Sunday, December 7, 2025
Homeഅമേരിക്ക"അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ":- "വൈശാലി" (സിനിമ അവലോകനം) ✍ രാഗനാഥൻ വയക്കാട്ടിൽ

“അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങൾ”:- “വൈശാലി” (സിനിമ അവലോകനം) ✍ രാഗനാഥൻ വയക്കാട്ടിൽ

രാഗനാഥൻ വയക്കാട്ടിൽ

പ്രിയരേ ;

അഭ്രപാളികളിലെ നിത്യഹരിത ചിത്രങ്ങളിൽ പ്രിയ മലയാളി മനസ്സ് വായനക്കാർക്ക് വേണ്ടി അവലോകനം നടത്തുന്നത് മുപ്പത്തി ഏഴുവർഷങ്ങൾക്ക് മുമ്പ് പ്രദർശന ശാലകളിൽ എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ‘വൈശാലി’ എന്ന അതി മനോഹര സിനിമയെക്കുറിച്ചാണ്.

ഭരതൻ സംവിധാനസാക്ഷാത്കാരം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഏതാനും മാസം മുമ്പ് വിടവാങ്ങിയ മലയാളികളുടെ അഭിമാനമായിരുന്ന പ്രശസ്ത നോവലിസ്റ്റും സംവിധായകനും ജ്ഞാനപീഠ ജേതാവുമായ ശ്രീ എം ടി വാസുദേവൻ നായരാണ്.

ചന്ദ്രകാന്ത് ഫിലിംസിൻ്റെ ബാനറിൽ അറ്റ്ലസ് രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ് . പ്രദർശനശാലകളിൽ എത്തിച്ചത് വിജയകുമാറിൻ്റെ സെവൻ ആർട്സ് എന്ന വിതരണ കമ്പനിയാണ്. കളക്ഷൻ റെക്കോഡ് ഭേദിച്ച ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത് 1988 ആഗസ്റ്റ് ഇരുപത്തി അഞ്ചിനാണ്.
മഹാഭാരത്തിലെ താളുകളിൽ നിന്നുള്ള ആശയമുൾക്കൊണ്ട് ശക്തമായ തിരക്കഥയാണ് എം ടി വാസുദേവൻ നായർ എഴുതിയത്. അദ്ദേഹത്തിന്റെ തിരക്കഥയുടെ കെട്ടുറപ്പ് പൂർണ്ണമായി പ്രതിഫലിക്കുന്ന ഭരതന്റെ സംവിധാനകലയ്ക്ക് എം.എം കുമാറിൻ്റെ വസ്ത്രാലങ്കാരവും.കൃഷ്ണമൂർത്തി യുടെ കലാസംവിധാനവും മധു അമ്പാട്ടിൻ്റെ ഛായാഗ്രഹണവും ഒത്തുചേർന്നപ്പോൾ പ്രേക്ഷകരെ മറ്റാരു ലോകത്തേക്ക് എത്തിച്ചു.ഒ.എൻ. വി. കുറുപ്പിൻ്റെ അർത്ഥസമ്പുഷ്ടമായ വരികളും ബോംബെ രവിയുടെ തേൻമഴ ചൊരിയുന്ന സംഗീതവും ചിത്രയുടേയും ലതിക, ദിനേശ് എന്നിവരുടെ സ്വരമാധുര്യവം ചിത്രത്തിൻ്റെ സഞ്ചാരത്തിന് കൂടുതൽ മിഴിവ് നൽകി.
‘സംവിധാന സഹായിയായി ”ശ്രീ ജയരാജും ഭരതനോട് തോളോട് തോൾ ചേർന്ന് വൈശാലിയെ വെള്ളിത്തിരയിലെ എന്നെന്നും ഓർക്കാവുന്ന വിസ്മയ ദൃശ്യവിരുന്നാക്കി.സംവിധായകൻ തന്നെ എഡിറ്റിംഗ് നിർവ്വഹിച്ചതിനാൽ കാര്യമായ പാളിച്ചകൾ ഒന്നും ഉണ്ടായില്ല എന്നത് എടുത്തു പറയേണ്ടതാണ്.

