കൊച്ചിൻ ഹനീഫ എന്ന സകലകലാവല്ലഭൻ
—————————————————————–
കൊച്ചിൻ ഹനീഫ മലയാളത്തിൽ ഒന്നാന്തരം വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച നടനാണ് എന്നതിൽ ആർക്കും സംശയമില്ല. പ്രത്യേകിച്ച് ആ ശക്തമായ വില്ലൻ വേഷങ്ങൾ കണ്ട് തരിച്ചിരുന്ന പോയ ഒരു തലമുറയ്ക്ക്. കൊച്ചിൻ ഹനീഫ മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യനടൻമാരിൽ മുൻപന്തിയിൽ സ്ഥാനമുള്ളയാളാണെന്ന് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും തർക്കമേയില്ല.കൊച്ചിൻ ഹനീഫ മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുകളിൽ ഒരാളാണ് എന്നതിലും ആർക്കും എതിരഭിപ്രായമുണ്ടാകില്ല. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലും കൊച്ചിൻ ഹനീഫയുണ്ട് എന്നതിലും എവിടേയും അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ല .
അതെ കൊച്ചിൻ ഹനീഫ വ്യത്യസ്ത കഴിവുകൾ ഒരേ അളവിൽ ഒത്തുചേർന്ന പ്രതിഭയാണ്. നാട് ഉള്ളിൻ്റെയുള്ളിൽ ചേർത്തുവെച്ച ഒന്നാന്തരം കലാകാരനാണ്. കൂടെ അഭിനയിച്ചവരുടെ അടുത്തറിഞ്ഞവരുടെ അടുത്ത സുഹൃത്തുക്കളുടെ വാക്കുകളിൽ നിന്നും അവർ പങ്കുവെച്ച അനുഭവങ്ങളിൽ നിന്നും ഒരു വ്യക്തി എന്ന നിലയിൽ ഈ മനുഷ്യ സ്നേഹിയേയും നാടറിഞ്ഞിട്ടുണ്ട്. മാത്രമല്ല വായിച്ചറിഞ്ഞതിലും പലരുടേയും അഭിമുഖങ്ങളിൽ നിന്നും ആരേയും അനാവശ്യമായി കുറ്റപ്പെടുത്താത്ത പരദൂഷണ സദസ്സുകളിൽ പങ്കെടുക്കാത്ത വ്യക്തിത്വം എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ടായിരുന്നുവത്രേ. ഏറ്റവും ആദരിക്കേണ്ട ഒരു സ്വഭാവസവിശേഷതയായി തന്നെ അത്കാണേണ്ട തുണ്ട്.
1951 ഏപ്രിൽ 22നാണ് കൊച്ചിയിൽ സലിം മുഹമ്മദ്ഘൗഷ് എന്ന ഹനീഫയുടെ ജനനം. പിതാവ് എ.ബി മുഹമ്മദ് മാതാവ് ഹാജിറ. ഏറെ വൈകിയാണ് ഹനീഫ വിവാഹിതനായത്. 1994ൽ.ഭാര്യ തലശ്ശേരി സ്വദേശിയായ ഫാസില. മക്കൾ സഫ, മർവ്വ. ഈ ഇരട്ട പെൺകുട്ടികൾക്ക് ഹനീഫ മരണപ്പെടുമ്പോൾ മൂന്നര വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ.
വളരെ ചെറുപ്പത്തിലേ സിനിമാരംഗത്തെത്തിയ ഹനീഫ ജയൻ സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്താണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ജയൻ തരംഗം മലയാള സിനിമയെ അടക്കി ഭരിച്ച കാലത്ത് ആ ചിത്രങ്ങളിൽ ഗുണ്ടാതലവനായും പോലീസ് ഓഫീസറായുമൊക്കെ ഹനീഫയും നിറഞ്ഞുനിന്നു. മലയാളത്തിലും മറു ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ വേഷമിട്ട ഹനീഫ അതിനു എത്രയോ മുമ്പു തന്നെ മിമിക്രിയിൽ സജീവമായിരുന്നു. മഹാരാജാസിലായിരുന്നു അന്ന് ഈ താരോദയം. മിമിക്രി ഇന്നത്തെ രീതിയിൽ ഏറെ പ്രസിദ്ധമായ ഒരു കലാരൂപമായി വളർന്നിട്ടില്ലാത്ത കാലത്ത് ഹനീഫയാണ് ആ രംഗത്തെ ആദ്യ സൂപ്പർ താരം എന്ന് പറയാം.ശിവാജിയേയും, സത്യനേയും നസീറിനേയുമൊക്കെ ഒരാൾ ഭംഗിയായി അനുകരിക്കുന്നത് ഏവരും കൗതുകത്തോടെ കണ്ടത് ഹനീഫയിലുടെയാണ്. പിന്നീട് ഈ രംഗം ഒട്ടേറെ കലാകാരൻമാരുടെ തട്ടകവും ഉയർച്ചയിലേക്കുള്ള പാതയുമായി മാറി. തുടർന്ന് മിമിക്രിയിലുടെ ശ്രദ്ധേയരായഏവരും കൊച്ചിൻ ഹനീഫയെ ആദരവോടെ തന്നെയാണ് സ്മരിക്കാറുള്ളത്. മുൻഗാമി എന്ന് വിശേഷിപ്പിക്കാറുള്ളത്.
ഇനി ആ നടനിലേക്ക് വരാം “ദുബായ്” എന്ന സിനിമ കണ്ടവരുടെ മനസ്സിൽ നിന്നും വിക്ടർ സെബാസ്റ്റ്യൻ എന്ന കൊടുംക്രൂരനായ വില്ലൻ പടിയിറങ്ങിയിട്ടുണ്ടാവില്ല. നെടുമുടി വേണുവും ഊർമിള ഉണ്ണിയും അവതരിപ്പിക്കുന്ന നന്മ നിറഞ്ഞ സാധു കഥാപാത്രങ്ങൾ വിശ്വസിച്ച് നൽകുന്ന സ്നേഹവാത്സല്യങ്ങളിലേക്ക് ഒരു മടിയും കൂടാതെ ചതിയുടേയും വിശ്വാസ വഞ്ചനയുടെയും കത്തി ആഴത്തിൽ കുത്തിയിറക്കുന്ന നന്ദി തൊട്ടു തീണ്ടാത്ത മനുഷ്യൻ. അസാമാന്യ വില്ലൻ.വല്ലാത്തൊരു പ്രകടനമാണ് കൊച്ചിൻ ഹനീഫ കാഴ്ചവെച്ചത്. നെറികേടിൻ്റെ ആൾരൂപമായി മാറുന്ന ദുഷ്ട കഥാപാത്രം ഹൃദയത്തിൽ തീർത്ത നീറ്റൽ എഴുതിഫലിപ്പിക്കാനാവില്ല
വീണ മീട്ടിയ വിലങ്ങുകൾ എന്ന സിനിമയിലെ നീതിമാനും സത്യസന്ധനും ആയ പോലീസ് ഓഫീസർ എ.എസ് .പി സുധീന്ദ്രൻ കൊച്ചിൻ ഹനീഫയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ആ സിനിമയിൽ നായക കഥാപാത്രങ്ങളായി വേഷമിട്ട മധുവിനും റഹ്മാനുമൊപ്പം തന്നെ സുധീന്ദ്രനും ശ്രദ്ധിക്കപ്പെട്ടു. ഡയലോഗ് പ്രസന്റേഷനിലും ശരീരചലനങ്ങളിലും ആ കഥാപാത്രത്തിന് ഹനീഫയിലൂടെ പൂർണ്ണത ലഭിച്ചപ്പോൾ തിയേറ്ററുകളിൽ കയ്യടികൾ ഉയർന്നു
.”ഷൂട്ട് ദെം ഓൺ ദി സ്പോട്ട്” എന്ന മേലധികാരിയുടെ റിട്ടൺ ഉത്തരവുമായി ഡ്യൂട്ടി സ്ഥലത്ത് എത്തുന്ന സുധീന്ദ്രൻ കാണുന്നത് കള്ളക്കടത്തു സംഘത്തിൻ്റെ നേതാവായി തൻ്റെ ആ മേലധികാരിയെയാണ്. ഒട്ടും സംശയിക്കാതെ അയാളെ വെടിവെച്ച് കൊന്ന് ഇടതു കൈയ്യിൽ ഉത്തരവും വലതു കൈയിൽ റിവോൾവറുമായി സുധീന്ദ്രൻ പറയുന്നു
” ഷൂട്ട് ദെം ഓൺ ദി സ്പോട്ട്” .
കൊച്ചിൻ ഹനീഫയുടെ കഥാപാത്രങ്ങളിൽ പറയാതെ പോകാനാവില്ലല്ലോ ഹൈദ്രോസിനെ .കിരീടം എന്ന സിനിമയിലെ പേടിത്തൊണ്ടൻ ഗുണ്ട ഹൈദ്രോസിലൂടെയാണ് കൊച്ചിൻ ഹനീഫയുടെ അഭിനയ ജീവിതമാകെ മാറ്റിമറിച്ച മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ തുടക്കം.ഹനീഫയെ മലയാളം ഏറെ ആഹ്ലാദത്തോടെ കണ്ടതും സന്തോഷത്തോടെ സ്വീകരിച്ചുതുടങ്ങിയതും ആ സിനിമയിലാണ് .അതേപോലുള്ള കഥാപാത്രങ്ങളുടെ ചുവടുപിടിച്ച് പിന്നീട് എത്രയോ കഥാപാത്രങ്ങൾ .മാത്രമല്ല പിന്നീട് ഒരുപാട് വില്ലൻ നടന്മാരെ ഹാസ്യ നടന്മാരാക്കി മാറ്റിയത് ഹനീഫയുടെ ഈ ചുവടുമാറ്റവും അതിലൂടെ നേടിയ വൻ വിജയവുമായിരുന്നു.
സ്നേഹസമ്പന്നനും ചതിയനും, വിശ്വസ്തനും ഗുണ്ടയും, പൊട്ടനും, പേടിത്തൊണ്ടനും, ഭീരുവും തുടങ്ങി എല്ലാ കഥാപാത്രങ്ങളും ഭദ്രമായിരുന്നു ഈ നടനിൽ .വ്യത്യസ്ത കഥാപാത്രങ്ങൾ ഒരേ മികവോടെ ഹനീഫ പ്രേക്ഷകരിലെത്തിച്ചു. അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ . സിനിമയെ ആകെ ശ്രദ്ധേയമാക്കാൻ സഹായിച്ച എത്രയെത്ര വേഷപ്പകർച്ചകൾ .നാടാകെ ഏറ്റുപറഞ്ഞ എത്രയെത്ര സംഭാഷണങ്ങൾ .
മീശ മാധവമാധവനിൽ ഹനീഫയുടെ പെടലിയാണോ ജഗതിയുടെ ഭഗീരഥൻ പിള്ളയാണോ മുന്നിൽ.പ്രയാസമാണ് പറയാൻ. മാന്നാർ മത്തായിയിൽ ഹനീഫയുടെഎൽദോ ആണോ ജനാർദ്ദനൻ്റെ ഗർവ്വാസിസ് ആശാനോണോ മുന്നിൽ. പുലിവാൽ കല്യാണത്തിൽ സലിം കുമാറിൻ്റെ മണവാളനാണോ കൊച്ചിൻ ഹനീഫയുടെ ധർമേന്ദ്രയാണോ മുന്നിൽ. എങ്ങനെയായാലും ഒന്നുറപ്പ് കൊച്ചിൻ ഹനീഫ ചെയ്യുന്ന വേഷം അതെത്ര ചെറുതായാലും അത് ആരുടേയും പിന്നിലാവില്ല എന്ന്.
മലയാളത്തിൽ ഏഴും തമിഴിൽ ആറും സിനിമകൾ സംവിധാനം ചെയ്ത ഹനീഫയുടെ “വാത്സല്യം” മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച കുടുംബചിത്രങ്ങളിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. “മൂന്ന് മാസങ്ങൾക്ക് മുമ്പ് , ആൺകിളിയുടെ താരാട്ട് ,ഒരു സന്ദേശം കൂടി ” ഒരു സിന്ദൂരപ്പൊട്ടിൻ്റെ ഓർമ്മയ്ക്ക് ,വീണ മീട്ടിയ വിലങ്ങുകൾ “എന്നീ ചിത്രങ്ങളൊക്കെ തന്നെ ഒരു സംവിധായകൻ്റെ മികവും കഴിവും കൃത്യതയോടെ അടയാളപ്പെടുത്തപ്പെട്ടതും വൻ പ്രദർശനവിജയം നൽകി തിയേറ്ററുകളിൽ ജനം അത് സാക്ഷ്യപ്പെടുത്തിയതുമാണ് .കഥയും തിരക്കഥയും രചിച്ച ചിത്രങ്ങളുടെ കാര്യവും അങ്ങനെ തന്നെ .
2001 ൽ സൂത്രധാരൻ എന്ന സിനിമയിലൂടെ നേടിയ മികച്ച സഹനടനുള്ള പുരസ്കാരമാണ് ഇദ്ദേഹത്തെ തേടിയെത്തിയ ഏക അംഗീകാരം. അതിലും കൂടുതൽ അംഗീകാരങ്ങൾ കൊച്ചിൻ ഹനീഫ എന്ന നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് അർഹിക്കുന്നുണ്ട് എന്ന ബോധ്യം എല്ലാവർക്കുമുണ്ടാകും .പക്ഷേ എന്തുകൊണ്ടോ അതുണ്ടായില്ല.എന്നാൽ ജനമനസ്സുകളിലെ സ്ഥാനം കൊണ്ട് ഈ നടൻ ഏറെ മുന്നിൽ തന്നെ. കൈ വെച്ച മേഖലകളിലെല്ലാം തൻ്റേതായ സ്ഥാനമുറപ്പിച്ച ഈ താരം രണ്ടായിരത്തി പത്ത് ഫെബ്രുവരി രണ്ടിന് തൻ്റെ 58-ാം വയസ്സിൽ അന്തരിച്ചു .
മലയാള സിനിമയിൽ മറ്റൊരാൾക്കും പകരം നിൽക്കാനാകാത്ത വിധം വലിയൊരു ശൂന്യത സൃഷ്ടിച്ചു കൊണ്ട്. ആ ദീപ്തമായ ഓർമകൾക്ക് മുന്നിൽ പ്രണാമം.



