Sunday, December 8, 2024
Homeഅമേരിക്കമേരി ജോസി മലയിൽ എഴുതിയ ആദ്യ പുസ്തകമായ "വ്യത്യസ്ഥ പാഷനും മറ്റു ചില കഥകളും "...

മേരി ജോസി മലയിൽ എഴുതിയ ആദ്യ പുസ്തകമായ “വ്യത്യസ്ഥ പാഷനും മറ്റു ചില കഥകളും ” (പുസ്തക ആസ്വാദനം) ✍ആശ ജയേഷ് ബഹ്റൈൻ

ആശ ജയേഷ്, ബഹ്റൈൻ

മേരി ജോസി മലയിൽ എഴുതിയ ആദ്യ പുസ്തകമായ “വ്യത്യസ്ഥ പാഷനും മറ്റു ചില കഥകളും “.

മേരി ജോസി മലയിലിനെ പരിചയപ്പെട്ടിട്ട് രണ്ടു വർഷത്തിലധികമായി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അച്ഛന്റെ മേലുദ്യോഗസ്ഥനും ചീഫ് എന്‍ജിനീയറുമായിരുന്ന ജോണി സാറിന്റെ മകൾ. പരേതയായ റോസിലി ചിറയത്താണു മാതാവ്.

” മർമ്മമറിഞ്ഞു
ധർമ്മം വിടാതെ
നർമ്മത്തോടൊത്തു
കർമ്മം ചെയ്യുക”
എന്ന വലിയ ആദർശം ജീവിതത്തിൽ പുലർത്തി വരുന്ന ജോണി സാർ മികച്ച ഒരെഴുത്തുകാരൻ കൂടിയാണ്. എഴുത്തുവഴിയിലെ എന്റെ വലിയ പ്രചോദനമാണ് ജോണി സാറും മേരി ചേച്ചിയും.

കൊറോണാ കാലഘട്ടങ്ങളിൽ എഴുതിത്തുടങ്ങിയവരാണ് മേരി ചേച്ചിയും ഞാനുമൊക്കെ. വല്ലപ്പോഴും എഴുതുന്ന എന്നെപ്പോലെയല്ല ചേച്ചി. ചേച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ ” അടുക്കളയിൽ പടവലങ്ങ തോരൻ ഉണ്ടാക്കുമ്പോഴും എഴുത്തിനെ കുറിച്ച് മാത്രമായിരിക്കണം ചിന്ത”. എഴുത്തിനെ ഒരു തപസ്യ പോലെ ഏറ്റെടുത്തിരിക്കുന്ന ചേച്ചിയുടെ രചനകൾ വായിച്ചു മിക്കവാറും ഞാൻ അതിശയിക്കാറുണ്ട്. നമുക്ക് ചുറ്റും കാണാവുന്ന വളരെ സാധാരണക്കാരായ കഥാപാത്രങ്ങളും അനുബന്ധമായി അരങ്ങേറുന്ന സംഭവങ്ങളും ചേച്ചിയുടെ തൂലികയിലൂടെ വിരിയുമ്പോൾ അതൊരു വായനാസുഖമുള്ള കഥയായിമാറും.
അതുകൊണ്ടുതന്നെ ഈ പുസ്തകത്തെക്കുറിച്ചു അറിഞ്ഞപ്പോൾ മുതൽ വായിക്കാനുള്ള അതിയായ ആഗ്രഹം എന്നിലുളവായി.
ഇനി ചേച്ചിയുടെ കഥകളിലേക്ക് ഒരെത്തിനോട്ടം.

