Saturday, December 7, 2024
Homeഅമേരിക്ക"യു ആർ എ സക്കർ" ✍ രാജു മൈലപ്രാ

“യു ആർ എ സക്കർ” ✍ രാജു മൈലപ്രാ

രാജു മൈലപ്രാ

അങ്ങനെ ലോകമെമ്പാടുമുള്ള അമേരിക്കൻ ജനത ആകാംക്ഷാപൂർവ്വം കാത്തിരുന്ന പ്രഥമ ട്രംപ് പ്രസിഡൻഷ്യൽ ഡിബേറ്റ് കഴിഞ്ഞു. തികച്ചും പരിഹാസവും പരിതാപകരവുമായിരുന്ന ഒരു സംവാദം ആയിരുന്നു ഇത് എന്നാണ് പൊതുവേയുള്ള അഭിപ്രായം – നിരാശാജനകവും എന്നുകൂടി വേണമെങ്കിൽ കൂട്ടിച്ചേർക്കാം.

പിഞ്ചു കുഞ്ഞുങ്ങളെ പോലെ പിച്ചവെച്ചു മന്ദം മന്ദം സ്റ്റേജിലേക്ക് നടന്നുവന്ന ബൈഡൻ അങ്കിളും ഒരു പുച്ഛ ഭാവത്തോടെ കടന്നുവന്ന ട്രംപ് മച്ചമ്പിയും തുടക്കത്തിലെ അപശ്ശകുനങ്ങളായിരുന്നു എന്ന് പറയാതിരിക്കുവാൻ നിർവ്വാഹമില്ല. സാമാന്യ മര്യാദയനുസരിച്ച് പരസ്പരം അഭിവാദ്യം ചെയ്യുവാനോ ‘ഷെയ്ക്ക് ഹാൻഡ്’ നൽകുവാനോ രണ്ടുപേരും തയ്യാറായില്ല. [ഒരു ഗവർണർ – മുഖ്യമന്ത്രി ലൈൻ] ഇതിലൊരു മഹാനെ ആണ് അടുത്ത അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടേണ്ടത് എന്ന് ഓർത്തപ്പോൾ അമേരിക്കൻ ജനതയോട് സഹതാപം തോന്നി.

നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ ആയിരുന്നു ബൈഡന്റെ അവസ്ഥ – എവിടെയാണ് താൻ നിൽക്കുന്നതെന്ന് യാതൊരു പരിസര ബോധവുമില്ലാത്ത അവസ്ഥ. കണ്ണുകൾക്ക് ഒരു ചലനവും ഇല്ല. എന്നാൽ ട്രംമ്പാകട്ടെ, പച്ചാളം ഭാസിയെ പോലും കടത്തിവെട്ടുന്ന തരത്തിൽ നവരസങ്ങളും കടന്ന് പല ഗോസ്റ്റികളും ചേഷ്ടകളും കാണിച്ചു കൊണ്ടായിരുന്നു ആദ്യാവസാനം പെരുമാറിയത്.

1960 ലാണ് ആദ്യമായി ഒരു പ്രസിഡൻഷ്യൽ ഡിബേറ്റ് പ്രക്ഷേപണം ചെയ്യുന്നത് – റിച്ചാർഡ് നിക്സനും, ജോൺ എഫ് കെന്നഡിയും തമ്മിൽ – ആ തെരഞ്ഞെടുപ്പിൽ കെന്നഡി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

അന്നുമുതൽ ഇന്നുവരെ നടത്തിയിട്ടുള്ള ഡിബേറ്റുകളിൽ ഏറ്റവും താഴ്ന്ന നിലവാരം പുലർത്തിയ ഒന്നായിരുന്നു ഈ കഴിഞ്ഞു പോയത്.

ആരോഗ്യ അന്താരാഷ്ട്ര, അതിർത്തി പ്രശ്‌നങ്ങൾ തുടങ്ങിയവയൊക്കെയും ചർച്ച ചെയ്യപ്പെട്ടു. ‘ഈ കിഴങ്ങൻ പറയുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല’- എന്ന് ഒരവസരത്തിൽ ട്രംമ്പ് തുറന്നടിച്ചു.’ ഇങ്ങേരുടെ ഭരണകാലത്ത് അന്താരാഷ്ട്ര ലവലിൽ നമ്മുടെ നിലയും വിലയുമെല്ലാം കളഞ്ഞു കുളിച്ചു-ഇന്ന് ഒരുത്തനും നമ്മളേ പേടിയല്ല-ഞാൻ പ്രസിഡൻറായിരുന്നെങ്കിൽ റഷ്യ, യുക്രൈനെ അക്രമിക്കില്ലായിരുന്നു-ഹമാസ് ഇസ്രയേലിനെതിരെ തലപൊക്കുകയില്ലായിരുന്നു- ലോകമെമ്പാടുമുള്ള ക്രിമിനലുകൾ, നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറുകയില്ലായിരുന്നു. അമേരിക്കൻ പട്ടാളത്തിന് ഈ മരങ്ങോടനോട് ഒരു ബഹുമാനവുമില്ല-‘

ഒരു അമേരിക്കൻ ‘പൗരപ്രമുഖൻ’ കേൾക്കാനാഗ്രഹിക്കുന്ന വാക്കുകളാണ് ട്രംമ്പ് തൊടുത്തു വിട്ടത്. പലതിനും മറുപടി പറയണമെന്ന് ബൈഡന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, മനസ്സിൽ രൂപപ്പെടുന്ന ആശയങ്ങൾ വാക്കുകളായി പുറത്തുവരാൻ സമയമെടുത്തു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുമെന്നു പറഞ്ഞതു പോലെയായി. പിന്നീട് ബൈഡൻ്റെ വാക്കുകൾ.