വൈശാലിയിലെ പ്രധാന കഥാപാത്രമായ ലോമപാദ രാജാവിൻ്റെ വേഷം ബാബു ആൻ്റണി ഉജ്ജ്വലമാക്കി. ലോമപാദ രാജാവിന് ഘനഗംഭീരമായ ശബ്ദം നൽകിയത് അക്കാലത്ത് സിനിമകളിൽ സജീവമല്ലാതിരുന്ന പ്രൊഫസർ നരേന്ദ്ര പ്രസാദ് ആയിരുന്നു.കൂടാതെ കൃഷ്ണ ചന്ദ്രൻ ,ആനന്ദവല്ലി, ശ്രീജ, വത്സമ്മ, ലിസ്സി എന്നിവരുടെ ശബ്ദ സാന്നിധ്യവും വിവിധ കഥാപാത്രങ്ങൾക്ക് കരുത്തേകി.
. വിഭാണ്ഡക മഹർഷിയായി വി.കെ.ശ്രീരാമനും മകൻ ഋശ്യശൃംഗനായി പുതുമുഖമായ സഞ്ജയും വൈശാലിയുടെ വേഷത്തിൽ പുതുമുഖം തന്നെയായ സുപർണ്ണയും മറക്കാനാവാത്ത കഥാപാത്രങ്ങളായി സഹൃദയ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു. മാത്രമല്ല വർഷങ്ങൾക്കു ശേഷം വെള്ളിത്തിരയ്ക്കു പുറത്തുള്ള ജീവിതത്തിലും അവർ നായികാനായകൻമാരായി. വൈശാലിയുടെ അമ്മ യുടെ വേഷത്തിൽ ഗീതയും ഒട്ടും മോശമായില്ല. കൊട്ടാരത്തിലെ രാജഗുരുവായത് നെടുമുടി വേണുവും രാജഗുരുവിൻ്റെ മകൻ ചന്ദ്രാംഗദനായി അശോകനും .

കഥാസാരം:

ചമ്പാവൂരി രാജ്യം. അതി കഠിനമായ വരൾച്ചയിലാണ്.മഴ പെയ്ത് 12 വർഷം പിന്നിട്ടിരിക്കുന്നു. പക്ഷി മൃഗാദികൾ ചത്തൊടുങ്ങി .ശവശരീരങ്ങൾ കുന്നുകൂടി. കഴുകൻമാർക്ക് നല്ല കാലം.
ചമ്പാവൂരിയിലെ ലോമപാദ രാജാവ് അതീവ ദു:ഖിതനാണ്. കൊട്ടാരത്തിലേക്ക് കഴുതപ്പുറത്ത് ഇതര ദേശത്തുനിന്നും കൊണ്ടുവരുന്ന വെള്ളം പ്രജകൾ തടഞ്ഞു നിറുത്തി തട്ടിയെടുക്കാൻ നോക്കുന്നു. വളരെ ദൂരെയാണ് കൗശകി നദി ഒഴുകുന്നത്. അവിടെ നിന്നും ഒരു കൈവഴി ഉണ്ടാക്കി വെള്ളം കൊണ്ടുപോകാമെന്ന് അവിടത്തെ രാജാവ് പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ആ രാജ്യവുമായി അത്ര സൗഹൃദത്തിലല്ല.

പരിഹാരം തേടി രാജാവ് രാജഗുരുവിനെ തേടി ഗ്രാമത്തിലെത്തി. പിണക്കങ്ങൾ മറന്ന് കൊട്ടാരത്തിലെത്താൻ അഭ്യർത്ഥിച്ചു. യാഗത്തിൻ്റെ മേൽനോട്ടം വഹിക്കാനും മുഖ്യ പുരോഹിതനാകാനും പറഞ്ഞ് രാജാവ് തിരിച്ചു പോയി.
രാജാവ് പോയ ശേഷം രാജഗുരു മകൻ ചന്ദ്രാംഗദനോട് നമ്മൾ കൊട്ടാരത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു എന്ന് പറഞ്ഞു. അച്ഛനും മകനും ഒട്ടും സ്വരച്ചേർച്ചയില്ലെങ്കിലും ഒന്നിച്ച് കൊട്ടാരത്തിലെത്തി.
കൊട്ടാരത്തിൽ യാഗം തുടങ്ങി. പക്ഷേ മഴക്കാറുകൾ വിദൂരതയിൽ പോലുമില്ല:
ഈ സമയം ചന്ദ്രാംഗദൻ ദേവദാസിത്തെരുവിൽ പ്രണയിനി വൈശാലി യെ കാണാനെത്തി. നമുക്ക് മറ്റൊരു രാജ്യത്ത് പോയി വിവാഹിതരായി താമസിക്കാമെന്ന് പറഞ്ഞു. ബ്രാഹ്മണനെ വിവാഹം കഴിച്ച് അച്ഛനെ തൊടാൻ പാടില്ലാത്ത കുഞ്ഞിന് ജന്മം നല്കാനാണോ എന്ന് പറഞ്ഞ് വൈശാലി അതിനെ എതിർത്തു.
ലോമ പാദ രാജാവിൻ്റെ മകൾ ശാന്തയ്ക്ക് ( പാർവ്വതി ജയറാം) താൻ ദത്തുപുത്രിയാണെന്ന കാര്യം അറിയില്ല. രാജ്ഞി വന്ധ്യയായതിനാൽ ദത്ത് എടുത്തതാണ്.ശാന്തയെ ദത്ത് എടുത്ത ശേഷമാണ് ചമ്പാവുരി യുടെ നാശം ആരംഭിച്ചതെന്ന് രാജ്ഞി സദാ സമയവും ഭർത്താവ് ലോമപാദനോട് കുറ്റപ്പെടുത്തും. ദത്ത് തന്ന രാജ്യത്തിന് അഭിവൃദ്ധിയാണ്. അവളുടെ ജന്മദോഷം അറിഞ്ഞു കൊണ്ട് ആ രാജാവ് നാടുകടത്തിയതല്ലേ എന്ന് വീണ്ടും പഴി പറഞ്ഞു.

