Saturday, March 22, 2025
Homeഅമേരിക്കമലയാള സാഹിത്യത്തിനും സിനിമയ്ക്കും പകരം വെയ്ക്കാനില്ലാത്ത പ്രതിഭ പി പത്മരാജന്റെ ഓര്‍മ്മകള്‍ക്കിന്ന് 34 വയസ്

മലയാള സാഹിത്യത്തിനും സിനിമയ്ക്കും പകരം വെയ്ക്കാനില്ലാത്ത പ്രതിഭ പി പത്മരാജന്റെ ഓര്‍മ്മകള്‍ക്കിന്ന് 34 വയസ്

മലയാള സാഹിത്യവും സിനിമയും ജീവിതത്തിന്റെ ഇരുപുറങ്ങളായി കണ്ട ഗന്ധര്‍വന്റെ പാലപ്പുമണമുള്ള ഓര്‍മകളിലാണ് ഇന്ന് മലയാള സാഹത്യ-സിനിമാ ലോകം.

ഞാന്‍ ഗന്ധര്‍വന്‍… മാനാവാനും മയിലാകാനും ചുട്ടുപൊള്ളുന്ന തീവ്രാനുഭവങ്ങള്‍ എഴുതിയും പകര്‍ത്തിയും മനുഷ്യമനസിനെ തളച്ചിടാന്‍ കരുത്തുള്ള ഗന്ധര്‍വനായിരുന്നു പി പത്മരാജന്‍. ഭൂമിയില്‍ ജീവിച്ചിരുന്ന കാലം കൊണ്ട്, മലയാളം ഉള്ളടത്തോളം ഓര്‍ക്കപ്പെടുവാന്‍ വേണ്ടതെല്ലാം സൃഷ്ടിച്ചു വെച്ച് നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന ആകാശത്തേക്ക് ഒരു ജനുവരിയുടെ പ്രഭാതത്തില്‍ ഉറക്കത്തിന്റെ തേരിലേറി കടന്നുപോയ പ്രതിഭാധനന്‍.

ജനുവരിയുടെ നഷ്ടം ആണ് പത്മരാജന്‍. എഴുതിയതൊന്നും പതിരാകാതിരുന്ന എഴുത്തുകാരന്‍. കാലാതീതമായ സിനിമകളിലൂടെ കഥാപാത്രങ്ങളിലൂടെ അവിസ്മരണിയമായ ബിംബ കല്‍പനയിലൂടെ പകരംവെക്കാനാവാത്ത കാല്‍നൂറ്റാണ്ടുകാലം മാത്രം നീണ്ടുനിന്ന ജീവിതം. കോരിച്ചൊരിയുന്ന ഒരു മഴക്കാലത്ത് മലയാളമണ്ണില്‍ പിറന്നുവീണ് ചുട്ടുപൊള്ളുന്ന ഒരുവേനലക്കാലത്തെ പ്രഭാതത്തില്‍ ഈ മണ്ണില്‍ നിന്നും വിണ്ണിലേക്ക് പറന്നുപോയ താമരകളുടെ രാജാവ് ..പത്മരാജന്‍.

വെറും നാല് പതിറ്റാണ്ടുമാത്രം നീണ്ടു നിന്ന ജീവിതധാര..16 വര്‍ഷത്തിനിടയില്‍ 36 തിരക്കഥകള്‍. 18 സിനിമകളുടെ സംവിധായകന്‍..ഹ്രസ്വമായ ആ ജീവിതകാലയളവില്‍ പത്മരാജന്‍ പകര്‍ന്നു നല്‍കിയ പകരം വെക്കാനാവാത്ത ജീവിതഗന്ധിയായ അനുഭവങ്ങളുടെ ലഹരിയില്‍ നിന്നും ഇന്നും മലയാളികള്‍ മോചിതരായിട്ടില്ല..

പ്രണയത്തിന്റെ രതിയുടെ മഴയുടെ ചുംബനത്തിന്റെ കാണാത്ത കേള്‍ക്കാത്ത തലങ്ങളിലേക്ക് മലയാളി കടന്നു ചെന്നത് പത്മരാജന്റെ തൂലികയുടെ തുമ്പ് പിടിച്ചാണ്.. ‘വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാന്‍ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക. ‘ : കാലം മാറുന്നതിനുസരിച്ച് പൂര്‍വാധികം തിളക്കത്തോടെ മലയാളി ഇന്നും താലോലിക്കുന്ന വരികള്‍..സിനിമയുടെ ക്ലൈമാക്‌സില്‍ നായകനും നായികയും ഒന്നാകണമെന്ന പതിവുശൈലിയില്‍ നിന്ന് മാറി അതുമാത്രമല്ല പ്രണയം എന്ന് പറഞ്ഞു തന്നത് ഒരു പക്ഷേ അദ്ദേഹമാണ്. നോവലുകളിലും കഥകളിലും സിനിമകളിലും അദ്ദേഹത്തിന്റെ ചില മാന്ത്രിക വരികള്‍ ഇന്നും ഓര്‍മ്മിക്കപ്പടുന്നതാണ്.

അദ്ദേഹത്തിന്റെ എത്ര എത്ര വരികള്‍ ഇന്നും മനസ്സില്‍ ഉടക്കി കിടക്കുന്നു. കേവലം കാല്‍പനികം മാത്രമായിരുന്ന പ്രണയത്തിന്റെ തീവ്രതയും വൈകാരികതയുമൊക്കെ ഹൃദയം തൊട്ട് മലയാളി അറിഞ്ഞത് പത്മരാജനിലൂടെയാണെന്നതില്‍ ആര്‍ക്കും മറിച്ചൊരു അഭിപ്രയമുണ്ടാകില്ല..

രാത്രിയുടെ പതിനേഴാമത്തെ കാറ്റുവീശുമ്പോള്‍…

ഗഗനാചാരിയായ ഗന്ധര്‍വനെ മലയാളിക്ക് സമ്മാനിച്ച് ദിവസങ്ങള്‍ക്കകം രാത്രിയുടെ ഏതോ യാമത്തില്‍ മരണത്തിന്റെ തെക്കന്‍കാറ്റിന്റെ ചിറകിലേറി ഈ ഭൂമിയില്‍ നിന്നും പറന്നുപോയ ആ ഗന്ധര്‍വന്റെ ഓര്‍മകളില്‍ നിന്നും ഇന്നും മലയാളികൾ മോചിതരായില്ല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments