Wednesday, October 9, 2024
Homeഅമേരിക്ക"കർഷക രത്ന" അവാർഡ് ലഭിച്ച ജിജി എം കോശി

“കർഷക രത്ന” അവാർഡ് ലഭിച്ച ജിജി എം കോശി

രാജു ശങ്കരത്തിൽ

ഫിലഡൽഫിയാ: ഫിലഡൽഫിയയിലും പരിസര പ്രദേശത്തുമുള്ള മലയാളി കുടുംബങ്ങളിൽ കൃഷിയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനും, ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, കൃഷിയോടുള്ള താല്‍പര്യം കൂടുതല്‍ പേരിലേക്കെത്തിക്കുക കേരളത്തിൻ്റെ പാരമ്പര്യം വിളിച്ചോതുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും അമേരിക്കൻ മണ്ണിൽ വികസിപ്പിച്ചെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ട്രൈസ്റ്റേറ്റ് ഏരിയയിലെ പ്രമുഖ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഏർപ്പെടുത്തിയ 2024 ലെ കർഷകരത്നം അവാർഡിന് പ്രമുഖ വീഡിയോഗ്രാഫറും കൈരളി ടി വി ഫിലാഡൽഫിയാ ബ്യൂറോ ചീഫുമായ ജിജി എം കോശി അർഹനായി.

ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 31 ന് ശനിയാഴ്ച ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന അതിവിപുലമായ ഓണാഘോഷ ചടങ്ങിൽ ആയിരങ്ങളെ സാക്ഷിനിർത്തി ട്രോഫിയും കാഷ് അവാർഡും പ്രശംസാപത്രവും ജിജി കോശിയും സഹധർമ്മിണി ബീന കോശിയും ചേർന്ന് ഏറ്റുവാങ്ങി.

കോട്ടയം, വാഴൂർ കാഞ്ഞിരപ്പാറ മണ്ണൂപ്പറമ്പിൽ പരേതനായ എബ്രഹാം കോശിയുടെയും, ഏലിയാമ്മ കോശിയുടെയും മകനായ ജിജിക്ക്, മികച്ച കർഷകനായ തന്റെ പിതാവിൽ നിന്നും ലഭിച്ച സിദ്ധിയും, കൈപ്പുണ്യവും താല്പര്യവുമാണ്, കടൽ കടന്ന് ഇങ്ങ് അമേരിക്കയിൽ എത്തിയിട്ടും പിറന്ന നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കുവാൻ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം എന്ന് ജിജി കോശി വ്യക്തമാക്കി. തൊണ്ണൂറ്റി മൂന്നിൽ അമേരിക്കയിലെത്തിയ ജിജി, സ്വന്തമായുള്ള തന്റെ വീടിന്റെ പുറകിലുള്ള സ്ഥലത്ത് ജി.ഐ. പൈപ്പുകൾ ഉപയോഗിച്ച് സ്ഥിരം കൃഷിത്തോട്ടം രൂപപ്പെടുത്തുകയും എല്ലാ വർഷങ്ങളിലും അവിടെ കൃഷി നടത്തി ധാരാളം പച്ചക്കറികൾ ഉൽപ്പാദിപ്പിക്കുകായും ചെയ്യുന്നു.

പാവയ്ക്കാ, കോവയ്ക്ക, കാന്താരി, സർവ്വസുഗന്ധി, നിത്യവഴുതന, വാളരി പയർ, പുളീം ചീര, പേര, ഡ്രാഗൺ ഫ്രൂട്ട്, വെണ്ട, വഴുതന, വിവിധയിനം ചീരകൾ, മിന്റ്, കറി നാരങ്ങാ, ചെറുനാരങ്ങാ, പെഴ്സിമൻ, ബുഷ് ബീൻസ്, വള്ളി ബീൻസ്, മത്തങ്ങാ, പടവലങ്ങാ, പീച്ചിങ്ങാ, പയർ, പച്ചമുളകുകൾ, വഴുതന, മത്തങ്ങ, ചുരയ്ക്ക, കുമ്പളങ്ങാ, തക്കാളി, കറിവേപ്പില, വാഴ, കരുമുളക് ചെടി, കാച്ചിൽ, ചേമ്പ്, കൂർക്ക, കിവി ഫ്രൂട്ട് .. തുടങ്ങി ഡസ്സൻ കണക്കിന് പച്ചക്കറികളാണ് വിശാലമായ തോട്ടത്തിൽ കൃഷി ചെയ്യുന്നത്. കൃഷി കാണുവാനും, ആസ്വദിക്കുവാനും, കൃഷി രീതികൾ കണ്ടു മനസ്സിലാക്കുവാനും ധാരാളം ആളുകൾ സന്ദർശകരായി അവിടെ എത്തുന്നുണ്ട്. ലഭിക്കുന്ന പച്ചക്കറികൾ സ്വന്തം വീട്ടിലേക്കും സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും വീടുകളിലേയ്ക്കും കൊടുത്തതിനു ശേഷം മിച്ചം വരുന്ന പച്ചക്കറികൾ ഒരു വർഷത്തേക്ക് ഉപയോഗിക്കാവുന്നരീതിയിൽ കേടുവരാതെ ഫ്രീസറിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കുന്നു.