പാക്കേജ് ടൂർ:
” കൺഗ്രാഡുലേഷൻസ് സാർ, സാറിനും കുടുംബത്തിനും ഓണം വെക്കേഷന് ഉള്ള ഒരു പാക്കേജ് ടൂർ സമ്മാനമായി കിട്ടിയിട്ടുണ്ട്.” മിക്കവാറും എല്ലാവര്ക്കും തന്നെ ഇത്തരം ഒരു കോൾ വന്നിരിക്കാൻ സാധ്യതയുണ്ട്. അടുത്തുള്ള ക്ഷേത്രത്തിലെ രാമായണ പാരായണം കേട്ട് വീട്ടിലിരിക്കുന്ന ശശിധരന്റെ ഫോണിലേക്ക് വന്ന ഈ കോളിനെ തുടർന്നുണ്ടായ ശശിധരന്റെ മനോവ്യാപാരങ്ങളും പ്രവർത്തികളും വായിച്ചു ചിരിച്ചതിന് കണക്കില്ല!! അത്രയേറെ ഭംഗിയിലാണ് ചേച്ചി ഇത് എഴുതി ഫലിപ്പിച്ചിരിക്കുന്നത്. ചേച്ചിയുടെ മികച്ച രചനകളിൽ ഒന്നാണിതെന്ന് നിസ്സംശയം പറയാം.

വെൽഡൺ ബോയ്സ്:
നാട്ടിലെ പേരുകേട്ട കല്യാണ ബ്രോക്കറായ ബേബിയാണ് കഥാനായകൻ. ചേരും പടിയേ ചേർക്കാവൂ എന്ന ബേബിയുടെ ഉൾകാഴ്ച്ച കാരണം ” താങ്ക്യൂ , സോറി ” തുടങ്ങിയ ഇംഗ്ലീഷ് വാക്കുകളിൽ തട്ടി ഉടഞ്ഞു പോകാമായിരുന്ന ഒരു കല്യാണാലോചനയെ ദീർഘവീക്ഷണത്തോടെ ബേബി എങ്ങനെ കൈകാര്യം ചെയ്തു എന്ന കാര്യം നർമത്തിന്റെ മേമ്പൊടിയോടെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

ശ്രീധരന്റെ ഒന്നാം തിരുമുറിവ്:
ഇതൊരു അനുഭവക്കുറിപ്പാണ്. നാട്ടിലേക്ക് നടത്തിയ ട്രെയിൻ യാത്രയിൽ ഒരുമിച്ചു യാത്ര ചെയ്ത സൈക്കിയാട്രിസ്റ്റിനെ പരിചയപ്പെടുന്നിടത്താണ് ഈ കഥ തുടങ്ങുന്നത്. പൊതുവെ ജയിൽ എന്ന ഒരൊറ്റ വാക്കിന് നമ്മുടെയൊക്ക മനസ്സിൽ സൃഷ്ടിക്കാനാവുന്ന ഭീതിയിൽ നിന്നു പറഞ്ഞു തുടങ്ങി, ശ്രീധരൻ എന്ന ചെറുപ്പക്കാരനായ തടവുകാരനിലേക്ക് എത്തി നിൽക്കുമ്പോൾ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതങ്ങളും സാഹചര്യങ്ങളും നാമിനിയും ഏറെ മനസ്സിലാക്കേണ്ടിയിരിക്കുന്നു, പഠിക്കേണ്ടിയിരിക്കുന്നു എന്ന വലിയ ഓർമ്മപ്പെടുത്തലാണ് വായനക്കാര്‍ക്ക് ലഭ്യമാകുന്നത്.

തൂണും ചാരി നിന്നവർ:
നമ്മുടെ കൊച്ചു കേരളം ഇപ്പോൾ മലയാളിയുടേത് മാത്രമല്ല. അത് ബംഗാളിയുടെയും ഒഡിസ്സക്കാരന്റെയും ബീഹാറിയുടേതും കൂടിയായി മാറിയിരിക്കുന്ന പുതിയ സാഹചര്യത്തിൽ കൂടെ ജോലി ചെയ്യുന്ന മലയാളി പയ്യന് വേണ്ടി കല്യാണമാലോചിക്കാൻ പോയ രാഘവേട്ടനു പെൺകുട്ടിയുടെ അമ്മയായ സ്വന്തം സഹോദരിയിൽ നിന്ന്‌ കിട്ടിയ ചില പുത്തൻ തിരിച്ചറിവുകൾ ആലോചിച്ചു തലപുകഞ്ഞു. അതെങ്ങനെയാ ” അഥിതി ദേവോ ഭവ ” എന്നല്ലേ നമ്മൾ പഠിച്ച പാഠം!!

അനന്തരവൾ:
വർഷങ്ങളായി കുടുംബത്തിൽ നിന്ന് അകന്നു കഴിയുന്ന മൂത്ത സഹോദരിയുടെ മകളെ അന്വേഷിച്ചു കണ്ടെത്തി ശശിധരനും ചെല്ലപ്പനും. പഴയ ഓർമകളെല്ലാം അയവിറക്കി മരുമകൾക്കൊരു സർപ്രൈസ് ആകട്ടെ എന്ന് കരുതി ചെർപ്പുളശ്ശേരിയിലേക്ക് പുറപ്പെട്ട അമ്മാവന്മാർക്ക് പിണഞ്ഞ അമളിയാണ് വളരെ സരസമായി ഇവിടെ വിവരിച്ചിരിക്കുന്നത്.

രസകരമായ പേരുകളാണ് ഓരോ കഥയ്ക്കും. പേര് വായിക്കുമ്പോൾ തന്നെ കഥയെന്താണെന്ന് അറിയാനുള്ള ആകാംക്ഷ മനസ്സിനെ കീഴടക്കിത്തുടങ്ങും. മുക്കാപ്പി, ട്രെയിൻ മാറി കയറിയ ആത്മഹത്യ, തവളക്കുളം ശലോമി, ക്രിസ്മസ് രാത്രിയിലെ അമിട്ട്, കെവിന്റെ കുണുവാവ തുടങ്ങി മുപ്പത്താറു കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ കഥകളും ഒന്നിനൊന്ന് മെച്ചം!!
അന്തരിച്ച പ്രശസ്ത സിനിമാ നടൻ സി.ഐ.പോളിന്റെ അനന്തരവൾ കൂടിയായ മേരി ചേച്ചി കുട്ടിക്കാലം മുതൽക്കേ അദ്ദേഹത്തിന്റെ നർമ്മ കഥകൾ കേട്ട് വളർന്നതിനാലാകാം അദ്ദേഹത്തിന്റെ ആഖ്യാനശൈലിയുടെ സ്വാധീനം ചേച്ചിയുടെ രചനകളിലും കാണാൻ കഴിയും. ഇതിനോടകം തന്നെ 200 ചെറുകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നർമ്മത്തിൽ ചാലിച്ചെഴുതിയ ചിന്തിക്കാനുതകുന്ന ഗുണപാഠങ്ങളോട് കൂടിയ കഥകളാണ് എന്ന വലിയ പ്രത്യേകതയുണ്ട് മിക്ക രചനകൾക്കും. ചേച്ചിയുടെ എഴുത്തു ശൈലിയുടെ ആരാധികയാണ് ഞാൻ.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ” മലയാളി മനസ്സ് ” എന്ന ഓൺലൈൻ മാഗസിനിലെ എഡിറ്റോറിയൽ ബോർഡ് അംഗവും, സ്ഥിരം എഴുത്തുകാരിയുമാണ് മേരി ജോസി മലയിൽ. കൂടാതെ സംസ്കൃതി, ആര്ഷഭാരതി, കർമ്മഭൂമി, മലയാള മനോരമ ഓൺലൈൻ തുടങ്ങിയ എഴുത്തു വേദികളിലെ സ്ഥിര സാന്നിധ്യമായ ചേച്ചിക്ക് എല്ലാ വിധ ആശംസകളും നേരുന്നു. വായനക്കാരെ ഒരേപോലെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുതകുന്ന ശ്രേഷ്ഠമായ സൃഷ്ടികൾ ഇനിയുമിനിയും പിറക്കട്ടെ ഈ അനുഗ്രഹീത തൂലികയിൽ നിന്നും. സ്നേഹം…സന്തോഷം…

ആശ ജയേഷ്, ബഹ്റൈൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments