കോവിഡ്: പ്രതിരോധ നടപടികൾ ശക്തമാക്കി സൗദി

റിപ്പോർട്ട്: സന്തോഷ് ശ്രീധർ, സൗദി

ദമ്മാം: കോവിഡ് വ്യാപന തോത് വർദ്ധിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികൾ ശക്തമാക്കി സൗദി ഗ്രാമ വികസന മന്ത്രാലയം.

നഗര, മുനിസിപ്പൽ, ഗ്രാമ പ്രദേശങ്ങളിൽ എല്ലാം നിയമം ശക്തമായി നടപ്പാക്കാൻ നിർദ്ദേശം കൊടുത്തതായി മുനിസിപ്പൽ ഗ്രാമ പാർപ്പിട കാര്യ മന്ത്രി മാജിദ് അൽ ഉഖൈർ വ്യക്തമാക്കി.

മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിയമം ശക്തമാക്കും.
വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ മാസ്ക്ക് ധരിക്കാതെയും കൈയ്യുറ ധരിക്കാതെയും വന്നാൽ അതിന് ഉത്തരവാദി സ്ഥാപനം ആയിരിക്കുമെന്നും ആ സ്ഥാപനത്തിന് മേൽ നിയമ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സി. സി. ടി. വി. സ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തവക്കലനാ ആപ്പ് അപ്പ്‌ ലോഡ് ചെയ്തവരുടെ മൊബൈൽ പരിശോധിച്ച് കോവിഡ് ഇല്ല എന്ന് ഉറപ്പ് വരുത്തണം എന്നും അത്തരക്കാരെ മാത്രമേ വ്യാപാര സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കാവൂ എന്ന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ലേബർ ക്യാമ്പുകൾ സന്ദർശിച്ച് കൂടുതൽ ആളുകൾ ഒന്നിച്ച് പാർക്കുന്നത് വിലക്കാനും മുറികളിൽ വസിക്കുന്നവരുടെ എണ്ണം നിജപ്പെടുത്താനും വേണ്ട നടപടികൾ കൈക്കൊള്ളാൻ മുനിസിപ്പൽ ഗ്രാമ ഭരണ കൂടങ്ങൾക്ക് കർശന നിർദ്ദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾക്ക് യൂണിഫോം കർശനമാക്കാനും മാസ്ക്കും കൈയ്യുറയും ധരിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്തണമെന്നും മാലിന്യം നീക്കം ചെയ്തതിന് ശേഷം ബാസ്ക്കെറ്റുകൾ അണുവിമുക്തമാക്കണം എന്നും ഗ്രാമ വികസന മന്ത്രി പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.