു കറ പുരണ്ട ചുണ്ടുകൾ മർഫിയുടെ പ്രേമത്താൽ നീലിച്ചു കിടക്കും .
വളർത്തു പട്ടികളുമായ് അയാൾ പുറത്തെ മഞ്ഞുവീണുകിടക്കുന്ന ഇടവഴികളിലൂടെ പ്രഭാതങ്ങളിൽ നടക്കും . പൂച്ചകൾക്കും പട്ടികൾക്കും ഉള്ള തീറ്റക്കായി മൽസ്യ ചന്തകളിൽ കാത്തു നിൽക്കും .
പുറത്തെ തണുപ്പിനെ തോല്പിക്കുവാൻ നെരിപ്പോടുകൾ അയാൾ കത്തിച്ചു വച്ചു . ഒരു സിഗരറ്റു കത്തിച്ചു പുക ഊതി വിട്ടു . അപ്പോഴാണ് മുറിയുടെ മൂലയിൽ വെച്ചിരുന്ന മർഫിയുടെ കൂട്ടിൽ ഒരു അനക്കം . മർഫി പടം പൊഴിക്കുവാൻ ശ്രമിക്കുക ആണ് .
കുറച്ചു പൊളിഞ്ഞവ വെള്ളനിറത്തിൽ മർഫി യുടെ ശരീരത്തിൽ നിന്നും തൂങ്ങി കിടക്കുന്നു . എഡ്വിൻ കാലില്‍ കിടന്ന സോക്സ് ഊരി ഒന്നു നനച്ച ശേഷം മർഫി യുടെ അടിയിൽ പതിയെ പതിയെ തലോടി പടം കോഴിക്കാൻ അതിനെ സഹായിച്ചു കൊടുത്തു . അല്പം ഈർപ്പം ഉള്ള ഒരു പരുക്കൻ പ്രതലം ആണ് പാമ്പുകൾ അപ്പോൾ ഇഷ്ടപ്പെടുന്നത് .
ഇതിനു മുൻപും എഡ്വിൻ ഇങ്ങനെ ചെയ്തിട്ടുള്ളതാണ് . പക്ഷേ ഇപ്പോൾ എന്തുകൊണ്ടോ ശരീരത്തിൽ ഉണ്ടാകുന്ന ആ ഉരസൽ ആ ഉരഗജീവിയെ അലോരസപ്പെടുത്തി . ജാഗ്രതയോടെ അതു നാവു പുറത്തേയ്ക്കു നീട്ടി. മാരക വിഷം അതിന്റെ ദൃംഷ്ടകളിൽ ഒരു പേനയുടെ തുമ്പിലേയ്ക്ക് മഷി നിറയുന്നതു പോലെ വന്നു നിറഞ്ഞു . ഫണ സഞ്ചികൾ വിശറിപോലെ അതിന്റെ ചെറിയ തലയ്ക്കു ഇരുവശവും വിരിഞ്ഞു വിടർന്നു . ഒരു നിമിഷം .. ആഞ്ഞൊരു കൊത്ത്, എഡ്വിന്റെ കൈത്തണ്ടയിൽ ചുമപ്പ് പൊടിഞ്ഞു .
അതിവേദനയാൽ അലറി കരഞ്ഞ് കൈകൾ കുടഞ്ഞുകൊണ്ട് അയാൾ പുറകോട്ടു മറിഞ്ഞുവീണു .
നേരിയ ഇരുട്ട് ആണ് മുറിയിൽ. തെറിച്ചു പോയ ഫോൺ ഒരു വിധം എടുത്ത് എമർജൻസി നമ്പർ ആയ 911 വിളിക്കുമ്പോഴേയ്ക്കും അയാളുടെ കണ്ണുകളിൽ ഇരുട്ടു കയറി .
“ഹൗ ആർ യു എഡ്വിൻ ” എന്ന ഡോക്ടർ വിൻസെന്റിന്റെ ചോദ്യം കേട്ടാണ് അയാൾ കണ്ണുകൾ തുറന്നത് . ചുറ്റും തീഷ്ണ വെളിച്ചം. ടെംപിൾ ആശുപത്രിയുടെ എമർജൻസി റൂമിൽ ആണ് ഇപ്പോൾ എന്നു എഡ്വിന് മനസ്സിലായി . ” എനിക്കു ജീവിക്കണം ” എന്നു മാത്രം അയാൾ പറഞ്ഞു . മിനിറ്റുകൾ ക്കുള്ളിൽ 911 അയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു .
മൊണോക്ലെഡ് മൂർഖൻ എന്നാൽ ഈ ഭൂമിയിൽ ജീവിക്കുന്ന ഏറ്റവും വലിയ ഉഗ്ര വിഷജീവികളിൽ ഒന്നാണ് എന്നും അതിനുള്ള ആന്റിവെനം ഈ ഹോസ്പിറ്റലിൽ ഇല്ല എന്നുള്ള അറിവും ഡോക്ടർ വിൻസെന്റിനെ ചകിതനാക്കി .
ഡോക്ടർ വിൻസെന്റും കൂട്ടാളികളും ആന്റിവെനത്തിനായി അടുത്തുള്ള ഹോപിറ്റലുകളിലും ഫാർമസികളിലും വിളിച്ചു ചോദിച്ചു . പക്ഷേ ഇത്രയും അപൂർവ്വമായ വിഷസർപ്പത്തിന്റെ ആന്റിവെനം എവിടെയും ഇല്ലായിരുന്നു .
നാഷണൽ പോയ്സൺ കണ്ട്രോൾ ആളുകൾ പറഞ്ഞതിൻ പ്രകാരം അടുത്തുള്ള “ഫിലാഡൽഫിയ “മൃഗശാലയിൽ തിരക്കി , അവർ പക്ഷേ വിഷസർപ്പങ്ങളെ സൂക്ഷിക്കാറില്ലായിരുന്നു അതിനാൽ ആന്റിവെനം അവിടെ ഇല്ല . വിഷപ്പാമ്പുകൾ ഉള്ള മൃഗ ശാലകളിൽ ആന്റിവെനം ഉണ്ടായിരിക്കണം എന്നത് അമേരിക്കയിലെ നിയമം ആണ് .
സമയം നീങ്ങിക്കൊണ്ടിരുന്നു ,എഡ്വിന്റെ കണ്ണുകൾക്ക് ഭാരം വെച്ചതുപോലെ തോന്നിച്ചു , നാവിനു കുഴച്ചിൽ .
അപ്പോൾ ആണ് ഒരുനിർണ്ണായക വിവരം അറിഞ്ഞത് 120 മൈൽ അകലെയുള്ള ന്യൂയോർക്കിലെ ബ്രോൺസ് മൃഗശാലയിൽ രാജവെമ്പാല യുടെ ആന്റിവെനം ഉണ്ട് . അത് മൊണോക്ലെഡ് മൂർഖന്റേയും ആന്റിവെനം ആയി ഉപയോഗിക്കാം .
ബ്രോൺസ് മൃഗശാല ആന്റിവെനം നൽകാം എന്നു അറിയിച്ചു. എയർ ആംബുലൻസ് ഹെലോകോപ്ടറിന്റെ പൈലറ്റുമാർ, സ്റ്റീവും, മാർട്ടിനും രണ്ടു മണിക്കൂറിനുള്ളിൽ മരുന്നുമായി വരാം എന്നും അറിയിച്ചു .
എഡ്വിനിപ്പോൾ കണ്ണുകൾ തുറക്കാൻ ആവുന്നില്ല. അയാളുടെ ശരീരം തളരുന്നുണ്ട് . വിഷം നാഡീവൃൂഹത്തെ ബാധിച്ചു പക്ഷാഘാതം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ആണുള്ളത് .അങ്ങനെ അയാൽ ശ്വാസകോശവും ഹൃദയവും നിലച്ചു മരണം സംഭവിക്കും .
എല്ലാവരുടെയും കണ്ണുകളിൽ മരുന്ന് എത്തിച്ചേരുന്നവരെ ഒരു സമാധാനവും ഇല്ലാത്ത അവസ്ഥ കാണാം .
വേദനസംഹാരികൾ കൊടുത്തിരുന്നതു കൊണ്ട് ശാന്തമായ ഒരു മയക്കത്തിൽ ആണ് എഡ്വിൻ ഇപ്പോൾ. അയാളുടെ ശ്വാസഗതി ശ്രദ്ധിച്ചു കൊണ്ട് ഡോക്ടർ വിൻസെന്റ് അക്ഷമനായി നിന്നു .
പറഞ്ഞതിലും അഞ്ചു നിമിഷം മുൻപേ മരുന്നടങ്ങിയ ശീതീകരിച്ച ബാഗുമായി വരുന്ന സ്റ്റീവിനെയും മാർട്ടിനേയും കണ്ട് ആ മുറിയിലെ എല്ലാവരും പെട്ടന്ന് പ്രവർത്തന സജ്ജരായി .
