ഫിലഡൽഫിയ: സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ഫൊറോന ദേവാലയത്തിൽ നടന്ന ലളിതമായ ഗ്രാജുവേഷൻ ചടങ്ങിൽ ഈ വർഷം സൺഡേ സ്കൂൾ പന്ത്രണ്ടാം ക്ലാസിൽ നിന്ന് ഗ്രാജുവേറ്റ് ചെയ്ത യുവതീയുവാക്കളെയും, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയ യുവതീയുവാക്കളെയും ആദരിച്ചു.
ചിക്കാഗോ സീറോമലബാർ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായ സി.സി.ഡി. ക്ലാസ് ഓഫ് 2026 ഗ്രാജുവേറ്റ്സിനെ അനുമോദിച്ച് അനുഗ്രഹപ്രഭാഷണം നടത്തി. മേയ് 31 ഞായറാഴ്ച ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിലിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലിക്കു തുടർന്നാണ് പന്ത്രണ്ടാം ക്ലാസ് ഗ്രാജുവേഷൻ ചടങ്ങ് നടന്നത്.

മതബോധന സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ചാക്കോ, പന്ത്രണ്ടാം ക്ലാസ് അധ്യാപിക ഡോ. ബിന്ദു മേത്തിക്കൽ എന്നിവർ 12 വർഷങ്ങളിലെ ചിട്ടയായ വിശ്വാസപരിശീലനത്തിനുശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി അടുത്ത ലക്ഷ്യത്തിലേക്ക് കടക്കുന്ന ഹൈസ്കൂൾ ബിരുദധാരികളെ ആദരിച്ചു.

ജോസഫ് കാഞ്ഞിരിക്കാട്ടുതൊട്ടിയിലിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കൊച്ചുമകൻ ഡോ. ജോസിൻ ജയിംസ് ഏർപ്പെടുത്തിയിരിക്കുന്ന 1000 ഡോളർ ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയ ജെയ്ക് ബെന്നിക്ക് മാർ ജോയ് ആലപ്പാട്ടും, റവ. ഡോ. ജോർജ് ദാനവേലിലും, ഡോ. ജോസിനും കുടുംബവും സംയുക്തമായി നൽകി ആദരിച്ചു.
മതബോധന സ്കൂൾ പൂർവവിദ്യാർത്ഥികളായ ഡോ. ജേക്കബ് സെബാസ്റ്റ്യൻ, ജോസഫ് സെബാസ്റ്റ്യൻ, ജയിംസ് മാത്യു, സിറിൽ ജോൺ, ജെറിൻ ജോൺ എന്നിവർ ഏർപ്പെടുത്തിയിട്ടുള്ള ഫാമിലി ഫ്രണ്ട്സ് സ്കോളർഷിപ്പ് 1000 ഡോളർ ക്യാഷ് അവാർഡ് ഏറ്റവും നല്ല ലേഖനം എഴുതിയ ഗ്രേസ് സന്തോഷിന് ലഭിച്ചു.
2025–2026 ലെ എസ്.എ.ടി. പരീക്ഷയിൽ സി.സി.ഡി. പന്ത്രണ്ടാം ക്ലാസിൽ നിന്ന് ഉന്നതവിജയം നേടിയ ജാക്ലിൻ ജോസഫ്, ജെസിക്ക ജോസ്റ്റിൻ, ജെന്ന നിഖിൽ എന്നിവർക്ക് എസ്.എം.സി.സി. ഫിലഡൽഫിയ ചാപ്റ്റർ നൽകുന്ന ക്യാഷ് അവാർഡുകൾ എസ്.എം.സി.സി. ചാപ്റ്റർ പ്രസിഡന്റ് സജി സെബാസ്റ്റ്യനും ഭാരവാഹികളും ചേർന്ന് നൽകി ആദരിച്ചു.
ഈ വർഷം പ്രസിദ്ധീകരിക്കുന്ന സി.സി.ഡി. ഇയർബുക്കിന്റെ പ്രകാശനം ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നിർവഹിച്ചു.
ജൂൺ 7-ന് നടന്ന ലളിതമായ ചടങ്ങിൽ കോളേജ്, യൂണിവേഴ്സിറ്റി തലത്തിൽ ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കിയവർക്ക് പുരസ്കാരങ്ങൾ നൽകി ഇടവക വികാരി റവ. ഡോ. ജോർജ് ദാനവേലിൽ ആദരിച്ചു.
കൈക്കാരന്മാരായ ജോബി കൊച്ചുമുട്ടം, സിബിച്ചൻ ചെമ്പ്ലായിൽ, റോഷിൻ പ്ലാമൂട്ടിൽ, കുരുവിള ജയിംസ്, ജിതിൻ കരുമത്തി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഫോട്ടോ: എബിൻ സെബാസ്റ്റ്യൻ