. രാജ്യത്തിന്നു വേണ്ടി ഏതു കഠിനവ്രതവും ഏറ്റെടുക്കാമെന്ന് മകൾ ശാന്ത അച്ഛൻ ലോമപാദനോട് പറഞ്ഞു.
തൽസമയം രാജഗുരു എത്തി. താൻ ഒരു സ്വപ്നം കണ്ടു എന്ന് അരുളിചെയ്തു. ഒരു മുനികുമാരൻ വന്ന് യാഗം നടത്തിയാൽ മഴ പെയ്യും എന്ന് തൻ്റെ ആത്മീയാചാര്യൻ സ്വപ്നദർശനം നൽകി അറിയിച്ചതായി പറഞ്ഞു.
തൻ്റെ ജ്ഞാനദൃഷ്ടിയിൽ കണ്ട ഋശ്യശൃംഗൻ എന്ന മുനി കുമാരൻ വന്ന് യാഗം നടത്തിയാലേ മംഗളകരമാകൂ എന്ന് അറിയിച്ചു.
കുമാരനെ എത്രയും വേഗം എത്തിക്കാൻ രാജാവ് നിർദ്ദേശിച്ചു.
കഠിന തപസ്വിയായ വിഭാണ്ഡകൻ്റെ മകനാണ് ഋഷ്യശൃംഗനെന്നും അദ്ദേഹത്തിൻ്റെ ആശ്രമത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നും ഗുരു പറഞ്ഞു: എങ്കിൽ സൈന്യത്തെ അയക്കൂ എന്നായി രാജാവ്: അംഗരാജ്യത്തിന് പുതിയ ശാപം ഉണ്ടാക്കി വക്കാൻ തുനിയരുത് എന്ന് രാജഗുരു അഭ്യർത്ഥിച്ചു. തന്ത്രപരമായി സുന്ദരിയായ ഒരു കന്യകയെ അയച്ച് കുമാരനെ ആകർഷിച്ച് എത്തിക്കുന്നതാണ് ഉചിതം എന്ന് ഗുരു പറഞ്ഞു.
നർത്തകിമാരായ സുന്ദരിമാരെ കണ്ടെത്താൻ കൊട്ടാരത്തിൽ മത്സരം സംഘടിപ്പിച്ചു. വലിയ സമ്മാനങ്ങൾ പെരുമ്പറ കൊട്ടി അറിയിച്ചതിനാൽ ധാരാളം കന്യകമാർ എത്തിയെങ്കിലും വൈശാലി യെ.അമ്മ മാലിനി പറഞ്ഞയച്ചില്ല.
ചന്ദ്രാംഗദൻ വൈശാലിയെ കാണാൻ വീണ്ടുമെത്തി.അവർ തമ്മിലുള്ള സംസാരം രാജഗുരു ശ്രവിക്കാനിടയായി. അത് അച്ഛനും മകനും തമ്മിലുള്ള തർക്കത്തിന് ഇടയായി – താൻ വൈശാലിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ചന്ദ്രാംഗദൻ തറപ്പിച്ച് പറഞ്ഞു.
മകൻ ദേവദാസി യുവതിയെ വിവാഹം കഴിച്ച് കൈവിട്ടു പോകുമെന്ന് രാജഗുരുവിന് തോന്നി. അതിനുള്ള ഉപായം വൈശാലിയെ ഒഴിവാക്കാനുള്ള തന്ത്രവുമായി രാജാവിൻ്റെ തിരുമുമ്പിൽ എത്തി.

രാജ്യത്തെ ഏറ്റവും സുന്ദരിയായ കന്യക
ഒരിടത്ത് ഉണ്ട് എന്നും നൃത്ത മത്സരത്തിന് പങ്കെടുത്തില്ല എന്നും ഗുരു പറഞ്ഞു. അവരെ വിളിച്ചു വരുത്താൻ ഏർപ്പാടാക്കി. മാലിനിയും മകളും കൊട്ടാരത്തിൽ ഹാജരായി.
ഋഷ്യശൃംഗനെ കൊണ്ടുവരാൻ വൈശാലി യെ അയക്കണമെന്ന് അപേക്ഷിച്ചു. ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത സമ്മാനങ്ങളും ജീവിത സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് വീണ്ടും രാജാവ് നടത്തിയ
അഭ്യർത്ഥന മാനിച്ച് ഉപാധികൾ ഒന്നുമില്ലാതെ മകളെ അയക്കാം എന്ന് സമ്മതിച്ചു.

അങ്ങനെ കൗശിക രാജ്യത്തേ നദികളാൽ ചുററപ്പെട്ട ദ്വീപിലേക്ക് ഋശ്യശൃംഗനെ ആകർഷിച്ചു കൊണ്ടുവരാനുള്ള വൈശാലിയുടെ യാത്രയയപ്പിൽ രാജാവും സന്നിഹിതനായി. ഒരു പക്ഷേ അവസാന യാത്രയായെങ്കിലോ എന്ന ഉത്കണ്ഠയിൽ തൻ്റെ മകൾ വൈശാലി അങ്ങയുടെ രക്തത്തിൽ ഉണ്ടായതാണ് എന്ന സത്യം മാലിനി ലോമ പാദരാജാവിനെ അറിയിക്കുകയും രാജാവ് അവിശ്വസനീയ വാർത്ത കേട്ട പോലെ നിൽക്കുകയും ചെയ്തു. ആപത്തൊന്നും കൂടാതെ തിരിച്ചെത്തിയാൽ അവൾ തൻ്റെ മകളാണെന്ന സത്യം രാജ്യത്തോട് അറിയിക്കണമെന്ന ഒരു നിബന്ധനയേ തനിയ്ക്കുള്ളൂ എന്ന് മാലിനി അറിയിച്ചു. രാജാവ് മറുപടി പറയും മുമ്പ് രാജഗുരു ഇടയിൽ കയറി പുറപ്പെടാൻ സമയമായി എന്ന് അറിയിച്ചതിനാൽ മറുപടി ലഭിക്കാതെ അമ്മയും മകളും ഹംസരൂപ ചങ്ങാടത്തിൽ കയറി ദൗത്യത്തിനായി പുറപ്പെട്ടു.കാരിരുമ്പിൻ്റെ കരുത്തുള്ള ഭടൻമാർ തുഴയുന്ന ചങ്ങാടം:

ദിനരാത്രങ്ങൾക്ക് ശേഷം യാനം കൗശിക രാജ്യത്തെ തീരത്ത് അടുപ്പിച്ചു.
വിഭാണ്ഡക മഹർഷി ബ്രാഹ്മമുഹൂർത്തത്തിൽ അരണി കടഞ്ഞ് യാഗത്തിനു വേണ്ട തീയുണ്ടാക്കി മകനോട് തുടർന്നുള്ള കർമ്മങ്ങൾ ചെയ്യാൻ ഏൽപ്പിച്ച് തപസ്സു ചെയ്യാൻ മലമുകളിലേക്ക് പോയി.
ആ സമയത്ത് വൈശാലി ദൂരെ നിന്ന് കുയിൽ നാദം പോലെ ശബ്ദമുണ്ടാക്കി.
ആദ്യമായി കേട്ട പുതു ശബ്ദത്തിൽ ആകൃഷ്ടനായി ആശ്രമത്തിനു പുറത്തേക്ക് പോയി പോയി അകലെയെത്തി. തിരിച്ചു വന്ന ഋഷ്യശൃംഗൻ മനോരാജ്യത്തിൽ മുഴുകിയിരുന്നു. തപസ്സു കഴിഞ്ഞു വന്ന പിതാവ് മകൻ ദിനചര്യകൾ തെറ്റിച്ചതിൽ കോപാകുലനായി. ഒരു അശരീരി കേട്ട കാര്യം പറഞ്ഞു. അതിൽ ശ്രദ്ധിക്കരുതെന്നും ഏകാന്തത കൈവിടരുതെന്നും ജാഗ്രത പാലിക്കാനും പറഞ്ഞു.
അടുത്ത ദിവസം ഇതേ ശബ്ദം കേട്ടിടത്തേക്ക് പോയ മുനി കുമാരൻ അധികദൂരം സഞ്ചരിച്ച് തടാകത്തിലെ വെള്ളം കുടിക്കുമ്പോൾ വൈശാലിയുടെ പ്രതിബിംബം ജലത്തിൽ കണ്ടു.
തിരിഞ്ഞു നോക്കിയപ്പോൾ വൈശാലി പറഞ്ഞു: ഞാൻ അടുത്ത രാജ്യത്തിലെ മുനി കുമാരനാണെന്ന്. വൈശാലി ഋശ്യശൃംഗനെ ആലിംഗനം ചെയ്ത് ഇത് തൻ്റെ രാജ്യത്തെ ആചാരരീതിയാണെന്ന് അറിയിച്ചു.
വീണ്ടും പല ദിനങ്ങളിൽ അവർ കണ്ടുമുട്ടി.
താൻ വന്നതിൻ്റെ കാരണവും പറഞ്ഞു.നിർബന്ധമായി കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടു.
ഋഷ്യശൃംഗൻ ശപിക്കാൻ ഒരുങ്ങുമ്പോൾ കാലിൽ വീണ് വൈശാലി മാപ്പിരന്നു.
മനസ്സലിഞ്ഞ ഋഷ്യശൃംഗൻ വൈശാലി യെ പിടിച്ചെഴുന്നേൽപ്പിച്ചു.താൻ യാഗത്തിന് എത്താമെന്ന് സമ്മതിച്ചു.
സന്തോഷ വാർത്ത രാജ്യത്ത് അറിയിക്കാൻ ദൂതുമായി പ്രാവിനെ അയച്ചു. മഹായാഗത്തിനു വേണ്ട തയ്യാറെടുപ്പുകൾ തുടങ്ങി.
ഋശ്യശൃംഗനേയും കൂട്ടി എത്തിയ വൈശാലിയ്ക്കും സംഘത്തിനും രാജകീയ വരവേൽപ്പ് നൽകി.
പെരുമ്പറ മുഴങ്ങി യാഗം തുടങ്ങി .മഴനൂലുകൾ പെയ്തിറങ്ങി: തോരാമഴയായി പേമാരിയായി. മാലിനിക്ക് നൽകിയ വാഗ്ദാനങ്ങൾ ജലരേഖയായി. രാജഗുരുവിൻ്റെ ചതിയിൽ വൈശാലിയും അമ്മയും ഒഴിവാക്കപ്പെട്ടു.ശാന്തയുടെ കൈ പിടിച്ച് ഋശ്യശൃംഗന് കന്യാദാനം നടത്തി.
ആൾക്കൂട്ടത്തിൻ്റെ ചവിട്ടേറ്റ് മാലിനിയും മകൾ വൈശാലിയും രാജ്യത്തിനു വേണ്ടിയുള്ള ത്യാഗത്തിൻ്റെ പരിസമാപ്തിയിൽ ലോകത്തോട് വിട പറയുന്നു.

വൈശാലി സിനിമ കാണാത്തവർ കാണാൻ ശ്രമിക്കുക.
വൈശാലിയുടെ തിരക്കഥാ ബുദ്ധികേന്ദ്രമായ എം ടി വാസുദേവൻ നായർക്കും വൈശാലിയെ മനോഹര അഭ്രകാവ്യമാക്കിയ ഭരതനും നിർമ്മാതാവ് രാമചന്ദ്രനും രാജഗുരുവായ നെടുമുടി വേണുവിനും ഗാനരചയിതാവ് ഒ.എൻ വി കുറുപ്പിനും സംഗീത സംവിധായകൻ ബോംബേ രവിയ്ക്കും വിട പറഞ്ഞ മറ്റു കലാപ്രതിഭകൾക്കും പ്രണാമം’

രാഗനാഥൻ വയക്കാട്ടിൽ✍

 

RELATED ARTICLES

1 COMMENT

Leave a Reply to Saji. T Cancel reply

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com