ആന്റി വെനം നരമ്പുകളിൽ ഒഴുകിയ ആദ്യത്തെ മുപ്പതു മിനിറ്റിനുള്ളിൽ തന്നെ എഡ്വിൻ പതുക്കെ കണ്ണുകൾ തുറന്നു . പിന്നെ അയാൾക്ക് ശരീരം അനക്കാനായി . പൂർണ്ണ വിടുതലിലേയ്ക്ക് അയാൾ പയ്യെ പയ്യെ മാറി .
ജീവിതത്തിലേയ്ക്ക് തിരികെ വരുമ്പോഴും വളർത്തു മൃഗങ്ങളെ ഓർത്തു അയാൾ വ്യാകുലപ്പെട്ടു . മർഫിയോടു അയാൾക്കു പ്രത്യേകിച്ചു ദേഷ്യം ഒന്നും തോന്നിയില്ല. അവളെ ഒന്നു കാണണം എന്നു തോന്നി .
ആശുപത്രിയിൽ നിന്നും പിന്നീട് ഡിസ്ചാർജ് ആയ എഡ്വിനെ കാത്തിരുന്നത് ദുരന്ത വാർത്തകൾ ആയിരുന്നു . അയാളുടെ പൊന്നോമന മൃഗങ്ങളെ എല്ലാം പോലീസ് കൊണ്ടുപോയിരുന്നു . മർഫിയെ വെടിവെച്ചു കൊന്നു . നിയമം തെറ്റിച്ചു വിഷപ്പാമ്പിനെ വളർത്തിയതിനു കോടതിയും കേസുമായി. കെട്ടി വെയ്ക്കാൻ പണം ഇല്ലാഞ്ഞതിനാൽ അയാൾ ജെയിലിൽ ആയി .
രണ്ടു മാസങ്ങൾക്കു ശേഷം ഫെബ്രുവരി യിൽ എഡ്വിന് ആദ്യമായി പരോൾ കിട്ടി . ഓമന മൃഗങ്ങളുമായി കഴിഞ്ഞിരുന്ന അപാർട്മെന്റ് ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്നതു കണ്ട് അയാളുടെ മനസ്സു തകർന്നു .
ഓരോന്നിനെയും പേരു വിളിച്ചു കൊണ്ട് അയാൾ ആ ചെറിയ മുറികൾക്കുള്ളിലൂടെ ഹൃദയം പൊട്ടി കരഞ്ഞു നടന്നു . വീടിനു പുറത്ത് മഞ്ഞു വീഴ്ച കനത്തിരുന്നു . നേരത്തെ എടുത്തു ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മർഫിയുടെ വിഷം അപ്പോഴാണ് അയാളുടെ ശ്രദ്ധയിൽ പെട്ടത് .
കൈത്തണ്ടയിൽ മർഫിയുടെ ദംശനപ്പാട് തെളിഞ്ഞു കിടക്കുന്നുണ്ട് ആ മുറിപ്പാടിലൂടെ അയാൾ ഒരു നഷ്ട സ്വർഗ്ഗത്തിന്റെ ഓർമയിൽ വിരൽ ഓടിച്ചു .
കത്തിയെടുത്തു അയാൾ ഒരു ചെറിയ മുറിവ് അവിടെത്തന്നെ ഉണ്ടാക്കി . മർഫിയുടെ വിഷം മുറിവിൽ പുരട്ടി . എനിക്കു ജീവിക്കണം എന്നു ഡോക്ടർ വിൻസെന്റിനോട് പറഞ്ഞ അയാൾ “എനിക്കിനി ജീവിക്കേണ്ട “എന്നു ലോകത്തോടു മുഴുവൻ വിളിച്ചുപറഞ്ഞു .
എഡ്വിൻ വാതിൽ തുറന്നു പുറത്തേയ്ക്കു ഇറങ്ങി . ശക്തമായ ഒരു മഞ്ഞുകാറ്റു വന്നു അയാളുടെ മുഖത്തു അടിച്ചു . മഞ്ഞിൽ പുതഞ്ഞ കാലുകൾ വലിച്ചെടുക്കാൻ വിഫലമായ ഒരു ശ്രമം നടത്തി നോക്കി . വിഷം ശരീരത്തിൽ പടർന്നിരിക്കുന്നു . കൂന കൂടി കിടന്ന മഞ്ഞിലേക്കു മുഖം കുത്തി അയാൾ കുഴഞ്ഞു വീണു . അയാളുടെ മുകളിലേയ്ക്കു നിലയ്ക്കാത്ത പ്രവാഹം പോലെ മഞ്ഞു പെയ്തു കൊണ്ടിരുന്നു .



