പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് മയപ്പെടുത്തി ട്രംപ്; പുതിയ തീരുമാനത്തിൽ ഇന്ത്യയ്ക്കും ആശ്വാസം. റഷ്യയ്ക്കും അവരുടെ വ്യാപാര പങ്കാളികൾക്കുമെതിരെ കൂടുതൽ തീരുവ ചുമത്തുന്നത് ഉടൻ പരിഗണിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
തീരുമാനം ഇന്ത്യയ്ക്കും ആശ്വാസമാകും. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ തീരുവ കൂട്ടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നത്. അതിനാൽത്തന്നെ ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ തീരുമാനം പുനഃപരിശോധിക്കേണ്ടി വന്നേക്കാമെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി അലാസ്‌കയിൽ നടന്ന കൂടിക്കാഴ്ച നല്ലതായിരുന്നുവെന്നും ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ആ കൂടിക്കാഴ്ചയ്ക്ക് പത്തിൽ പത്ത് റേറ്റിംഗ് ആണ് അദ്ദേഹം നൽകിയിരിക്കുന്നത്. കൂടിക്കാഴ്ച പരാജയപ്പെട്ടാൽ ഇന്ത്യക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന നേരത്തെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.’രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ തീരുവയെക്കുറിച്ച് ആലോചിക്കേണ്ടി വന്നേക്കാം, ഇപ്പോൾ അത്തരമൊരു നടപടിയിലേക്ക് കടന്നാൽ കൂടുതൽ വിനാശകരമാവും. പക്ഷേ നമ്മൾ അതിനെക്കുറിച്ച് ഉടനടി ചിന്തിക്കേണ്ടതില്ല.’- എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ തന്റെ ഭാവി നടപടികളെക്കുറിച്ച് വിശദീകരിച്ചിട്ടില്ല.
യു.എസിന്റെ വടക്കു പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനമായ അലാസ്കയിൽവച്ചായിരുന്നു പുടിനും ട്രംപും കൂടിക്കാഴ്ച നടത്തിയത്. 2021ന് ശേഷം (ജോ ബൈഡൻ പ്രസിഡന്റായിരിക്കെ) ആദ്യമായാണ് റഷ്യ – യു എസ് പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തിയത്.
നാലാം വർഷത്തിലേക്ക് കടക്കുന്ന യുക്രെയിനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിന് വ്ളാഡ്മിർ പുടിൻ സമ്മതിച്ചില്ലെങ്കിൽ ‘വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ’ നേരിടേണ്ടിവരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.



