ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തെ തുടര്‍ന്ന് മുന്‍പേ നിശ്ചയിച്ച യാത്രകളില്‍ തടസ്സം നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസനടപടികള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ.
ജൂണ്‍ 12-നും 14- നും ഇടയില്‍ അഹമ്മദാബാദിലേക്കോ അഹമ്മദാബാദിൽ നിന്ന് തിരിച്ചോ യാത്ര ചെയ്യാനായി ജൂണ്‍ 12-നോ അതിന് മുന്‍പോ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇവര്‍ക്ക് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനോ യാത്ര റീഷെഡ്യൂള്‍ ചെയ്യാനോ കഴിയും. റീഷെഡ്യൂള്‍ ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കിൽ അപ്പോൾ വരുന്ന വർധനവ് ബാധിക്കില്ല. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നപക്ഷം മുഴുവന്‍ തുകയും തിരിച്ചുകിട്ടുകയും ചെയ്യും.
അതേസമയം, അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സേവനത്തില്‍ തടസ്സം നേരിടാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്‍ഡിഗോ ഉപഭോക്താക്കള്‍ക്ക് മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ സേവനങ്ങള്‍ പുനഃരാരംഭിച്ചതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിക്കാന്‍ യാത്രികരോട് നിര്‍ദേശിച്ചിട്ടുമുണ്ട്.



