ബെംഗളൂരുവില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തതിന് ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. ബെംഗളൂരു കോറമംഗല എൽആർ നഗറിൽ താമസിക്കുന്ന വിക്രം (30) ആണ് അറസ്റ്റിലായത്. പ്രതിയെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതിന് ശേഷമാണ് പൊലീസിന് കൈമാറിയത്. ഇയാള്‍ തൊഴില്‍ രഹിതനാണ്.
പൊലീസ് പറയുന്നതനുസരിച്ച്, നവംബർ 10 ന് ആണ് കേസിനാസ്പദമായ സംഭവം. 21 വയസ്സുള്ള പെൺകുട്ടിയെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി പീഡനത്തിനിരയാക്കിയത്.
പെണ്‍കുട്ടിയുടെ അമ്മ ഒരു ചടങ്ങിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരികെ മടങ്ങിയെത്തിയപ്പോൾ, വിവസ്ത്രയായി കിടക്കുന്ന മകളെയാണ് കണ്ടത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വീടിൻ്റെ വാതലിന് പിന്നില്‍ ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടെത്തി. പ്രതിയായ വിക്രം, ഓടിപ്പോകാൻ ശ്രമിച്ചെങ്കിലും പ്രദേശത്തുണ്ടായിരുന്ന മറ്റുള്ളവർ അയാളെ പിടികൂടി മര്‍ദ്ദനത്തിനിരയാക്കിയ ശേഷം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പ്രതിയെ വിവിധ വകുപ്പുകൾ ചുമത്തി അഡുഗോഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് പറഞ്ഞു.