“ഇയാളൊരു ഗജപോക്രിയാണ്-പെണ്ണു പിടിയനാണ്- പൊതുസ്ഥലങ്ങളിൽ വെച്ചു പോലും സ്ത്രീകളെ കയറിപ്പിടിക്കും-കൊടും കുറ്റവാളിയാണ്, കണ്ടില്ലേ തെക്ക് വടക്ക് കോടതി വരാന്ത നിരങ്ങി നടക്കുന്നത്-‘

“നിന്റെ മോനാടാ കുറ്റവാളി-കഞ്ചാവടിച്ചു കറങ്ങി നടക്കുന്ന അവനാ വെടിവെപ്പുകാരൻ- അതു കൊണ്ടല്ലേ, അനധികൃതമായി തോക്കു വാങ്ങിയതിന് അവനെ കോടതി ശിക്ഷിച്ചത്” – ട്രംമ്പ് തിരിച്ചടിച്ചു.

മോനെ പറഞ്ഞപ്പോൾ ബൈഡനും ശരിക്കും നൊന്തു – അതുവരെ ഒരു എലിയായിരുന്ന ബൈഡൻ പെട്ടെന്നു ചീറ്റപുലിയായി.

‘വീട്ടിലിരിക്കുന്നവരേ കുറ്റം പറയരുതെടാ പോക്രി- കുറ്റവാളിയായ നീ വെറും ഒരു സക്കറാടാ’- You are a sucker, sucker, sukcer’- അതുവരെ അണ്ണാൻ കുഞ്ഞിൻറെ കണ്ണുപോലെ പാതിയടഞ്ഞിരുന്ന ബൈഡൻ്റെ ഇടത്തേ കണ്ണു വികസിച്ചു.

“ഞാൻ അല്ലടാ- നീയും നിൻറെ മോനുമാ സക്കേഴ്സ് ” ട്രംമ്പ് പ്രതികരിച്ചു.
പിന്നെ,
” പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗ്ഗിനി ഭഗവതി—-
തലങ്ങുംവിലങ്ങും കുരുങ്ങി പരുങ്ങി
അയ്യേ ഈ മരമടയന് ഞാനെതിരല്ലട – പോ..” എന്ന മട്ടിലായി കാര്യങ്ങളുടെ ഒരു പോക്ക്-

കർട്ടന് തിരശ്ശീല വീണപ്പോൾ, ഇഞ്ചി തിന്ന കുരങ്ങനെപ്പോലെയായി അമേരിക്കൻ സമ്മതിദായകരുടെ അവസ്ഥ- ഇവരിൽ ഒരാളാണല്ലോ ഇനി അടുത്ത നാല് കൊല്ലത്തേക്ക് നമ്മളെ നയിക്കേണ്ടത് എന്നോർത്തപ്പോൾ പലർക്കും തലകറക്കമുണ്ടായി.

ഒരു പ്രായം കഴിഞ്ഞാൽ ശാരീരികമായും, മാനസികമായും മനുഷ്യൻ ബലഹീനൻ ആകും- അത് സ്വയം മനസ്സിലാക്കി, മറ്റൊരാൾ പറയുന്നതിന് മുൻപുതന്നെ നമ്മൾ മാറി കൊടുക്കുന്നതാണ് അഭികാമ്യം- അടുത്ത നാലു കൊല്ലം കൂടി, ലോകത്തിലെ ഏറ്റവും അധികാരമുള്ള അമേരിക്കൻ പ്രസിഡന്റ് പദവി അലങ്കരിക്കുവാൻ പ്രാപ്തിയില്ലെന്നാണ് ബലഹീനനും പാപിയുമായ അടിയൻറെ അഭിപ്രായം-

[കുറിപ്പ്: ബൈഡനും, ട്രംമ്പും തമ്മിൽ നടന്ന സംവാദം എനിക്ക് അറിയാവുന്ന രീതിയിൽ മലയാളത്തിൽ പരിഭാഷപ്പെടുത്തിയതാണ് മുകളിൽ ചേർത്തിരിക്കുന്നത്. ‘sucker’ എന്ന വാക്കിൻറെ മലയാള അർത്ഥത്തിന് വേണ്ടി “google search” നടത്തിയപ്പോൾ കിട്ടിയ പദങ്ങൾ പ്രിന്റബിൾ അല്ലാത്തതുകൊണ്ട് അത് ചേർത്തില്ല- താല്പര്യമുള്ളവർ സേർച്ചു ചെയ്യുക]

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments