Friday, December 5, 2025
Homeഅമേരിക്കഭീഷണനല്ലാത്ത വിഭീഷണൻ (ലേഖനം) ✍സുനർജി (ഗാനരചയിതാവ്)

ഭീഷണനല്ലാത്ത വിഭീഷണൻ (ലേഖനം) ✍സുനർജി (ഗാനരചയിതാവ്)

ഒരു രാമായണ മാസത്തിന് കൂടി സമാപനം കുറിക്കുന്നു…
രാമായണം കേവലം കർക്കടകത്തിൽ മാത്രം വായിക്കപ്പെടേണ്ടതോ ചർച്ച ചെയ്യപ്പെടേണ്ടതോ അല്ല അത് എന്നും തുടരേണ്ടത് തന്നെയാണ്.

മനുഷ്യരും, മൃഗങ്ങളും, പക്ഷികളും, രാക്ഷസന്മാരും കഥാപാത്രങ്ങളാകുന്ന അനേകമനേകം കഥാസന്ദർഭങ്ങളിലൂടെ കാലാതിവർത്തിയായ സാരോപദേശം പകർന്ന് നൽകുന്ന വേദതുല്യമായ ആദികാവ്യമാണ് രാമായണം.
മനുഷ്യകഥാപാത്രങ്ങൾക്കൊപ്പമോ അതിന് മുകളിലോ ചിലപ്പോൾ പക്ഷികളും, മൃഗങ്ങളും, രാക്ഷസകുലത്തിൽ പിറന്ന കഥാപാത്രങ്ങളും നീതിയുടെയും ന്യായത്തിൻ്റെയും ധർമ്മത്തിൻ്റെയും പക്ഷത്ത് നിൽക്കുന്ന അത്ഭുത ചിത്രം രാമായണം നമ്മെ കാട്ടിത്തരുന്നുണ്ട്. അങ്ങനെയുള്ള ഒരു കഥാപാത്രമാണ് വിഭീഷണൻ.
രാക്ഷസകുലജാതനായ രാവണൻ്റെ സഹോദരൻ.

രാവണൻ്റെ സീതാപഹരണത്തെ തുടർന്ന് ഒരു മഹാ യുദ്ധത്തിന് രാമ സേനയും രാവണ സേനയും പട കൂട്ടുന്ന വേളയിൽ ലങ്കേശ്വരനായ ജ്യേഷ്ഠൻ രാവണനോട് വിഭീഷണൻ ന്യായത്തിനും നീതിക്കും വേണ്ടി വാദിച്ചു.

“നന്നല്ല സജ്ജനത്തോടു വൈരം വൃഥാ
തന്വംഗി തന്നെക്കൊടുക്ക മടിയാതെ”

സീതാദേവിയെ തിരികെ ശ്രീരാമ സന്നിധിയിൽ ഏൽപ്പിച്ച് ശ്രീരാമ ദേവ പാദങ്ങളിൽ നമസ്ക്കരിച്ചാൽ കൃപാവാരിധിയായ രാമദേവൻ; ജ്യേഷ്ഠൻ ചെയ്ത അപരാധങ്ങൾ എല്ലാം ക്ഷമിച്ച് മോക്ഷം നൽകും. ബുദ്ധി നഷ്ടപ്പെട്ട മന്ത്രിമാരുടെ ഇഷ്ടവാക്കുകേട്ട് പ്രവർത്തിച്ചാൽ നാശമോ മരണമോ ആയിരിക്കും ഫലം.
ചില ഭരണാധികാരികളെ പലപ്പോഴും നാശത്തിൽ കൊണ്ട് ചെന്ന് എത്തിക്കുന്നത് ഇത്തരം ദുർബുദ്ധികളായ ഉപദേഷ്ടാക്കളുടെ ഉപദേശമായിരിക്കും.
മാത്രമല്ല

“ഇഷ്ടം പറയുന്ന ബന്ധുക്കളാരുമെ
കഷ്ട കാലത്തിങ്കലില്ലെന്നു നിർണ്ണയം”

എന്നെല്ലാം വിഭീഷൻ പറഞ്ഞെങ്കിലും അതൊന്നും ചെവികൊള്ളാൻ രാവണൻ തയ്യാറായില്ല. ഒടുവിൽ തൻ്റെ ശത്രുവിൻ്റെ മിത്രമാണ് വിഭീഷണൻ എന്ന് മുദ്രചാർത്തി ചന്ദ്രഹാസത്തിനാൽ വധിക്കുന്നതിന് മുൻപ് പോയ് രക്ഷപ്പെടുവാൻ അന്ത്യശാസനം നൽകി വിഭീഷണനെ പുറത്താക്കുന്നു രാവണൻ ഫലമോ ഒടുവിൽ സർവ്വനാശവും.

ചെയ്യുന്ന പ്രവർത്തി അധാർമ്മികരവും, അനീതി കരവുമാണെന്ന് ഉത്തമ ബോദ്ധ്യമുണ്ടെങ്കിൽ അത് ചെയ്യുന്നത് സ്വന്തം സഹോദരനാണെങ്കിൽ കൂടിയും അതിനോടൊപ്പം ചേർന്ന് നിൽക്കേണ്ടതില്ല എന്ന പാഠവും വിഭീഷണൻ നമ്മെ പഠിപ്പിക്കുന്നു.

മറുവശത്ത് അച്ഛൻ ദശരഥൻ നൽകിയ വാക്ക് അന്വർത്ഥമാകാൻ വനവാസത്തിന് യാത്രയാകുന്ന തൻ്റെ ജ്യേഷ്ഠനൊപ്പം കൊട്ടാരത്തിൻ്റെ സകല സുഖങ്ങളും ഉപേക്ഷിച്ച് ജ്യേഷ്ഠൻ നേരിടുന്ന പ്രശ്നത്തിനൊപ്പം ചേർന്ന് കാട്ടിലേക്ക് യാത്രയാകുന്ന ലക്ഷമണനും, പ്രശ്നം ധാർമ്മികവും ന്യായവുമാണെങ്കിൽ ആയതിനോട് ചേർന്ന് നിൽക്കണം എന്നും അതല്ലങ്കിൽ ചേർന്ന് നിൽക്കേണ്ടതില്ല എന്ന കാര്യവും നമ്മെ ഓർമ്മപ്പെടുത്തുന്നു.

ന്യായത്തിൻ്റെ ഭാഗത്ത് നിൽക്കുകയും നീതിക്ക് വേണ്ടി വാദിക്കുകയും ചെയ്താൽ കൂട്ടത്തിൽ നിന്നോ കുലത്തിൽ നിന്നോ പുറം തള്ളുക എന്നതും കുറ്റം ചാർത്തി ഒറ്റപ്പെടുത്തുന്നതും ഇന്നും കാണാമല്ലോ.

ശ്രീരാമ പാദാന്തികെ അഭയം പ്രാപിച്ച വിഭീഷണനെ സംശയ ദൃഷ്ടിയോട് കൂടിയാണ് സുഗ്രീവനും മറ്റും കാണുന്നത്.
ഈ അവസരത്തിൽ ഹനുമാൻ്റെ വാക്കുകൾ യുക്തി ബോധത്തിൻ്റെയും ധാർമ്മികതയുടെയും ഔന്നത്യം പുലർത്തുന്നത് കാണാം. മുൻപ് സീതാന്വേക്ഷണാർത്ഥം ലങ്കയിലെത്തിയ ഹനുമാനെ കൊല്ലുവാൻ രാവണൻ കല്പിക്കുമ്പോൾ ദൂതന്മാരെ കൊല്ലുന്നത് രാജ ധർമ്മത്തിന് ചേർന്നതല്ല എന്ന് പറഞ്ഞത് ലങ്കയിൽ ഒരാൾ മാത്രമായിരുന്നു അത് വിഭീഷണൻ ആയിരുന്നു. അതിനാൽ വിഭീഷണനിലെ ധർമ്മ ബോധം ഹനുമാന് അറിയാവുന്നതാണ്.
വിഭീഷണൻ ഉത്തമനാണ് അത് കൊണ്ട് ശരണം പ്രാപിച്ചവനെ രക്ഷിക്കണം. ശത്രുവംശത്തിൽ ജനിച്ചവരായത് കൊണ്ട് മാത്രം എല്ലാവരും ശത്രുക്കളാവണമെന്നില്ല.

“ജാതി നാമാദികൾക്കല്ല ഗുണഗണ
ഭേദമെന്നത്രേ ബുധന്മാരുടെ മതം ”

ശ്രീരാമദേവൻ വിഭീഷണന് അഭയവും നൽകി അവകാശപ്പെട്ട ലങ്കാ രാജ്യത്തിൻ്റെ അധിപനായി അഭിഷേകവും ചെയ്തു.

“എന്നെ ശരണം ഗമിക്കുന്നവർക്കു ഞാ-
നെന്നു മഭയം കൊടുക്കുമതി ദ്രുതം”

എന്ന രാമവാക്യം ശ്രദ്ധേയമാണ്.
രാക്ഷസകുലത്തിൽ ജനിച്ചതെങ്കിലും സാത്വികനായ ചിരംജീവികളിലൊരാളായ വിഭീഷണൻ രാമായണത്തിലെ ഒരു ശ്രേഷ്ഠ കഥാപാത്രം തന്നെയാണ്. രാമയണത്തിലെ കഥകളേക്കാൾ കഥകളിലെ സന്ദേശങ്ങൾ മനുഷ്യരെ നന്മ്മയിലേക്ക് നയിക്കട്ടെ!

സുനർജി (ഗാനരചയിതാവ്)✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com