കാലോചിതമായ സാങ്കേതികവിദ്യകളിലൂടെ കൃഷിയിൽ മുന്നേറാൻ ആഗ്രഹിക്കുന്ന ഏവർക്കും മാതൃകയാണ് കർഷകശ്രീ 2024 ആയി തിരഞ്ഞെടുക്കപ്പെട്ട ജിജി കോശി. പരമ്പരാഗത അറിവുകൾക്കൊപ്പം പുത്തൻ സാങ്കേതികവിദ്യകളും സമന്വയിപ്പിക്കാൻ ജിജിക്ക് സാധിക്കുന്നുണ്ട്. മണ്ണിന്റെ അമ്ലതയും പോഷകനിലവാരവും തിരിച്ചറിഞ്ഞുകൊണ്ട്, മികച്ച നടീൽവസ്തുക്കൾ മാത്രം കണ്ടെത്തി നട്ടുവളർത്താനും അവയുടെ ആരോഗ്യകരമായ വളർച്ച നിരീക്ഷിച്ചു അവയെ പരിപാലിക്കുവാനും ജിജി കാണിക്കുന്ന താൽപര്യത്തെ ഏവരും അഭിനന്ദിക്കുന്നു. 93 – ൽ കേരളത്തിൽ നിന്നും അമേരിക്കയിലേക്കുള്ള തന്റെ കന്നി യാത്രയിൽ കേരളത്തിൽ നിന്നും കൊണ്ടുവന്ന കറിവേപ്പ് ഇപ്പോഴും അതിന്റെ ഹരിത ഭംഗിയിൽ തഴച്ചു വളർന്നു നിൽക്കുന്ന സന്തോഷവും ജിജി പങ്കുവച്ചു.

ആഴ്ചയിൽ 40 മണിക്കൂറും, അതിലധികവും ചെയ്യുന്ന ജോലിക്കും, വീഡിയോ ഷൂട്ടിംഗ്, എഡിറ്ററിംഗ്‌ പരിപാടികളൂടെയും ഇടയിൽ കിട്ടുന്ന സമയങ്ങളിലെല്ലാം കൃഷിയെ പരിപാലിക്കുകയാണ് ജിജിയുടെ പ്രധാന ഹോബി. തിരക്ക് പിടിച്ച ജോലിക്കിടയിലും കൃഷിയെ അതിമനോഹരമായി പരിപാലിക്കുന്നതിൽ ജിജിയുടെ സഹധർമ്മിണിയും, സിറ്റിയിൽ ഐ റ്റി ഫീൽഡിൽ മാനേജരുമായ ബീനാ കോശിയും, മക്കളായ ജെയ്ൻ കോശി, ജിയാന കോശി, ജോവാന കോശി എന്നിവരുടെ നിസ്സീമവും നിർല്ലോഭവുമായ കരുതലും, സഹകരണവും, പ്രോത്സാഹനവും ജിജിയുടെ കൃഷിത്തോട്ടത്തെ പരിപാലിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എന്നും സഹായകരമാകുന്നു എന്നത് മറക്കാനാവാത്ത യാഥാർഥ്യമാണ്.

കൃഷിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യമുള്ളവർക്ക് ജിജിയുമായി ബന്ധപ്പെടേണ്ട നമ്പർ: 215 820 2125

രാജു ശങ്കരത്തിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments